മണിയുമായി ചേര്‍ന്ന് ഡിഎം സിനിമാസ്! ആധാരം കഴിഞ്ഞപ്പോള്‍ ദിലീപിന് സ്വന്തം; ബന്ധുവിന് സിനിമാ വോഷത്തിന് മന്ത്രിയുടെ പ്രത്യുപകാരം

2017-07-15 02:02:05am |

കൊച്ചി ∙ ദിലീപിന്റെ ഉടമസ്ഥതയിൽ ചാലക്കുടിയിലുള്ള ഡി–സിനിമാസ് തിയറ്റർ സമുച്ചയത്തിൽ കലാഭവൻ മണിക്കും നിക്ഷേപമുണ്ടായിരുന്നതായി സൂചന. എന്നാൽ സമുച്ചയം ഉദ്ഘാടനം ചെയ്തതിനു ശേഷം ഉടമസ്ഥത സംബന്ധിച്ച് ഇവർക്കിടെ അഭിപ്രായ ഭിന്നതയുണ്ടായതായി മണിയുടെ അസ്വാഭാവിക മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന സിബിഐയ്ക്കു രഹസ്യവിവരം ലഭിച്ചു. 

ഈ സ്ഥലം ദിലീപിനു പരിചയപ്പെടുത്തിയതും ഇടപാടിന് അഡ്വാൻസ് തുക നൽകിയതും കലാഭവൻ മണിയാണെന്നാണ് അന്വേഷണ സംഘത്തിനു ലഭിക്കുന്ന സൂചന. സംരംഭത്തിന്റെ പേരു ‘ഡിഎം സിനിമാസ്’ എന്നായിരിക്കുമെന്നു കലാഭവൻ മണി അടുത്ത സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. 

സംയുക്ത സംരംഭം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ആരംഭിക്കാനായിരുന്നു ദിലീപിന്റെ പദ്ധതി. എന്നാൽ മണിയുടെ നിർബന്ധപ്രകാരമാണു ചാലക്കുടിയിൽ സ്ഥലം കണ്ടെത്തിയത്. ഒരു പ്രതിപക്ഷ ജനപ്രതിനിധിക്കും തിയറ്റർ സമുച്ചയത്തിൽ ബെനാമി നിക്ഷേപമുള്ളതായി ആരോപണം ഉയരുന്നുണ്ട്.

ഡി– സിനിമാസ് നിർമിച്ച സ്ഥലം സർക്കാർ ഭൂമി വ്യാജ ആധാരങ്ങൾ ചമച്ചു കൈവശപ്പെടുത്തിയെന്ന പരാതിയും ഉയർന്നിരുന്നു. സംസ്ഥാന രൂപീകരണത്തിനു മുൻപ് തിരുക്കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിർമിക്കാൻ കൈമാറിയ ഒരേക്കർ സ്ഥലം 2005ൽ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണു പരാതി. 

ഈ ഭൂമിയിൽ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കും ഉൾപ്പെടുന്നതായുള്ള റവന്യു റിപ്പോർട്ട് മുക്കിയെന്നും ആക്ഷേപമുയർന്നിരുന്നു.എന്നാൽ ഈ ഭൂമി നേരിട്ടു ദിലീപിന്റെ കൈവശം വന്നതല്ല. സ്ഥലം വിഭജിച്ച് എട്ടു പേരുകളിൽ ആധാരം ചെയ്ത ശേഷം ഒരുമിച്ചു ദിലീപ് വാങ്ങുകയായിരുന്നു. ഭൂമി പോക്കുവരവു ചെയ്യാൻ റവന്യൂ രേഖകളിൽ ക്രമക്കേടു നടന്നതായും സംശയിക്കുന്നു. പുനഃരന്വേഷണത്തിനു ലാൻഡ് റവന്യു കമ്മിഷണർ 2015ൽ പുറപ്പെടുവിച്ച ഉത്തരവും ഭരണസ്വാധീനം ഉപയോഗിച്ചു മരവിപ്പിച്ചതായാണ് ആരോപണം.

ഡി– സിനിമാസ് നിർമിക്കാൻ ദിലീപ് ചാലക്കുടിയിലെ ഒരേക്കർ സർക്കാർ ഭൂമി വ്യാജ ആധാരങ്ങൾ ചമച്ചു കൈവശപ്പെടുത്തിയെന്ന പരാതിയിൽ നടപടി തുടങ്ങിയ ജില്ലാ ഭരണകൂടത്തെ തടഞ്ഞത് ഒരു മന്ത്രിയെന്ന് ആക്ഷേപം. പ്രത്യുപകാരമായി മന്ത്രിയുടെ അടുത്ത ബന്ധുവിനു സിനിമയിൽ അഭിനയിക്കാൻ അവസരം നൽകിയ ദിലീപ് ഉയർന്ന പ്രതിഫലവും വാഗ്ദാനം ചെയ്തെന്നാണു സൂചന.

ആരോപണത്തിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയ ഹൈക്കോടതി, ലാൻഡ് റവന്യു കമ്മിഷണറോട് അന്വേഷിക്കാൻ ഉത്തരവിട്ടിരുന്നു. കമ്മിഷണറുടെ നിർദേശപ്രകാരം അന്വേഷണം നടത്തിയ തൃശൂർ കലക്ടർ എതിർകക്ഷിയായ ദിലീപിന് അനുകൂലമായ റിപ്പോർട്ടാണു നൽകിയത്. 

സർക്കാർ പുറമ്പോക്കില്ലെന്ന സത്യവാങ്മൂലവും കലക്ടർ സമർപ്പിച്ചു. സംസ്ഥാനത്തെ പ്രബല രാഷ്ട്രീയ പാർട്ടിയുടെ നേതാവായ ഇന്നത്തെ മന്ത്രിയുടെ സ്വാധീനത്തെ തുടർന്നാണു കലക്ടർ അനുകൂല റിപ്പോർട്ടു നൽകിയതെന്നാണു വിവരം.