Latest News

വെടിയേറ്റ ശേഷം ഗൗരി ലങ്കേഷ് വീടിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചെന്നു സിസിടിവി ദൃശ്യം, ഇനിയും ആ കണ്ണുകള്‍ കാഴ്ചകള്‍ കാണും

2017-09-07 02:19:55am |

ന്യൂഡല്‍ഹി: വെടിയേറ്റ ശേഷം ഗൗരി ലങ്കേഷ് വീടിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചെന്നു സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായതായി റിപ്പോര്‍ട്ടുകള്‍. മുന്നുതവണ വെടിയേറ്റശേഷം രക്ഷപെടാനായി വീടിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും തളര്‍ന്നു വീഴുകയായിരുന്നു. ശബ്ദം കേട്ടെത്തിയ അയല്‍ക്കാര്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഗൗരി ലങ്കേഷയെയാണ് കണ്ടത്.

നാലു സെറ്റ് സിസിടിവികള്‍ ഗൗരി ലങ്കേഷയുടെ വീട്ടില്‍ സ്ഥാപിച്ചിരുന്നതായിട്ടാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. രാത്രി ജോലി കഴിഞ്ഞെത്തിയ ശേഷം ഗേറ്റ് തുറക്കാനായി കാറില്‍ നിന്നും പുറത്തിറങ്ങിയ ഗൗരി ലങ്കേഷയെ ഹെലമെറ്റ് ധരിച്ചെത്തിയ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് വെടിയുണ്ടകളാണ് അവരുടെ ശരീരത്ത് തറച്ചത്. ഇതില്‍ ഒരെണ്ണം നെറ്റിയിലാണ് തറച്ചത്.

ഗൗരി ലങ്കേഷിന്റെ കണ്ണുകള്‍ ദാനം ചെയ്തതായി സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷ് പറഞ്ഞു. കണ്ണുകള്‍ ദാനം ചെയ്യണമെന്നത് അവളുടെ ആഗ്രഹമായിരുന്നു. ഗൗരി ലങ്കേഷിന്റെ ആഗ്രഹപ്രകാരം ബംഗ്ലൂരുവിലെ മിന്റോ ആശുപത്രിയ്ക്കാണ് കണ്ണുകള്‍ ദാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ബംഗ്ലൂരുവിലെ വീട്ടില്‍വെച്ചാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിക്കുന്നത്.

ഗൗരി ലങ്കേഷ് എന്നും സംഘപരിവാര്‍ അജണ്ടയുടെ കടുത്ത വിമര്‍ശകയായിരുന്നു. കൊലപാതകത്തില്‍ രാജ്യമെങ്ങും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ബംഗളുരു രാജേശ്വരിനഗറിലെ വീട്ടില്‍ വെച്ചാണ് ഗൗരി ലങ്കേഷിന് വെടിയേല്‍ക്കുന്നത്.കഴുത്തിലും നെഞ്ചിലുമായി അക്രമികള്‍ മൂന്ന് തവണ വെടിവെച്ചതായാണ് വിവരം.

അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ പ്രതികളിലൊരാളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണം തൃപ്തികരമായ രീതിയിലാണെന്നും സിസിടിവി ദൃശൃങ്ങള്‍ പരിശോധിച്ച് വരികയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.