ആദ്യം ചോദ്യം ചെയ്തപ്പോള്‍ കരച്ചിലും, മോഹാലസ്യം അഭിനയിക്കാനും ശ്രമം ; ഇപ്പോള്‍ ഒരു കാര്യവും പറയാനില്ലെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും ദിലീപ്

2017-07-15 03:08:21am |

കൊച്ചി : യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ചോദ്യംചെയ്യലിനോടു സഹകരിക്കുന്നില്ലെന്ന് പോലീസ്. പള്‍സര്‍ സുനിയെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നുമാണ് നിരന്തരമുള്ള മറുപടി. ഒരു കാര്യവും പറയാനില്ലെന്നും തെറ്റ് ചെയ്തിട്ടില്ലെന്നുമാണു ദിലീപ് ആവര്‍ത്തിക്കുന്നത്. തെളിവുകള്‍ കാട്ടി ചോദ്യംചെയ്യുമ്പോള്‍ മറുപടി നല്‍കുന്നില്ലെന്നും പോലീസ് പറഞ്ഞു. ആലുവ പോലീസ് ക്ലബ്ബിലാണു ചോദ്യംചെയ്യല്‍ തുടരുന്നത്. അതേസമയം പോലീസിനെക്കുറിച്ച് പരാതിയൊന്നുമില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചു.

എന്നാല്‍ പത്താം തീയതി നടന്ന ചോദ്യം ചെയ്യലിനിടെ ദീലീപ് കാര്യങ്ങളെല്ലാം വ്യക്തമാക്കിയിരുന്നു. ശക്തമായ ചോദ്യം ചെയ്യലിനിടെ തെറ്റു സമ്മതിക്കേണ്ടിവന്ന സാഹചര്യത്തില്‍ ദിലീപ് കരഞ്ഞുപോകുന്ന അവസ്ഥവരെയെത്തി. പിന്നീട് മോഹാലസ്യം അഭിനയിക്കാന്‍ വരെ തുനിഞ്ഞു. അത്തരം അവസ്ഥയില്‍ നിന്നെല്ലാം മോചിതനായ ദിലീപ് ഇപ്പോള്‍ യാതൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ്. പോലീസിന്റെ െകെയിലുള്ള പ്രധാന തെളിവാണ് മെമ്മറി കാര്‍ഡ്. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കും ദിലീപ് മറുപടി നല്‍കുന്നില്ല.

ഭാര്യ കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍നിന്നു മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ ഒറിജിനല്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ജാമ്യം നല്‍കരുതെന്ന് ദിലിപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ വാദിച്ചു. ദിലീപിനെതിരേ മതിയായ തെളിവുകള്‍ ഉണ്ടെന്നും സ്‌പെഷല്‍ പോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ആവശ്യമെങ്കില്‍ കേസ് ഡയറി മുദ്രവച്ച കവറില്‍ ഹാജരാക്കാമെന്നു പോലീസ് വ്യക്തമാക്കി.

ചോദ്യംചെയ്യലിനു ഹാജരാകാന്‍ നോട്ടീസ് നല്‍കിയ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍ പോയത് പോലീസിന്റെ കസ്റ്റഡി അപേക്ഷയ്ക്കു ബലം നല്‍കി. മെമ്മറി കാര്‍ഡ് െകെമാറിയെന്നു പള്‍സര്‍ സുനി പറഞ്ഞ അഡ്വ. പ്രതീഷ് ചാക്കോ ചോദ്യംചെയ്യലിനു ഹാജരാകണമെന്ന് െഹെക്കോടതി നിര്‍ദേശിച്ചതും അന്വേഷണസംഘത്തിനു നേട്ടമായി. പ്രതീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ചയിലേക്കു മാറ്റിയതിനാല്‍ അതുവരെ കാത്തിരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഡി.ജി.പി. വരെയുള്ള ഉദ്യോഗസ്ഥര്‍ ദിലീപിനെ ചോദ്യംചെയ്തു കഴിഞ്ഞെന്നും അതിനാല്‍ ഇനി കസ്റ്റഡിയില്‍ വിട്ടുകൊടുക്കരുതെന്നും ജാമ്യാപേക്ഷയില്‍ വിധിപറയണമെന്നും ദിലീപിനു വേണ്ടി ഹാജരായ അഡ്വ. കെ. രാംകുമാര്‍ വാദിച്ചു. നീതിന്യായ വ്യവസ്ഥയെ ദുരുപയോഗംചെയ്ത് തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. മാപ്പുസാക്ഷിയെ സൃഷ്ടിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.