Latest News

ജീന്‍ പോള്‍ ലാലിനെതിരായ കേസില്‍ ആന്റി ക്ളൈമാക്സ് ; സംവിധായകനെ പോലീസ് ചോദ്യം ചെയ്യാനൊരുങ്ങുമ്പോള്‍ നടി മലക്കം മറിഞ്ഞു

2017-08-11 03:02:48am |

കൊച്ചി : ഹണീബീ ടു എന്ന സിനിമയുടെ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരേ പോലീസില്‍ പരാതി നല്‍കിയ പുതുമുഖ നടി കോടതിയില്‍ നിലപാടു മാറ്റി. ഏതാനും രംഗങ്ങളില്‍ മാത്രം അഭിനയിപ്പിച്ചശേഷം മറ്റാരെയോ ഉപയോഗിച്ച് ബോഡി ഡ്യൂപ്പിങ് നടത്തി സിനിമ പ്രദര്‍ശനത്തിനെത്തിച്ചെന്നും പ്രതിഫലം ആവശ്യപ്പെട്ടപ്പോള്‍ െലെംഗികച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു നടിയുടെ പരാതി.

ജൂെലെ 24 ന് സിറ്റി പോലീസ് കമ്മിഷണര്‍ക്കു ലഭിച്ച പരാതി അടുത്തദിവസം പനങ്ങാട് പോലീസിനു െകെമാറിയതോടെ ജീന്‍പോള്‍ ലാല്‍ അടക്കം നാലുപേര്‍ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതോടെ യുവ സംവിധായകനും നടന്‍ ശ്രീനാഥ് ഭാസിയും അണിയറ പ്രവര്‍ത്തകരായ അനൂപ്, അനിരുദ്ധ് എന്നിവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി എറണാകുളം സെഷന്‍സ് കോടതിയെ സമീപിച്ചു. ഇന്നലെ കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണു നടിയുടെ മലക്കംമറിച്ചില്‍.

സംവിധായകന്‍ ജീന്‍പോള്‍ ലാലിനെതിരേ പരാതിയില്ലെന്ന് നടി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മധ്യസ്ഥ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിച്ചെന്നും കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കേസ് ഒത്തുതീര്‍ന്നതായാണു സിനിമാ വൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന സൂചന.

പരാതിക്കാരി സത്യവാങ്മൂലം സമര്‍പ്പിച്ചതോടെ 16 വരെ യുവ സംവിധായകന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യരുതെന്നു കോടതി പോലീസിനു നിര്‍ദേശം നല്‍കി. കേസ് അന്ന് വീണ്ടും പരിഗണിക്കും. പരാതിക്കാരി കോടതിയില്‍ അനുകൂല നിലപാട് സ്വീകരിച്ചതോടെ പനങ്ങാട് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ജീന്‍പോള്‍ ലാല്‍ െഹെക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പുതുമുഖ നടിയുടെ പരാതി ഏറെ ഗൗരവകരമായാണു പോലീസ് െകെകാര്യം ചെയ്തത്. പരാതി ലഭിച്ച ഉടന്‍ ജീന്‍പോള്‍ ലാല്‍ അടക്കമുള്ളവര്‍ക്കെതിരേ എന്തു തുടര്‍നടപടി സ്വീകരിക്കണമെന്നു പോലീസ് നിയമോപദേശം തേടി.

ഇതിനു പുറമേ ഹണീബീ ടു സിനിമയുടെ സെന്‍സറിന് മുമ്പുള്ള കോപ്പിക്കായി സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കുകയും ചെയ്തു. ചിത്രീകരണസമയത്തുണ്ടായിരുന്ന മറ്റ് അണിയറ പ്രവര്‍ത്തകരില്‍നിന്നു മൊഴി രേഖപ്പെടുത്തിയതോടെ പരാതിയില്‍ കഴമ്പുണ്ടെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നിരുന്നു. സിനിമയുടെ സെറ്റില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും ഡ്യൂപ്പിനെ ഉപയോഗിച്ചെന്ന് അണിയറ പ്രവര്‍ത്തകര്‍ മൊഴിനല്‍കിയിരുന്നു.

സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സംവിധായകന്‍ അടക്കമുള്ളവരെ ചോദ്യംചെയ്യാന്‍ പോലീസ് തയാറെടുക്കുന്നതിനിടെയാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന ശക്തമായ നിലപാടാണു പോലീസ് കോടതിയില്‍ സ്വീകരിച്ചത്. ഇതിനിടെയാണ് നടി മലക്കംമറിഞ്ഞത്. പരാതിയുടെ തുടക്കത്തില്‍ ഇരുവിഭാഗവും ഉറച്ചുനിന്നിരുന്നു.

പരസ്യപ്രതികരണത്തിനു മുതിരാതെ കേസ് ഒത്തുതീര്‍ക്കുന്നതിനു സിനിമാരംഗത്തെ പ്രമുഖര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചതാണു പുതുമുഖ നടിയുടെ മനംമാറ്റത്തിനു കാരണമെന്നാണു സൂചന. ഇരുകൂട്ടരുമായി ചര്‍ച്ച നടത്തി പ്രശ്‌നം രമ്യതയിലെത്തിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായ സാഹചര്യം സിനിമാ മേഖലയ്ക്കു കനത്ത തിരിച്ചടിയായിട്ടുണ്ടെന്നും പുതിയ കേസും വിവാദങ്ങളും മേഖലയെ കൂടുതല്‍ ദുര്‍ബലമാക്കുമെന്നും ഇരുവിഭാഗത്തെയും ബോധ്യപ്പെടുത്തിയാണ് സമവായമുണ്ടാക്കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ കോടതിയുടെ നിലപാടാണു മുഖ്യം.