നടിയുടെ ദൃശ്യങ്ങള്‍ ദിലീപിന്റെ കയ്യില്‍? ദൃശ്യങ്ങള്‍ പള്‍സര്‍ കൈമാറിയിരുന്നുവെന്ന് പോലീസ്

2017-07-15 03:05:30am |

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി, ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ നടന്‍ ദിലീപിന് കൈമാറിയിരുന്നുവെന്ന് പോലീസ്. ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. എന്നാല്‍ ആക്രമണത്തിന് ശേഷം ദിലീപ് വാഗ്ദാനം ചെയ്ത പ്രതിഫലം നല്‍കിയില്ല. ഇതേതുടര്‍ന്നാണ് മറ്റ് പ്രതികള്‍ ദിലീപിനെ ഭീഷണിപ്പെടുത്തിയതെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഫെബ്രുവരി 17നാണ് കൊച്ചിയില്‍ വച്ച് നടിയെ ആക്രമിച്ചത്. ഓടുന്ന വാഹനത്തിനുള്ളില്‍ വച്ച് നടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഒരാഴ്ചയ്ക്കകം പിടിയിലായി. എന്നാല്‍ മുഖ്യസൂത്രധാരനെന്ന് പോലീസ് ആരോപിക്കുന്ന നടന്‍ ദിലീപ് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് പിടിയിലായത്. പള്‍സര്‍ സുനിയുമായി ദിലീപിനുള്ള ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.

വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് ദിലീപ്, നടിക്കെതിരെ ക്വൊട്ടേഷന്‍ കൊടുത്തുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. തന്റെ വിവാഹജീവിതം തകരാന്‍ നടിയുടെ ഇടപെടല്‍ കാരണമായെന്ന വൈരാഗ്യത്തില്‍ ദിലീപ് നടിയെ ആക്രമിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും അന്വേഷണ സംഘം പറയുന്നു.