Latest News

പീസ് സ്‌കൂള്‍ ഡയറിയില്‍ നിന്ന് ദേശീയഗാനം കീറിക്കളഞ്ഞു; സ്‌കൂളില്‍ ദേശീയഗാനം ആലപിക്കാറില്ലെന്നും രക്ഷിതാക്കള്‍

2017-03-18 03:31:27am |

ഇരിങ്ങാലക്കുട: പാഠ്യവിഷയ ഉള്ളടക്കത്തെച്ചൊല്ലി വിവാദത്തിലായ പടിയൂര്‍ പീസ് സ്‌കൂളിനെച്ചൊല്ലി വീണ്ടും ആരോപണം. അധ്യയനവര്‍ഷാരംഭത്തില്‍ വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്ത സ്‌കൂള്‍ ഡയറിയില്‍നിന്നു ദേശീയഗാനം ഉള്ള പേജ് കീറിക്കളഞ്ഞ് വിതരണം ചെയ്‌തെന്നും പ്രതിഷേധം ഭയന്ന് പിന്നീട് ഡയറി തിരിച്ചുവാങ്ങി ദേശീയഗാനമുള്ള പേജ് വീണ്ടും ഒട്ടിച്ചു നല്‍കുകയായിരുന്നുമെന്നുമാണ് ആരോപണം. സ്‌കൂളില്‍ ദേശീയഗാനം ആലപിക്കാറില്ലെന്നും മാസങ്ങള്‍ക്കു മുമ്പു ദേശവിരുദ്ധ നടപടികളുമായി സ്‌കൂളിനെതിരേ അന്വേഷണം ആരംഭിച്ചപ്പോള്‍ മാത്രമാണ് ദേശീയഗാനം ആലപിച്ചു തുടങ്ങിയതെന്നും രക്ഷിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ഡയറിയില്‍നിന്നു ദേശീയഗാനമുള്ള പേജ് മനഃപൂര്‍വം കീറിക്കളഞ്ഞിട്ടില്ലെന്നും ആ പേജിന്റെ മറുവശത്തുള്ള സ്‌കൂള്‍ യൂണിഫോം വിവരങ്ങള്‍ നല്‍കുന്നതിലെ പ്രിന്റിങ് തകരാര്‍ ഉള്ളതുകൊണ്ട് മാറ്റുകയാണ് ചെയ്തതെന്നും ദേശീയഗാനം ഉള്‍പ്പെടുത്തിയ പേജ് പിന്നീട് ചേര്‍ത്തിട്ടുണ്ടെന്നും പടിയൂര്‍ പീസ് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഹരീഷ് കെ.എച്ച്. വിശദീകരിച്ചു. ദേശീയഗാനം സ്ഥിരമായി സ്‌കൂളില്‍ ആലപിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം ഐ.എസ്. ബന്ധത്തിന്റെ പേരില്‍ വിവാദത്തിലായ കൊച്ചിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പഴയ അന്വേഷണ സംഘത്തിനെതിരേ മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. ഐ.എസുമായി ബന്ധമില്ലെന്നും പോലീസ് പീഡിപ്പിക്കുകയാണെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വിവാദ പാഠപുസ്തകം തയാറാക്കിയത് മുംെബെയിലാണ്. ഇതു സ്‌കൂളിലെ മുസ്ലിം സമുദായത്തില്‍പ്പെട്ടവരുടെ മത പഠനത്തിനാണ് ഉപയോഗിച്ചത്. സ്‌കൂള്‍ സിലബസില്‍ ഈ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. തന്റെ ഭര്‍ത്താവിനെ പോലീസ് വേട്ടയാടുകയാണെന്നു കാണിച്ച് മതപണ്ഡിതനായ എം.എം. അക്ബറിന്റെ ഭാര്യ, മുഖ്യമന്ത്രിക്കു മറ്റൊരു പരാതിയും നല്‍കിയിട്ടുണ്ട്.

മതവിദ്വേഷം വളര്‍ത്തുന്ന സിലബസ് പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയ കേസില്‍ എം.എം. അക്ബര്‍ പ്രതിയാണ്. പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന റെയ്ഡില്‍ സ്ഥാപനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തിരുന്നു. പാഠ്യപദ്ധതിയുമായും പാഠപുസ്തക അച്ചടിയുമായും ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തു.

ആദ്യഘട്ടത്തില്‍ മുംെബെയില്‍ പുസ്തകം അച്ചടിച്ച മൂന്നു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാദ പുസ്തകം അച്ചടിച്ച മുംെബെ ബുറൂജ് റിയെലെസേഷന്‍ പ്രസാധക സ്ഥാപനത്തിലെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതലയുള്ളവരാണു അറസ്റ്റിലായത്. ഈ സ്ഥാപനം അധ്യാപകര്‍ക്ക് പരിശീലനവും നല്‍കിയിരുന്നുവെന്നു കണ്ടെത്തിയിരുന്നു. ഐ.എസ്. ബന്ധമുള്ള ചിലര്‍ കൊച്ചി പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന സൂചനയെത്തുടര്‍ന്നാണ് സ്‌കൂള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്.