Latest News

മഞ്ജു വാര്യരുടെ സഹോദരീ സ്‌നേഹത്തെ കാവ്യ മുതലെടുത്തു, ലിബര്‍ട്ടി ബഷീര്‍! രഹസ്യ നമ്പർ വഴിത്തിരിവായി

2017-07-12 01:31:45am |

കൊച്ചി: നടന്‍ മമ്മൂട്ടി ഇടപെട്ടില്ലെങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലാകുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെന്ന് നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍. നടി ആക്രമിക്കപ്പെട്ട സംഭവമുണ്ടായപ്പോള്‍ തന്നെ താന്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ദിലീപിന് അര്‍ഹിക്കുന്നത് തന്നെയാണ് ലഭിച്ചതെന്നും ലിബര്‍ട്ടി ബഷീര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ സംഘടനകളിലും ദിലീപിന് അംഗത്വമുണ്ടായിരുന്നു. അംഗമായ സംഘടനകളിലെല്ലാം ഏകാധിപത്യ നിലപാടാണ് ദിലീപ് സ്വീകരിക്കുന്നത്. നടി മഞ്ജു വാര്യര്‍ക്കുള്ള സഹോദരീ സ്‌നേഹത്തെ കാവ്യ മുതലെടുക്കുകയായിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

അറസ്റ്റിലേക്കു വഴിതെളിച്ചതു ദിലീപിന്റെ രഹസ്യ ഫോൺ നമ്പർ. മുഖ്യപ്രതി സുനി പിടിയിലായപ്പോൾതന്നെ ഗൂഢാലോചനയെക്കുറിച്ചു പൊലീസിന് സിനിമാ രംഗത്തെ ചിലർ നിർണായക വിവരങ്ങൾ കൈമാറിയിരുന്നു. എന്നാൽ മറ്റാരുടെയും പേര് സുനി വെളിപ്പെടുത്തിയില്ല. അതിനിടെയാണു ബ്ളാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുന്നെന്ന് ദിലീപിന്റെ പരാതി ലോക്നാഥ് ബെഹ്റയ്ക്കു ലഭിക്കുന്നത്. തുടർന്ന് ജയിലിലെ സുനിയുടെ നീക്കങ്ങൾ നിരീക്ഷിച്ചു തുടങ്ങി. ദിലീപിന്റെ ചലനങ്ങളും ശ്രദ്ധിച്ചു.

ദിലീപ് നൽകിയ സ്വന്തം നമ്പറിൽ നിന്നും ഭാര്യ കാവ്യാ മാധവന്റെയും സഹോദരന്റെയും സഹായി അപ്പുണ്ണിയുടെയും നമ്പറുകളിൽ നിന്നുമുള്ള ഫോൺ വിളിയുടെ വിശദാംശം പരിശോധിച്ചു. അപ്പോഴാണു ദിലീപ് സ്വകാര്യ ആവശ്യങ്ങൾക്കായി ഒരു രഹസ്യ നമ്പർ ഉപയോഗിക്കുന്നതായി മനസ്സിലായത്.  അതിലേക്കു വന്നതും പോയതുമായ എല്ലാ വിളിയും പൊലീസും കേട്ടു. സിനിമയുമായോ കുടുംബവുമായോ ഒരു ബന്ധവുമില്ലാത്ത ചില നമ്പറുകളിലേക്കായിരുന്നു കൂടുതൽ വിളിയും. അങ്ങനെ ദിലീപ് വിളിച്ച ചിലരെ രഹസ്യമായി ചോദ്യം ചെയ്തതോടെ  നിർണായക വിവരങ്ങൾ ലഭിച്ചു. 

നടിയെ ഉപദ്രവിച്ച കേസിലെ ക്വട്ടേഷൻ തുക എത്രയുംവേഗം നൽകണമെന്നാവശ്യപ്പെട്ട് സുനി ദിലീപിനെഴുതിയ കത്ത് പുറത്തേക്കു കൈമാറുന്നത് ചേർത്തല മജിസ്ട്രേട്ട് കോടതിയിൽവച്ച്. 2017 ഏപ്രിൽ 18നു മറ്റൊരു കേസിൽ സുനിയെ ചേർത്തല കോടതിയിൽ എത്തിച്ചപ്പോൾ നേരത്തേ ജാമ്യത്തിൽ ഇറങ്ങിയ സഹതടവുകാരൻ വിഷ്ണുവും അവിടെ എത്തിയിരുന്നു. കത്തു കൈപ്പറ്റിയ വിഷ്ണു അതു ദിലീപിനു കൈമാറാനായി മാനേജർ അപ്പുണ്ണിയെ വിളിച്ചു. എന്നാൽ കത്ത് കൈമാറാൻ കഴിഞ്ഞില്ല. തുടർന്ന് കത്തിന്റെ ഫോട്ടോ പകർത്തിയ വിഷ്ണു അത് അപ്പുണ്ണിക്കു വാട്സാപ് ചെയ്തു.

ഇതേത്തുടർന്നു ദിലീപ് നിർദേശിച്ചതനുസരിച്ച് അപ്പുണ്ണി ഏലൂർ ടാക്സി സ്റ്റാൻഡിനു സമീപം വിഷ്ണുവിനെ നേരിൽ കണ്ടു സംസാരിച്ചു. ക്വട്ടേഷൻ തുക അ‍ഞ്ചു മാസംകൊണ്ടു നൽകിയാൽ മതിയെന്നു കത്തിൽ പറഞ്ഞിരുന്നു. എന്നാൽ തുക രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ ഈ കത്തിനെപ്പറ്റി 20 ദിവസത്തിനു ശേഷം ദിലീപ് ഡിജിപിക്കും പരാതി നൽകിയപ്പോൾ രണ്ടു കോടി രൂപ സുനി ആവശ്യപ്പെട്ടതായി കുറ്റപ്പെടുത്തിയിരുന്നു. കത്തിൽ പറയാത്ത ഈ തുക എന്തുകൊണ്ട് ദിലീപ് പരാതിയിൽ രേഖപ്പെടുത്തി എന്ന ചോദ്യത്തിനു മുന്നിൽ ദിലീപ് പതറി. തുക സംബന്ധിച്ച് ഇവർ തമ്മിൽ നേരത്തേ പറഞ്ഞുറപ്പിച്ചിരുന്നു എന്ന നിഗമനത്തിലേക്കു പൊലീസ് എത്തിയത് അങ്ങനെയാണ്.

ക്വട്ടേഷൻ തുക എത്രയും വേഗം കൈമാറണമെന്നാവശ്യപ്പെട്ടു മുഖ്യപ്രതി പൾസർ സുനി സഹതടവുകാരൻവശം ദിലീപിനു കൊടുത്തയച്ച കത്തിന്റെ മുകളിൽ രേഖപ്പെടുത്തിയിരുന്ന ‘നമ്പർ 5225’ സംഭവത്തിന്റെ ഗൂഢാലോചന ദിലീപിനെ ഓർമപ്പെടുത്താൻ. തൃശൂരിൽ‌വച്ചു ദിലീപിന്റെ 5445 നമ്പർ ബിഎംഡബ്ല്യു കാറിൽ ഇവർ നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടത്തിയിരുന്നു. ഇക്കാര്യം പരോക്ഷമായി ധ്വനിപ്പിക്കാനാണ് ദിലീപിന് അയച്ച കത്തിന്റെ മുകളിൽ വണ്ടിനമ്പരിനോടു സാമ്യമുള്ള നമ്പർ കുറിച്ചതെന്നു സുനി മൊഴി നൽകിയിരുന്നു.

ദിലീപ് ആവശ്യപ്പെട്ടതനുസരിച്ച് ഒരു വർഷം മുൻപു സുനി ബൈക്കിൽ തൃശൂരിലെ ജോയ്സ് പാലസ് ഹോട്ടലിൽ എത്തിയിരുന്നു. അന്ന് അവിടത്തെ സന്ദർശക ഡയറിയിൽ സുനി പേരെഴുതി ഒപ്പിട്ടു. ഹോട്ടലിലെ പാർക്കിങ്ങിൽ കിടന്ന 5445 നമ്പർ ബിഎംഡബ്ല്യു കാറിന്റെ മുൻസീറ്റിൽ ദിലീപ് ഇരിക്കുന്നുണ്ടായിരുന്നു. അന്നു കാറിൽ കയറിയ സുനി നടിയുടെ നഗ്നദൃശ്യങ്ങൾ പകർത്താനുള്ള ക്വട്ടേഷന്റെ അഡ്വാൻസ് തുകയായി 10,000 രൂപ ആവശ്യപ്പെട്ടു. ആയിരത്തിന്റെ 10 നോട്ടുകൾ ദിലീപ് നൽകി. ഇതേ ദിവസം സുനിയും അപ്പുണ്ണിയും ഫോണിൽ നാലു തവണ വിളിച്ചു സംസാരിച്ചതിന്റെ രേഖകളും പൊലീസ് കണ്ടെത്തി.