Latest News

രാജീവ്‌ ദേവരാജിനെതിരേ ദേശീയ പട്ടികജാതി കമ്മിഷന്‍ കേസെടുത്തു; ആത്മഹത്യാ പ്രേരണക്കുറ്റവും സംഘം ചേര്‍ന്ന്‌ ആക്രമിക്കലും ചുമത്തി! ന്യൂസ്‌ 18 കേരള ചാനലിലെ പീഡനത്തില്‍ ശക്‌തമായ നടപടി

2017-08-12 03:30:33am |

തിരുവനന്തപുരം: ന്യൂസ്‌ 18 കേരള ടിവി ചാനലിലെ പീഡനത്തില്‍ ശക്‌തമായ നടപടിയെടുക്കാന്‍ പോലീസിന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. എത്ര ഉന്നതരായാലും സ്‌ത്രീകള്‍ക്ക്‌ നേരേയുള്ള പീഡനത്തില്‍ വിട്ടുവീഴ്‌ച വേണ്ടെന്നാണ്‌ ആഭ്യന്തരവകുപ്പിന്റെ നിലപാട്‌. അതിനിടെ, ചാനല്‍ എഡിറ്റര്‍ രാജീവ്‌ ദേവരാജിനെതിരേ ദേശീയ പട്ടികജാതി കമ്മിഷന്‍ കേസെടുത്തു.

ആത്മഹത്യാ പ്രേരണക്കുറ്റവും സംഘം ചേര്‍ന്ന്‌ ആക്രമിക്കലുമാണ്‌ നിലവില്‍ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍. യുവതിയുടെ മൊഴിയില്‍ സ്‌ത്രീകളെ അപമാനിക്കല്‍ എന്ന കുറ്റവും ഉണ്ട്‌. ഈ വകുപ്പ്‌ കൂടി ചേര്‍ത്ത്‌ കേസെടുക്കുകയാണെങ്കില്‍ പ്രതികളെ അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലിലടയ്‌ക്കേണ്ടി വരും. അവതാരകന്‍ ഇ. സനീഷിനെതിരായ പരാതി രാജീവ്‌ മുക്കിയെന്നതും ഗൗരവമായ വിഷയമാണ്‌. ഇത്‌ പോലീസ്‌ മറ്റൊരു കേസായി രജിസ്‌റ്റര്‍ ചെയ്യും. കേസില്‍ രാജീവ്‌ ഒന്നാം പ്രതിയും ദിലീപ്‌ കുമാര്‍, ലല്ലു ശശിധരന്‍, സി.എന്‍. പ്രകാശ്‌, ഇ. സനീഷ്‌ എന്നിവര്‍ കൂട്ടുപ്രതികളുമാകുമെന്ന സൂചനയാണ്‌ അനേ്വഷണത്തിനു നേതൃത്വം നല്‍കുന്ന സൈബര്‍ സിറ്റി അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ നല്‍കുന്നത്‌.

യുവതിയെ മാനസികമായി തകര്‍ക്കാന്‍ മറ്റുള്ളവര്‍ ശ്രമിച്ചെന്നാണ്‌ ആരോപണം. യുവതിയുടെ മൊഴി പൊലീസ്‌ സൂക്ഷ്‌മമായി വിശകലനം ചെയ്യും. ദളിത്‌ പീഡന വകുപ്പുകളും കേസില്‍ ഉള്‍പ്പെടുത്തേണ്ടിവരുമെന്ന സൂചനയും പോലീസ്‌ നല്‍കുന്നുണ്ട്‌. അങ്ങനെ വന്നാല്‍ കേസ്‌ കൂടുതല്‍ ശക്‌തമാകും. ഈ സാഹചര്യത്തില്‍ പോലീസിന്‌ അറസ്‌റ്റ്‌ ഒഴിവാക്കാനാകില്ല.
ആശുപത്രിയിലുള്ള മാധ്യമ പ്രവര്‍ത്തകയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. എസ്‌.ഐമാരുമായി കേസിന്റെ വിശദാംശങ്ങള്‍ കമ്മിഷണര്‍ ചര്‍ച്ച ചെയ്‌തു. നിയമോപദേശം തേടി ചുമത്തേണ്ട വകുപ്പുകളില്‍ തീരുമാനവും എടുക്കുമെന്നാണു സൂചന.