Latest News

മുരളീധരനോ കുമ്മനമോ? കേന്ദ്രമന്ത്രി സഭ പുന:സംഘടിപ്പിക്കുമ്പോള്‍ കേരളത്തില്‍ നിന്ന് ആര് മന്ത്രിയാകും?

2017-03-15 02:39:14am |

ന്യൂഡല്‍ഹി : അഞ്ചു സംസ്‌ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. മികച്ചവിജയം നേടിയതിനു പിന്നാലെ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്‌ക്കും സാധ്യത തെളിയുന്നു. ഗോവ മുഖ്യമന്ത്രിയായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ചുമതലയേല്‍ക്കുന്നതോടെ വരുന്ന ഒഴിവും മോഡിക്ക്‌ നികത്തേണ്ടതുണ്ട്‌. നിലവില്‍ ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിക്കു വകുപ്പിന്റെ ചുമതല നല്‍കിയിട്ടുണ്ട്‌. മന്ത്രിസഭയില്‍ കേരളത്തിന്റെ പ്രാതിനിധ്യത്തിനും സാധ്യതയേറി.


വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍നിന്നു പരമാവധി സീറ്റുകള്‍ നേടാനാണു ബി.ജെ.പി. അധ്യക്ഷന്‍ അമിത്‌ഷായുടെ നീക്കം. വലിയ സംസ്‌ഥാനമായ ഉത്തര്‍പ്രദേശില്‍ നാലില്‍ മൂന്നു ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതിനാല്‍ ആശങ്കപ്പെടാനില്ലെങ്കിലും കേരളത്തില്‍നിന്ന്‌ പ്രതിനിധ്യം ഉണ്ടാകണമെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ട്‌. ഇതിന്റെ മുന്നൊരുക്കമെന്നോണം പുനഃസംഘടനയില്‍ സംസ്‌ഥാനത്തിനു പ്രാതിനിധ്യം ലഭിച്ചേക്കും.
മുന്‍ സംസ്‌ഥാന പ്രസിഡന്റ്‌ വി.മുരളീധരനാണ്‌ കൂടുതല്‍ സാധ്യത. ബി.ജെ.പി. സംസ്‌ഥാനഘടകത്തിലെ പ്രമുഖ ഗ്രൂപ്പിനെ നയിക്കുമ്പോഴും അദ്ദേഹത്തിനു ചുമതലകളൊന്നുമില്ല. ആര്‍.എസ്‌.എസ്‌. സംസ്‌ഥാനഘടകത്തിന്റെ എതിര്‍പ്പ്‌ രൂക്ഷമാണെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ ഇതു മറികടക്കാന്‍ സാധിക്കുമെന്നാണ്‌ കരുതുന്നത്‌.

എ.ബി.വി.പി. ദേശീയനേതാവായി പ്രവര്‍ത്തിച്ചപ്പോള്‍ മുരളീധരന്‌ ഒപ്പമുണ്ടായിരുന്ന നേതാക്കളാണ്‌ കേന്ദ്ര മന്ത്രിസഭയിലും ബി.ജെ.പി. നേതൃനിരയിലുമുള്ളത്‌. ഇവര്‍ വഴിയാണ്‌ മുരളീധരന്‍ കേന്ദ്ര മന്ത്രിസഭയിലേക്കുള്ള കരുക്കള്‍ നീക്കുന്നതും. അതേസമയം, സംസ്‌ഥാനഘടകത്തിലെ ഗ്രൂപ്പുപോരില്‍ മനംമടുത്ത്‌ പ്രസിഡന്റ്‌ സ്‌ഥാനത്തുനിന്ന്‌ മാറാന്‍ ആഗ്രഹിക്കുന്ന കുമ്മനം രാജശേഖരനും പുന:സംഘടനയിലൂടെ മന്ത്രിസഭയിലെത്താന്‍ സാധ്യതയുണ്ട്‌. എന്നാല്‍, അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത്‌ നിന്നു കുമ്മനത്തെ മത്സരിപ്പിക്കാനാണ്‌ പാര്‍ട്ടി നേതൃത്വത്തിന്‌ താല്‍പ്പര്യം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത്‌ ഒ.രാജഗോപാലിനു വിജയിക്കാന്‍ സാധിച്ചപ്പോള്‍ തന്നെ തൊട്ടടുത്ത വട്ടിയൂര്‍കാവില്‍ കുമ്മനം രണ്ടാംസ്‌ഥാനത്തെത്തി. അതിനാല്‍ തിരുവനന്തപുരത്ത്‌ കുമ്മനത്തിന്‌ വിജയ സാധ്യതയുണ്ടെന്ന്‌ നേതൃത്വം വിലയിരുത്തുന്നു. കേന്ദ്ര മന്ത്രിസഭയിലെടുത്താല്‍ തലസ്‌ഥാനത്തു സജീവ സാന്നിധ്യം ഉറപ്പാക്കാനാകില്ലെന്നതാണ്‌ ഇദ്ദേഹത്തിന്റെ സാധ്യതയ്‌ക്ക്‌ മങ്ങലേല്‍പ്പിക്കുന്നത്‌. കര്‍ണാടകയില്‍നിന്നുള്ള രാജ്യസഭാ എം.പി. രാജീവ്‌ ചന്ദ്രശേഖറിനാണ്‌ മറ്റൊരുസാധ്യത. കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സമീപകാലത്തായി രജീവ്‌ ഡല്‍ഹി കേന്ദ്രീകരിച്ച്‌ ഇടപെടല്‍ ശക്‌തമാക്കിയിട്ടുണ്ട്‌.

എന്നാല്‍, രണ്ടുപ്രമുഖരെ വെട്ടി മന്ത്രിസഭയില്‍ കടന്നു കൂടുക ഏറെ പ്രയാസകരമാണെന്ന്‌ രാജീവിനു വ്യക്‌തമായറിയാം. അതിനാല്‍, പൊതുതെരഞ്ഞെടുപ്പില്‍ കാസര്‍ഗോട്ട്‌ നിന്ന്‌ മത്സരിക്കാനാണു രാജീവിന്റെ ശ്രമം. കര്‍ണാടകയോട്‌ അടുത്ത മണ്ഡലം എന്ന നിലയില്‍ കാസര്‍ഗോട്ട്‌ വിജയിക്കാന്‍ സാധിക്കുമെന്ന ഉറപ്പാണ്‌ രാജീവ്‌ നേതൃത്വത്തിന്‌ നല്‍കിയിട്ടുള്ളത്‌. ഇതു സ്വന്തംമണ്ഡലമായി കരുതുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ വിരുദ്ധചേരിയിലാണ്‌ രാജീവ്‌. നേരത്തേ നടന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിലൊക്കെയും രാജീവ്‌ ചന്ദ്രശേഖറിനെ വെട്ടാന്‍ മുരളീധരന്റെ ഗ്രൂപ്പ്‌ ഏറെ വിയര്‍പ്പൊഴുക്കിയതുമാണ്‌.

പുതിയ പ്രതിരോധ മന്ത്രിയെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ കണ്ടെത്തേണ്ടതുണ്ട്‌. മോഡിയുടെ ഗുഡ്‌ ബുക്കിലുള്ള ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്‌ജു, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള ജിതേന്ദ്ര സിങ്‌ എന്നിവര്‍ക്ക്‌ സാധ്യത കല്‍പ്പിക്കപ്പെടുന്നു. മികച്ച മന്ത്രിയെന്ന അംഗീകാരം നേടിയ ഊര്‍ജസഹമന്ത്രി പീയൂഷ്‌ ഗോയലിന്‌ പുനഃസംഘടനയിലൂടെ ക്യാബിനറ്റ്‌ റാങ്ക്‌ നല്‍കാനും സാധ്യതയുണ്ട്‌.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പി. വന്‍വിജയം നേടിയതിനാല്‍ അവിടെ നിന്നു വീണ്ടും കേന്ദ്ര മന്ത്രിയുണ്ടാകാനുള്ള സാധ്യതയുമുണ്ട്‌.

പുതിയ മുഖ്യമന്ത്രിയായി സംസ്‌ഥാന പ്രസിഡന്റ്‌ കേശവ പ്രസാദ്‌ മൗര്യയെ തീരുമാനിക്കുകയാണെങ്കില്‍ ദേശീയ വൈസ്‌ പ്രസിഡന്റും ലഖ്‌നൗ മേയറുമായ ദിനേശ്‌ ശര്‍മയ്‌ക്കാകും സാധ്യത തെളിയുക. ഒ.ബി.സി. വിഭാഗത്തിന്റെ വോട്ട്‌ നേടി വിജയിച്ച മോഡിക്ക്‌ മൗര്യയെ മുഖ്യമന്ത്രി സ്‌ഥാനത്ത്‌ നിന്ന്‌ തഴയാനാകില്ല. അതേസമയം, പൊതു തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ ഉയര്‍ന്ന ജാതിയില്‍പെട്ട ദിനേശ്‌ ശര്‍മയെ തഴഞ്ഞെന്ന പ്രതീതി ഉണ്ടാകാനും പാടില്ലെന്ന്‌ മോഡിക്കറിയാം. ഈ സമവാക്യം പാലിച്ചുകൊണ്ടാകും മുഖ്യമന്ത്രിയെയും കേന്ദ്ര മന്ത്രിയെയും നിശ്‌ചയിക്കുക.