Latest News

ജയലളിതയുടെ മകനാണെന്ന അവകാശവാദവുമായി യുവാവ്; തന്റെ അമ്മയെ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നും ആരോപണം

2017-03-15 09:36:23am |

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സിനിമാസ്റ്റൈല്‍ എന്‍ട്രിയുമായി യുവാവ് വന്നിരിക്കുകയാണ്. ഈറോഡ് സ്വദേശിയായ കൃഷ്ണമൂര്‍ത്തിയെന്ന യുവാവാവാണ് താന്‍ ജയലളിതയുടെ മകനാണെന്ന അവകാശവാദവുമായി രംഗത്ത് വന്നത്. തന്റെ അമ്മയെ കൊലപെടുത്തിയതാണെന്ന് ആരോപിച്ച് തമിഴ്‌നാട് ചീഫ് സെക്രട്ടറിയ്ക്ക് ഇയാള്‍ പരാതി നല്‍കിയിട്ടുണ്ട്. ജയലളിതയുടെയും എംജിആറിന്റെയും മകളാണെന്ന് അവകാശപെട്ട് നേരത്തെ പ്രിയകൃഷ്ണന്‍ എന്ന യുവതി പോലീസിനെ സമീപിച്ചിരുന്നു. അന്വേഷണത്തില്‍ യുവതിയുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

ജയലളിതയുടെ സുഹൃത്തായ വനിതമണിയുടെ വീട്ടില്‍ ദത്തെടുത്ത മാതാപിതാക്കളുടെ കൂടെയാണ് താന്‍ ജീവിക്കുന്നതെന്ന് യുവാവ് പറഞ്ഞു. 2016 സെപ്തംബര്‍ 14ന് ജയലളിതയെ പൊയസ് ഗാര്‍ഡനില്‍ സന്ദര്‍ശിച്ചിരുന്നെന്നും നാലു ദിവസം അമ്മയോടൊപ്പമാണ് കഴിഞ്ഞതെന്നും കൃഷ്ണമൂര്‍ത്തി ചീഫ് സെക്രട്ടറിയ്ക്ക് സമര്‍പ്പിച്ച പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്.
എന്റെ അമ്മയ്ക്ക് എന്നെ മകനായി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അമ്മയുടെ തീരുമാനത്തിനോട് ശശികലയ്ക്ക് എതിര്‍പ്പായിരുന്നു. ശശികല അമ്മയെ സ്റ്റെയര്‍കേസിന് മുകളില്‍ നിന്ന് തള്ളി താഴെ ഇടുകയായിരുന്നു.

സാമൂഹിക പ്രവര്‍ത്തകനായ ട്രാഫിക് രാമമൂര്‍ത്തിയ്ക്കും കൃഷ്ണമൂര്‍ത്തി കത്തെഴുതിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമാണ് കൃഷ്ണമൂര്‍ത്തി ചീഫ് സെക്രട്ടറിയ്ക്ക് പരാതി നല്‍കിയത്.

കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 22നാണ് ജയലളിതയെ കടുത്ത പനിയും നിര്‍ജലീകരണവും ബാധിച്ചതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. ഡിസംബര്‍ അഞ്ചിന് ജയലളിത ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. ജയലളിതയുടെ മരണത്തിനു ശേഷം തമിഴ്നാട്ടില്‍ വലിയ കോളിളക്കങ്ങള്‍ ഉണ്ടായിരുന്നു.