Latest News

പാറന്പുഴ കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കോടതി

2017-03-14 08:09:33am |
കോട്ടയം: പാറന്പുഴ കൂട്ടക്കൊല കേസിൽ പ്രതി കുറ്റക്കാരനെന്നു കോടതി. ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും. ഉത്തർപ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദർ കുമാറാണ് കേസിലെ പ്രതി. 2015 മേയ് 16നു അർധരാത്രി കോട്ടയം പാറന്പുഴ മൂലേപ്പറന്പിൽ ലാലസൻ (71), ഭാര്യ പ്രസന്നകുമാരി (62), മകൻ പ്രവീണ്‍ ലാൽ (28) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കോട്ടയം പ്രിൻസിപ്പൽ ജില്ലാ കോടതി ജഡ്ജി എസ്.ശാന്തകുമാരി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്കെതിരെ 302, 397, 457, 380 എന്നീ വകുപ്പുകൾ നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു.
 
കുറ്റപത്രത്തിൽ പോലീസ് ചാർജ് ചെയ്ത എല്ലാ കേസുകളും കോടതി അംഗീകരിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിത് ജോണ്‍ പറഞ്ഞു. പ്രതിയോടു എന്തെങ്കിലും പറയാനുണ്ടോയെന്നു കോടതി ചോദിച്ചു. അച്ഛനും അമ്മയും ഉള്ളതിനാൽ ഏറ്റവും കുറഞ്ഞ ശിക്ഷയെ നല്കാവു എന്നാണ് പ്രതി ആവശ്യപ്പെട്ടത്.
 
കേസ് തെളിയിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്നു അന്വേഷണ ഉദ്യോഗസ്ഥൻ പാന്പാടി സിഐ സാജു വർഗീസ് പറഞ്ഞു. വിധി പ്രഖ്യാപനം കേൾക്കാൻ കൊല്ലപ്പെട്ട കുടുംബത്തിലെ അവശേഷിക്കുന്ന ഏക അംഗം വിപിൻലാലും കോടതിയിൽ എത്തിയിരുന്നു കൊല്ലപ്പെട്ട പ്രവീണ്‍ നടത്തിയിരുന്ന തുണി അലക്കു സ്ഥാപനത്തിൽ തുണി തേയ്പ്പു ജോലിക്കാരനായിരുന്നു പ്രതി നരേന്ദർ കുമാർ (30). സ്വന്തം കടബാധ്യതകൾ വീട്ടാൻ ഇയാൾ അർധരാത്രി കൊലനടത്തി ആഭരണവും പണവുമായി സ്ഥലം വിടുകയായിരുന്നു. പാന്പാടി സിഐ സാജു വർഗീസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉത്തർപ്രദേശിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 16ന് വാദം പൂർത്തിയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി രഞ്ജിത് ജോണും പ്രതിക്കു വക്കീൽ ഇല്ലാതെ വന്ന സാഹചര്യത്തിൽ സർക്കാർ ലീഗൽ സർവീസ് സൈസൈറ്റി നിയോഗിച്ച ജിതേഷ് ജെ. ബാബുവും വി.എസ്. മനുലാലുമാണു കോടതിയിൽ ഹാജരായത്.