Latest News

"ശശിതരൂരിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണം" ; പ്രചരണത്തിന് വന്‍ പിന്തുണ, താനൊന്നുമറിഞ്ഞില്ലെന്ന് തരൂര്‍

2017-03-18 03:35:22am |

കോഴിക്കോട് : യുപി ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ മാത്രം തിരിച്ചുവരാന്‍ കഴിഞ്ഞ കോണ്‍ഗ്രസിന്റെ നേതൃത്വം നെഹ്രു കുടുംബത്തില്‍ നിന്നടര്‍ത്തിമാറ്റുന്ന പ്രചരണത്തിന് വന്‍ പിന്തുണ. 2019 തെരഞ്ഞെടുപ്പില്‍ മലയാളി ശശിതരൂരിനെ മുന്നില്‍ നിര്‍ത്തണമെന്നുള്ള ഓണ്‍ലൈന്‍ പെറ്റീഷന്‍ ക്യാമ്പയിന് വന്‍ പിന്തുണയാണ് കിട്ടുന്നത്. രണ്ടു ദിവസം കൊണ്ട് ഇതിനകം 16,000 ലധികം പേരാണ് പ്രചരണത്തിന് പിന്തുണ നല്‍കി രംഗത്ത വന്നിട്ടുള്ളത്.

തിരവനന്തപുരം കാരന്‍ പോള്‍ എന്നയാള്‍ ചേഞ്ച് ഡോട്ട് ഓര്‍ഗ് എന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റ് വഴി നടത്തിയിരിക്കുന്ന പ്രചരണത്തോട് പക്ഷേ ശശിതരൂരിന് താനൊന്നും അറിഞ്ഞില്ല എന്നാണ് മട്ട്. പെറ്റീഷന്‍ സമര്‍പ്പിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടുള്ള ശശിതരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പക്ഷേ ഇത്തരം പ്രചരണം പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് സ്വന്തമായി അടിത്തറയും നേതൃത്വവും ഉണ്ടെന്നും അതില്‍ ഇനിയൊരു സംവാദത്തിന് കാര്യമില്ലെന്നും ആവശ്യം വന്നാല്‍ നടപടിക്രമം അനുസരിച്ച് കാര്യങ്ങള്‍ ചെയ്യുമെന്നും ശശി തരൂര്‍ പറയുന്നു.

പെറ്റീഷനെക്കുറിച്ച് ആദ്യം പ്രതികരിക്കേണ്ട എന്ന് നിലപാട് എടുത്തതാണ്. എന്നാല്‍ സാമുഹ്യമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായതോടെ പ്രതികരിക്കാന്‍ നിര്‍ബ്ബന്ധിതം ആകുകയായിരുന്നെന്ന് ശശിതരൂര്‍ പറയുന്നു. തിരുവനന്തപുരത്തുകാരുടെ ഒരു ജനപ്രതിനിധി എന്ന നിലയില്‍ പെറ്റീഷണറോടും പിന്തുണച്ച ജനങ്ങളോടും തനിക്കു നന്ദിയുണ്ടെന്നും എന്നാല്‍ ഇത്തരം ക്യാമ്പയിനുകളെ പ്രോത്സാഹിപ്പിക്കാനാകില്ല എന്നും ശശിതരൂര്‍ വിയോജനക്കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്.