Latest News

പകല്‍ ജയ് വിളി, രാത്രിയില്‍ നേതാക്കളുടെ തല വെട്ടിമാറ്റല്‍ ; സിപിഎമ്മിനെ ലക്ഷ്യമിട്ടുള്ള പണിയില്‍ കുടുങ്ങിയത് കോണ്‍ഗ്രസ് അണികള്‍

2017-09-07 02:22:54am |

കാഞ്ഞിരപ്പള്ളി: നേതാക്കളുടെ ചിത്രം ഫ്ളക്‌സ് ബോര്‍ഡില്‍ നിന്നും രാത്രിയില്‍ വെട്ടിമാറ്റിയ കോണ്‍ഗ്രസ് അണികള്‍ കുടുങ്ങി. കാഞ്ഞിരപ്പള്ളിയില്‍ സ്ഥാപിച്ചിരുന്ന വിവിധ സി.സി.ടിവി ക്യാമറകളിലാണു ഫ്ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കുന്നവരുടെ ദൃശ്യം പതിഞ്ഞത്. ജവഹര്‍ ബാലജനവേദി കോട്ടയം ജില്ലാ കമ്മിറ്റി കഴിഞ്ഞ അഞ്ചിനു പൊന്‍കുന്നത്ത് നടത്തിയ ഓണാഘോഷ പരിപാടിയായ പൂവിളിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളിയില്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളെക്‌സുകളിലെ പ്രാദേശിക നേതാക്കളുടെ ചിത്രങ്ങളാണു വെട്ടിമാറ്റിയത്. ഇതു സംബന്ധിച്ച് പരാതി നല്‍കിയതിനെത്തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണു സി.സി.ടിവി ദൃശ്യങ്ങള്‍ ലഭിച്ചത്.

സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിരുന്ന സി.സി.ടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. കോണ്‍ഗ്രസിലെ എ ഗ്രൂപ്പിനുള്ളിലെ പോരാണു ''തലവെട്ടിമാറ്റ''ലിനു പിന്നിലെന്നാണു സൂചന. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട പാര്‍ലമെന്റ് സെക്രട്ടറി രഞ്ചു തോമസ്, ഡി.സി.സി ജനറല്‍ സെക്രട്ടറി ഷിന്‍സ് പീറ്റര്‍ എന്നിവരുടെ ചിത്രങ്ങളാണ് ഫ്‌ളെക്‌സുകളില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്. ചില ബോര്‍ഡുകളില്‍ നിന്ന് ഉദ്ഘാടകനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് എം. എം. ഹസന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. സി. ജോസഫ്, ആന്റോ ആന്റണി എം. പി, പി. എ. സലീം, തുടങ്ങിയ നേതാക്കളുടെ ചിത്രങ്ങളും വെട്ടിമാറ്റിയിട്ടുണ്ട്. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം െവെസ് പ്രസിഡന്റ് സിബു ദേവസ്യാ പോലീസില്‍ പരാതി നല്‍കി.

കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹിയും, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹിയും, വാര്‍ഡ് പ്രസിഡന്റുമാണു തലവെട്ടിമാറ്റലില്‍ കുടുങ്ങിയിരിക്കുന്നത്. മുമ്പ് ടൗണില്‍ സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസിന്റെ ഫഌക്‌സ് നശിപ്പിതിന്റെ പേരില്‍ സി.പി.എമ്മിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. തലവെട്ടിമാറ്റലിനു പിന്നില്‍ കോണ്‍ഗ്രസ് ''സാന്നിധ്യം'' വ്യക്തമായതോടെ തിരിച്ചടിയായി സി.പി.എം. രംഗത്തുണ്ട്. രാത്രിയില്‍ ഫഌക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ച് എതിര്‍പാര്‍ട്ടികളുമായി സംഘര്‍ഷത്തിനു വഴിയൊരുക്കാനാണ് ശ്രമമെന്നു സി.പി.എം. ആരോപിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 22 ാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് വരാനിരിക്കെ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.