Latest News

തെളിവെടുപ്പ് "ജോര്‍ജേ്ജട്ടന്‍സ് പൂര" ത്തില്‍ തുടങ്ങി, ഇനി സൗണ്ടു തോമയിലേക്ക് ; ഗൂഢാലോചനയില്‍ ദിലീപിന്റെ മറുപടി തലയാട്ടലിലൂടെ

2017-07-13 02:47:05am |

കൊച്ചി: ആരാധകരുടെ കൂക്കിവിളികള്‍ക്കും പരിഹാസ കമന്റുകള്‍ക്കും ഇടയില്‍ നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ഗൂഡാലോചനയ്ക്ക് പിടിയിലായ ദിലീപുമായുള്ള തെളിവെടുപ്പ് അന്വേഷണസംഘം തുടങ്ങി. ഇന്നലെ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയ താരത്തെയും കൊണ്ട് പുറപ്പുഴ ശാന്തിഗിരി കോളജിനു സമീപം ''ജോര്‍ജേട്ടന്‍സ് പൂരം'' സിനിമയുടെ ഒരു ദിവസത്തെ ചിത്രീകരണം നടന്ന ലൊക്കേഷനിലായിരുന്നു തെളിവെടുപ്പിന്റെ തുടക്കം. കസ്റ്റഡിയില്‍ വിട്ടുകിട്ടിയ ദിലീപിനേയുംകൊണ്ട് അന്വേഷണ സംഘം തൊടുപുഴ ശാന്തിഗിരി കോളജ്, തോപ്പുംപടി സിഫ്റ്റ് ജങ്ഷന്‍, എന്നിവിടങ്ങളില്‍ ബുധനാഴ്ച തെളിവെടുത്തു.

െവെദ്യപരിശോധനയ്ക്കു ശേഷമാണ് പോലീസ് ദിലീപുമായി തൊടുപുഴയിലേക്കു തിരിച്ചത്. കോളജ് വളപ്പിലുള്ള ചാപ്പലിനു സമീപമുള്ള മുറിയില്‍ വച്ച് 2016 നവംബര്‍ 14-ന് ദിലീപും ഒന്നാം പ്രതി സുനില്‍ കുമാറും (പള്‍സര്‍ സുനി) തമ്മില്‍ കണ്ടിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്. കസ്റ്റഡിയില്‍ ലഭിച്ചശേഷം ദിലീപ് അന്വേഷണസംഘവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ട്. ഇന്ന് തൃശൂരില്‍ തെളിവെടുപ്പിനായി കൊണ്ടുപോകും. അതിനുശേഷവും ദിലീപിനെ വിശദമായി ചോദ്യം ചെയ്യുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. സുനിയുമായി നടത്തിയ ഗൂഢാലോചനയുമായി ബന്ധപ്പെട്ട മിക്കവാറും ചോദ്യങ്ങള്‍ക്കും തലയാട്ടലിലൂടെയാണു ദിലീപ് മറുപടി നല്‍കിയത്. സമ്മതഭാവത്തിലായിരുന്നു ഇതില്‍ പലതുമെന്ന് പോലീസ് പിന്നീടു പറഞ്ഞു.

2013 മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ ഏഴു വരെ അബാദ് പ്ലാസ ഹോട്ടലിലെ 410-ാം നമ്പര്‍ മുറിയില്‍ ദിലീപും സുനിയും പലതവണ കണ്ട് കുറ്റകൃത്യത്തിനുള്ള ഗൂഢാലോചനയ്ക്കു തുടക്കമിട്ടെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. ഹോട്ടലിനു മുന്നിലും ജനക്കൂട്ടം ദിലീപിനു നേരേ കൂവിയാര്‍ത്തു. 2016 നവംബര്‍ എട്ടിന് എറണാകുളം തോപ്പുംപടി പാലത്തിനു സമീപം വെല്ലിങ്ടണ്‍ ഐലന്‍ഡിലെ സിഫ്റ്റ് ജങ്ഷനിലായിരുന്നു ഇവരുടെ കൂടിക്കാഴ്ചയെന്നാണു വിവരം.''ജോര്‍ജേട്ടന്‍സ് പൂരം'' ചിത്രീകരണവേളയില്‍ 2016 നവംബര്‍ 13-ന് തൃശൂര്‍ ടെന്നീസ് ക്ലബില്‍ നിര്‍ത്തിയിട്ട കാരവന്‍ വാഹനത്തിന്റെ മറവില്‍ ദിലീപും സുനിയും സംസാരിക്കുന്നതു കണ്ടെന്നും സാക്ഷിമൊഴിയുണ്ട്.

കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി മൂന്നു ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടത്. പ്രതിയെ ഗൂഢാലോചന നടന്ന സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്നും നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊെബെല്‍ ഫോണും അതിന്റെ മെമ്മറി കാര്‍ഡും കണ്ടെടുക്കണമെന്നും പോലീസ് ചൂണ്ടിക്കാട്ടി. ഗൂഢാലോചന നടത്തിയ ബി.എം.ഡബ്ല്യു. കാര്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മെമ്മറി കാര്‍ഡില്‍ നിന്നു വിവരങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ എന്നും ഗൂഢാലോചനയില്‍ മറ്റാര്‍ക്കെങ്കിലും പങ്കാളിത്തമുണ്ടോ എന്നും അറിയാനായി കസ്റ്റഡിയില്‍ വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും അപേക്ഷയില്‍ വ്യക്തമാക്കി. സി.ഐ. െബെജു കെ. പൗലോസാണ് കസ്റ്റഡി അപേക്ഷ നല്‍കിയത്.

ഗൂഢാലോചന തെളിയിക്കാന്‍ പോലീസ് സാങ്കേതികവിദഗ്ധരുടെ സഹായവും തേടുന്നു. രാജ്യത്തെ ടെലികോം, ഐടി രംഗത്തെ ചില വിദഗ്ധരെ ചര്‍ച്ചയ്ക്കായി ലോക്‌നാഥ് ബെഹ്‌റ ക്ഷണിച്ചു. അവര്‍ ഇന്നു തലസ്ഥാനത്ത് അന്വേഷണ സംഘത്തിലെ ഉന്നതരുമായും ഡി.ജി.പിയുമായും ചര്‍ച്ച നടത്തിയേക്കും. സുനി അഭിഭാഷകനു െകെമാറിയ മൊെബെല്‍ ഫോണില്‍നിന്നു പോലീസ് െസെബര്‍ വിഭാഗം കണ്ടെത്തിയ ചിത്രങ്ങളും വീഡിയോയും വിദഗ്ധരെ കാണിച്ചു വ്യക്തത വരുത്തും.

യുവനടിയെ ഉപദ്രവിച്ച സംഭവത്തിലെ തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. മുഖ്യപ്രതി സുനില്‍ കുമാറിന്റെ മൊഴികളുടെ അടിസ്ഥാനത്തില്‍ പ്രതീഷിനെ ഒരു തവണ പോലീസ് ചോദ്യംചെയ്തു വിട്ടയച്ചിരുന്നു. ഗൂഢാലോചന കുറ്റത്തിനു ദിലീപ് അറസ്റ്റിലായ സാഹചര്യത്തില്‍ അന്വേഷണ സംഘത്തിനു ലഭിച്ച കൂടുതല്‍ തെളിവുകളുടെ വെളിച്ചത്തിലാണ് അഭിഭാഷകനെ വീണ്ടും ചോദ്യം ചെയ്യുന്നത്.