Latest News

കോണ്‍ഗ്രസിനൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷന്‍; കോടതിയെ സമീപിക്കുമെന്ന് ബിജെപി

2017-08-09 03:51:46am |

ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്യസഭാ സീറ്റുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോണ്‍ഗ്രസിനൊപ്പമാണെന്ന ആരോപണവുമായി ബിജെപി. ബിജെപിക്കനുകൂലമായി വോട്ട് ചെയ്ത കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ട് അസാധുവാക്കിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി വിജയ് രൂപാണി. ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബാലറ്റ് പേപ്പര്‍ ഉയര്‍ത്തിക്കാണിച്ചതിനെത്തുടര്‍ന്ന് ഇവരുടെ വോട്ടുകള്‍ അസാധുവാക്കുകയായിരുന്നു. ഇതോടെ അഹമ്മദ് പട്ടേല്‍ വിജയം ഉറപ്പിച്ചു.

കോണ്‍ഗ്രസ് വിമത എംഎല്‍എമാരുടെ വോട്ടുകള്‍ അസാധുവാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ബിജെപി അംഗീകരിക്കുന്നില്ല. ഇതിനെതിരെ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ഈ വോട്ടുകള്‍ അസാധുവാക്കിയില്ലായിരുന്നെങ്കില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിക്കുമായിരുന്നെന്നും വിജയ് രൂപണി പറഞ്ഞു. ഗുജറാത്തില്‍ കോണ്‍ഗ്രസ് നെടുകേ പിളര്‍ന്നിരിക്കുകയാണെന്നും ഇനി അവര്‍ക്ക് ഒരു ഭാവിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

വിമതരുടെ വോട്ടുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസാണ് ആദ്യം കമ്മീഷനെ സമീപിച്ചത്. പാര്‍ട്ടി പ്രതിനിധികള്‍ അല്ലാത്തവര്‍ക്ക് ഈ എംഎല്‍എമാര്‍ തങ്ങളുടെ വോട്ട് പ്രദര്‍ശിപ്പിച്ചതടക്കമാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്. വീഡിയോ പരിശോധിച്ച് സ്വീകരിക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം തുടര്‍ന്നാണ് ഇവരുടെ വോട്ടുകള്‍ റദ്ദാക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് വന്നത്.