Latest News

രജനീകാന്ത് ബിജെപിയിലേക്കോ? അഭ്യൂഹമുയർത്തി പൂനം മഹാജന്റെ സന്ദർശനം, കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ട്വിറ്ററിൽ

2017-08-08 02:59:03am |

ചെന്നൈ∙ സൂപ്പർസ്റ്റാർ രജനീകാന്ത് സ്വന്തം പാർട്ടി രൂപീകരിക്കുമോ അതോ ബിജെപിയിൽ ചേരുമോ? അഭ്യൂഹങ്ങൾ പ്രചരിക്കെ ബിജെപി യുവജനവിഭാഗം അധ്യക്ഷ പൂനം മഹാജന്‍ രജനീകാന്തിനെ വസതിയിലെത്തി സന്ദര്‍ശിച്ചു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പൂനം മഹാജൻ ട്വിറ്ററിൽ പങ്കുവച്ചു. സന്ദര്‍ശനത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് പൂനം പിന്നീടു പ്രതികരിച്ചു.

മുംബൈയില്‍ നിന്നുള്ള ബിജെപി എംപി കൂടിയാണു പൂനം മഹാജന്‍. രജനീകാന്തിന്റെ ഭാര്യ ലതയും വീട്ടില്‍ ഉണ്ടായിരുന്നു. ഇവർക്കൊപ്പമുള്ള ചിത്രവും പൂനം പങ്കുവച്ചിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണു നിരീക്ഷകരുടെ നിഗമനം. രജനീകാന്തിനെ കാണാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും. അദ്ദേഹം തന്നെ വ്യക്തിപരമായി പിന്തുണയ്ക്കുന്ന ആളാണെന്നും പൂനം പറഞ്ഞു. ബിജെപി യുവജന വിഭാഗത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട്ടില്‍ എത്തിയതായിരുന്നു പൂനം.

Rajinikanth

രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു ദൈവം ആഗ്രഹിക്കുകയാണെങ്കില്‍ താന്‍ തീര്‍ച്ചയായും രാഷ്ട്രീയത്തില്‍ ഉണ്ടാകും എന്നാണു രജനീകാന്ത് നേരത്തേ പറഞ്ഞത്. രജനീകാന്ത് ഈ വർഷം സ്വന്തമായി രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്നു സഹോദരൻ സത്യനാരായണ റാവു ഗെയ്ക്കവാദ് വെളിപ്പെടുത്തിയിരുന്നു. പാർട്ടിയുടെ പേരും ചിഹ്നവും ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനായി ചർച്ചകൾ നടക്കുകയാണ്. പദ്ധതികൾക്ക് അന്തിമരൂപം നൽകുന്നതിനു മുൻപു പരമാവധി ആരാധകരെ നേരിൽക്കാണാനാണു താരം ശ്രമിക്കുന്നതെന്നും സഹോദരൻ റാവു ഗെയ്ക്കവാദ് പറഞ്ഞു.