Latest News

ദിലീപ്‌ സുഹൃത്ത്‌; പണം, റിയല്‍ എസ്‌റ്റേറ്റ്‌ ഇടപാടില്ല: അന്‍വര്‍ സാദത്ത്‌ തുറന്നു പറയുന്നു

2017-07-15 03:04:58am |

കൊച്ചി: യുവനടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനക്കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപ്‌ അടുത്ത സുഹൃത്താണെന്ന്‌ ആലുവ എം.എല്‍.എ. അന്‍വര്‍ സാദത്ത്‌. നടി ആക്രമണത്തിനിരയായതിന്റെ തൊട്ടടുത്ത ദിവസവും തുടര്‍ന്നും ദിലീപുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും എം.എല്‍.എ. വ്യക്‌തമാക്കി. ഈ കേസില്‍ തന്നെ പോലീസ്‌ ചോദ്യംചെയ്ുയമെന്ന അഭ്യൂഹം ശക്‌തിപ്പെട്ട സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശസന്ദര്‍ശനം കഴിഞ്ഞ്‌ ഇന്നലെയാണ്‌ അന്‍വര്‍ സാദത്ത്‌ തിരിച്ചെത്തിയത്‌.

ഈ കേസില്‍ സഹായം ചോദിച്ചിട്ടില്ലെന്നും തനിക്കു സഹായിക്കാനുള്ള പരിമിതി ദിലീപിനറിയാമെന്നും അദ്ദേഹം പറഞ്ഞു. "കേസുമായി ബന്ധപ്പെട്ടു ദിലീപിന്റെ പേര്‌ മാധ്യമങ്ങളിലും മറ്റും ഉയര്‍ന്നുവന്നപ്പോഴെല്ലാം ഫോണില്‍ കാര്യങ്ങള്‍ തിരക്കിയിട്ടുണ്ട്‌. അപ്പോഴെല്ലാം കേസില്‍ തനിക്കു യാതൊരു ബന്ധവുമില്ലെന്നും പള്‍സര്‍ സുനിയെ മുന്‍ പരിചയമില്ലെന്നുമാണു മറുപടി ലഭിച്ചത്‌. വിദേശയാത്രയ്‌ക്കു പോകുന്ന ദിവസം ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ വീടിനു സമീപത്തെ ക്ഷേത്രം ചൂണ്ടിക്കാട്ടി "തേവരാണെ സത്യം" ഞാന്‍ ചെയ്‌തിട്ടില്ലെന്നാണു ദിലീപ്‌ പറഞ്ഞത്‌.

വര്‍ഷങ്ങളായി ദിലീപുമായി ബന്ധമുണ്ട്‌. നാട്ടുകാരും സുഹൃത്തുമാണെന്ന്‌ എല്ലാവര്‍ക്കുമറിയാം. നല്ല ബന്ധം നിലനിര്‍ത്തിയിരുന്നതിനാലാണ്‌ ആരോപണം ഉയര്‍ന്നപ്പോഴെല്ലാം നിരന്തരം ദിലീപുമായി ബന്ധപ്പെട്ടത്‌. സംഭവത്തിന്റെ യാഥാര്‍ഥ്യം അറിയുകയായിരുന്നു ലക്ഷ്യം. ഒളിച്ചുപോയി കണ്ടിട്ടില്ല. കണ്ടതും സംസാരിച്ചതും എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്‌. നടി ആക്രമണത്തിന്‌ ഇരയാകുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഗള്‍ഫിലെ സ്‌കൂള്‍ ഉദ്‌ഘാടനത്തിനു ക്ഷണിക്കാന്‍ ദിലീപിനെ വിളിച്ചിരുന്നെങ്കിലും ഫോണില്‍ കിട്ടിയില്ല. ഇതിന്റെ തുടര്‍ച്ചയായാണ്‌ ആക്രമണത്തിനു തൊട്ടടുത്ത ദിവസവും ദിലീപിനെ വിളിക്കാന്‍ ഇടയായത്‌.

അന്നു ഫോണില്‍ കിട്ടിയപ്പോള്‍ ഉദ്‌ഘാടന വിവരം സൂചിപ്പിച്ചു. തീയതി അറിയിച്ചാല്‍ മതിയെന്നായിരുന്നു മറുപടി. ദിലീപുമായി പണം, റിയല്‍ എസ്‌റ്റേറ്റ്‌ ഇടപാടില്ല. എന്നോട്‌ ഹാജരാകാന്‍ പോലീസ്‌ ആവശ്യപ്പെട്ടിട്ടില്ല. ഏതന്വേഷണവുമായും സഹകരിക്കും. അന്വേഷണം ശരിയായ ദിശയിലാണെന്ന്‌ എല്ലാവരും പറയുന്നു. ദിലീപ്‌ തെറ്റുകാരനാണെന്നു പോലീസ്‌ പറയുന്നു. തെറ്റ്‌ ചെയ്‌തിട്ടുണ്ടെങ്കില്‍ തക്കതായ ശിക്ഷ നല്‍കണം. എനിക്കും രണ്ടു പെണ്‍മക്കളുണ്ട്‌. ഇത്തരം കാര്യത്തിന്‌ ഒരിക്കലും കൂട്ടുനില്‍ക്കില്ല. ഇരയ്‌ക്കൊപ്പമാണ്‌ എന്നും. കേരളത്തിന്റെ വികാരവും അതാണ്‌. ആ വികാരത്തോടൊപ്പം നില്‍ക്കുന്നു. ആക്രമണത്തിനിരയായ നടിയുമായും അവരുടെ കുടുംബവുമായി നല്ല ബന്ധമാണുള്ളത്‌. സംഭവത്തിനുശേഷം നടിയുടെ വീട്ടില്‍പോയി കണ്ടിരുന്നു. ഒരു സഹോദരിക്കും ഇതു സംഭവിക്കാന്‍ പാടില്ല.

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട്‌ എന്നെ ചോദ്യംചെയ്യാന്‍ നീക്കം നടത്തുന്നതു രാഷ്‌ട്രീയപ്രേരിതമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. എല്‍.ഡി.എഫ്‌: എം.എല്‍.എമാരെക്കുറിച്ചുള്ള ആക്ഷേപം ബാലന്‍സ്‌ ചെയ്യാനാണ്‌ എന്റെ പേര്‌ വലിച്ചിഴയ്‌ക്കുന്നത്‌.പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട്‌ സി.പി.എം. സംഘടിപ്പിച്ച ഇല്ലി നടീല്‍ പരിപാടിയില്‍ ദിലീപ്‌ പങ്കെടുത്തിരുന്നു. എന്റെ മണ്ഡലത്തില്‍ ഞാന്‍ നടത്തിയ വിവിധ പരിപാടികളിലും ദിലീപ്‌ സംബന്ധിച്ചിട്ടുണ്ട്‌. എല്ലാവരുടെയും പരിപാടിയില്‍ പങ്കെടുക്കുക ദിലീപിന്റെ രീതിയാണ്‌. ഇതില്‍ രാഷ്‌ട്രീയം കാണുന്നത്‌ ശരിയല്ല.

സംഭവവുമായി ബന്ധപ്പെട്ട്‌ എന്നെ ചോദ്യംചെയ്യണമെന്നാവശ്യപ്പെട്ട്‌ ഡി.വൈ.എഫ്‌.ഐ. നേതാവ്‌ പരാതി നല്‍കി. ഇതില്‍ നിന്നുതന്നെ അവരുടെ രാഷ്‌ട്രീയലക്ഷ്യം വ്യക്‌തമാണ്‌. ഇന്നസെന്റ്‌ എം.പിക്കെതിരേ പരാതിയുമായി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ എന്നെ സമീപിച്ചിരുന്നു. പോലീസില്‍ പരാതി നല്‍കുന്നതിന്‌ അനുമതി ആവശ്യപ്പെട്ടാണ്‌ എത്തിയത്‌. എന്നാല്‍, വിഷയം രാഷ്‌ട്രീയവല്‍ക്കരിക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ പ്രവര്‍ത്തകരെ മടക്കിയയയ്‌ക്കുകയായിരുന്നു"-അന്‍വര്‍ സാദത്ത്‌ പറഞ്ഞു.