Latest News

കിളിരൂർ പീഡനക്കേസിൽ ആരോപണവിധേയനായ നിർമാതാവിനു വേണ്ടിയും സുനിൽ ക്വട്ടേഷൻ മാനഭംഗം നടത്തി? കസ്റ്റഡിയില്‍ എടുത്ത ഐപാഡിന്റെ പാസ്വേര്‍ഡ് നല്‍കാതെ ദിലീപ്‌

2017-07-16 04:38:24am |

യുവനടിയെ ഉപദ്രവിച്ചതിനു പിടിയിലായ സുനിൽകുമാർ രണ്ടു വർഷം മുൻപും സമാന ക്വട്ടേഷൻ നടപ്പാക്കിയതായി പൊലീസിനു വിവരം ലഭിച്ചു. കിളിരൂർ പീഡനക്കേസിൽ ആരോപണവിധേയനായ നിർമാതാവിനു വേണ്ടിയായിരുന്നു അത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യും. അന്നു സുനിൽ ഉപദ്രവിച്ച നടി അന്വേഷണത്തോടു സഹകരിക്കാൻ തയ്യാറായിട്ടുണ്ട്. 

സുനിലിന്റെ ക്രിമിനൽ പശ്ചാത്തലം ദിലീപ് മനസ്സിലാക്കിയതു നിർമാതാവിൽനിന്നാണ്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ദിലീപിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് ഇയാൾ ഇടനിലക്കാരനായതിന്റെ തെളിവുകളും ലഭിച്ചു. ഇപ്പോൾ ജനപ്രതിനിധിയായ നടന്റെ ഡ്രൈവറായി സുനിൽ ജോലി ചെയ്യുമ്പോഴാണു സംഭവം. ദിലീപിന് അനുകൂലമായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തി, ഷൂട്ടിങ് പൂർത്തിയാക്കിയ സിനിമ റിലീസ് ചെയ്യാനുള്ള ശ്രമങ്ങളുടെ പിന്നിലും നിർമാതാവു നേതൃത്വം നൽകുന്ന സംഘമാണെന്നു പൊലീസ് പറഞ്ഞു.

അതിനിടെ ദിലീപിന്റെ ഐപാഡ് പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. പോലീസ് നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ആളെ വിട്ട് വീട്ടില്‍ നിന്ന് ഫോണ്‍ എടുപ്പിക്കുകയായിരുന്നു. എന്നാല്‍ ഇതിന്റെ പാസ്‌വേഡ് തനിക്ക് അറിയില്ലെന്നും ഫോണില്‍ ആണെന്നും ദിലീപ് പറഞ്ഞു.

തുടര്‍ന്ന് ഫോണ്‍ എടുക്കാന്‍ ആളെ വിട്ടെങ്കിലും ശനിയാഴ്ച ദിലീപിന്റെ രണ്ടു ഫോണും അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പോലീസ് ഇത് കിട്ടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചിട്ടില്ലെന്നാണ് സൂചന.ഫോണ്‍ റെയ്ഡ് ചെയ്ത് പിടിച്ച ശേഷം പ്രതീഷ് ചാക്കോയുടെ കയ്യില്‍ നിന്ന് ലഭിച്ചെന്ന് പോലീസ് ആരോപിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വക്കേറ്റ് രാംകുമാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഫോണ്‍ ആദ്യഘട്ടത്തില്‍ നല്‍കിയെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു.