Latest News

നിലയ്‌ക്കുന്നതു രണ്ടു വര്‍ഷത്തെ സിനിമകള്‍; വെട്ടിലാകുന്നതു നിര്‍മാതാക്കള്‍ , ദിലീപ്‌ ചെയ്‌തു തീര്‍ക്കാനുള്ള സിനിമകളുടെ പട്ടികയില്‍ "ഞാനാരാ മോന്‍"

2017-07-11 01:49:59am |

കൊച്ചി: ഫോണ്‍ വിളികളുടെ ചുവടുപിടിച്ച്‌ പോലീസ്‌ നടത്തിയ രഹസ്യനീക്കങ്ങള്‍ ദിലീപിന്റെ അറസ്‌റ്റിലേക്കെത്തുമ്പോള്‍ നിലച്ചുപോകുന്നത്‌ വെള്ളിത്തിരയില്‍ എത്തിയിട്ടില്ലാത്ത ഒരുപിടി ചിത്രങ്ങള്‍. 21-ന്‌ റിലീസ്‌ ചെയ്യേണ്ടിയിരുന്ന "രാമലീല" ഉള്‍പ്പെടെയുള്ള സിനിമകളുടെ ഭാവിയാണ്‌ അനിശ്‌ചിതത്വത്തിലാകുന്നത്‌. ദിലീപിന്റെ പരാതിയിന്മേലല്ല, നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയിലാണ്‌ അന്വേഷണം ഊന്നുന്നതെന്ന്‌ പോലീസ്‌ വ്യക്‌തമാക്കിയപ്പോള്‍ത്തന്നെ സിനിമാലോകത്തിന്‌ വരാനിരിക്കുന്നതിന്റെ സൂചന ലഭിച്ചിരുന്നു.

ഈ മാസം ആദ്യം റിലീസ്‌ ചെയ്ാനയിരുന്നതാണ്‌ രാമലീല. ഇതിന്റെ ചിത്രീകരണം നടക്കുന്നതിനിടയിലാണ്‌ നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ദിലീപ്‌ സംശയനിഴലിലാകുന്നത്‌. കേസിന്റെ കാര്യങ്ങള്‍ക്കായി ദിലീപ്‌ പോകുകയും പല വട്ടം ഷൂട്ടിങ്ങ്‌ നിര്‍ത്തുകയും ചെയ്‌തതോടെ നിര്‍മാണം ഇഴഞ്ഞു. പോസ്‌റ്റ്‌ പ്ര?ഡക്‌ഷന്‍ ജോലി നടക്കുമ്പോള്‍ നടന്‍ കേസിന്റെ നൂലാമാലകളില്‍പ്പെട്ട്‌ വലഞ്ഞു. ഇതിനിടെ നേരത്തേ ഏറ്റിരുന്ന പരിപാടിക്കായി ദിലീപ്‌ ഭാര്യ കാവ്യാ മാധവനോടൊപ്പം അമേരിക്കയില്‍ പോയി. ദിലീപ്‌ പോലീസിനു നല്‍കിയിരുന്ന പരാതി ഇക്കാലയളവില്‍ പരിഗണിക്കപ്പെടാതെ കിടന്നു. നാദിര്‍ഷയെയും ദിലീപിനെയും ചോദ്യം ചെയ്യുന്ന ഘട്ടമെത്തിയപ്പോഴാണ്‌ കേസ്‌ വീണ്ടും ചൂടുപിടിച്ചത്‌. 13 മണിക്കൂര്‍ നീണ്ട മൊഴിയെടുക്കല്‍ അപൂര്‍വസംഭവമായി. അന്നു ലഭിച്ച സൂചനകളുടെ അടിസ്‌ഥാനത്തില്‍ പോലീസ്‌ മുന്നോട്ടുപോകുമ്പോള്‍ വാര്‍ത്താമാധ്യമങ്ങളില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ദിലീപ്‌ ശ്രമിച്ചുകൊണ്ടിരുന്നു.

താരങ്ങളുടെ സംഘടനയുടെ മൊത്തം പിന്തുണ തനിക്കാണെന്നു തെളിയിക്കാനും നടനു കഴിഞ്ഞു. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള വിവിധ സിനിമകളുടെ കരാറില്‍ നേരത്തേ തന്നെ ഏര്‍പ്പെട്ടിട്ടുള്ള ദിലീപ്‌ അഡ്വാന്‍സ്‌ വാങ്ങിയ ചിത്രങ്ങളുടെ ഭാവി എന്തെന്നു കണ്ടറിയണം. പ്രശസ്‌ത ക്യാമറമാന്‍ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന "പ്ര?ഫസര്‍ ഡിങ്കന്‍" എന്ന ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ ദിലീപ്‌ പൂര്‍ത്തിയാക്കിയിരുന്നു. ബാക്കി ഭാഗങ്ങള്‍ വിദേശത്തു ചിത്രീകരിക്കേണ്ടതാണ്‌.
പ്രയാഗ മാര്‍ട്ടിന്‍ നായികയായ "രാമലീല" ദിലീപിന്‌ വന്‍ പ്രതീക്ഷയുള്ള ചിത്രമാണ്‌. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാഷ്‌ട്രീയ ത്രില്ലര്‍ ചിത്രമാണിത്‌.

"കമ്മാരസംഭവം" ആണ്‌ ദിലീപ്‌ തുടങ്ങിവച്ച മറ്റൊരു ചിത്രം. സൂപ്പര്‍ഹിറ്റ്‌ ചിത്രമായ "ഈ പറക്കും തളിക"യുടെ രണ്ടാംഭാഗം, "വാളയാര്‍ പരമശിവം", "സദ്ദാം ശിവന്‍", "ഞാനാരാ മോന്‍" തുടങ്ങിയ ചിത്രങ്ങള്‍ ചെയ്‌തുതീര്‍ക്കേണ്ടതുണ്ട്‌. അക്കു അക്‌ബര്‍ സംവിധാനം ചെയ്യുന്ന "ഇതോ വലിയ കാര്യം" എന്ന ചിത്രം കാവ്യാ മാധവനോടൊപ്പം അഭിനയിക്കാനുള്ള ചര്‍ച്ചകളും സജീവമാകുന്നതിനിടെയാണ്‌ അറസ്‌റ്റ്‌. ദിലീപ്‌ സിനിമകളെ മുന്നില്‍ക്കണ്ട്‌ നിര്‍മാണത്തിനിറങ്ങിയ ഒരുപിടി നിര്‍മ്മാതാക്കളും ആദ്യ സംരംഭത്തില്‍ ദിലീപിനെ നായകനാക്കാന്‍ ലക്ഷ്യമിട്ട പുതു സംവിധായകരും ഈ അറസ്‌റ്റോടെ വെട്ടിലായി. കോടികളുടെ നഷ്‌ടമാണ്‌ മലയാള സിനിമാ മേഖലയ്‌ക്ക്‌ ഈ അറസ്‌റ്റോടെ സംഭവിക്കുന്നത്‌.