Latest News

ക്വാറി മുതല്‍ വിദേശയാത്രകള്‍ വരെ; മനോജ് എബ്രഹാമിനെതിരേ പരാതികള്‍ ഒട്ടേറെ

2017-03-19 05:01:21am |

മൂവാറ്റുപുഴ: പത്തനംതിട്ട ജില്ലയിലെ ക്വാറി മാഫിയയും ഐ.ജി. മനോജ്‌ ഏബ്രഹാമും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്‌ അമിത സ്വത്തുസമ്പാദനത്തിനു പിന്നിലെന്നാണ്‌ ഹര്‍ജിക്കാരന്‍ പി.പി. ചന്ദ്രശേഖരന്‍ നായര്‍ വിജിലന്‍സ്‌ കോടതിയില്‍ മുഖ്യമായും ഉയര്‍ത്തിയ വാദം.

പത്തനംതിട്ട ജില്ലയിലെ അടൂരില്‍ രണ്ടു പാറമടകളിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. പാറപൊട്ടിക്കുന്നതിനുള്ള സ്‌ഫോടക വസ്‌തുക്കളാണ്‌ മരണകാരണമായത്‌. ക്വാറികള്‍ക്കാകട്ടെ ലൈസന്‍സ്‌ ഇല്ലായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. രേഖകള്‍ ഹാജരാക്കാന്‍ പോലീസ്‌ ആവശ്യപ്പെട്ടു. ഇതിനൊപ്പം ഷെയ്‌നോ മെറ്റല്‍ ക്രഷറിനു സ്‌റ്റോപ്പ്‌ മെമ്മോ നല്‍കുകയും ചെയ്‌തു.

ഈ ക്രഷര്‍ ഉടമ മനോജിന്റെ ബന്ധുവാണെന്ന്‌ ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന്‌ നടപടികള്‍ നിര്‍ത്തവയ്‌ക്കാന്‍ പോലീസിനോട്‌ ആവശ്യപ്പെട്ടുവെന്നും ഹര്‍ജിക്കാരന്‍ വിജിലന്‍സ്‌ കോടതിയില്‍ ബോധിപ്പിച്ചു. ഇതോടൊപ്പം വിവാദത്തിലായ വടശേരിക്കരയിലെ റോക്ക്‌ കമ്പനിക്കെതിരേയുള്ള അന്വേഷണവും ഐ.ജി. ഇടപെട്ട്‌ തടഞ്ഞുവെന്ന്‌ പരാതിക്കാരന്‍ പറയുന്നു. അനധികൃതമായി പാറപൊട്ടിക്കുന്നത്‌ തടയാന്‍ പോലീസ്‌ ഉന്നതന്‍ ശ്രമിക്കാതെ ഇത്‌ അനധികൃത സ്വത്തു സമ്പാദനത്തിന്‌ ഉപയോഗിക്കുകയായിരുന്നുവെന്നാണ്‌ ഹര്‍ജിയില്‍ ആക്ഷേപിക്കുന്നത്‌.
ഐ.ജി. നടത്തിയ അഴിമതികള്‍ കണ്ടെത്താന്‍ പോലീസ്‌ നടത്തിയ ദ്രുതപരിശോധന ഫലം ചെയ്‌തില്ലെന്ന്‌ ഹര്‍ജിക്കാരന്‍ ആരോപിച്ചു. മനോജ്‌ ഏബ്രഹാമിന്റെയും പിതാവിന്റെയും മാതാവിന്റെയും ഭാര്യയുടെയും സ്വത്തുക്കള്‍ സംബന്ധിച്ച്‌ അവ്യക്‌തമായ വിവരങ്ങള്‍ മാത്രമാണ്‌ ദ്രുതപരിശോധനാ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്‌. ബാങ്കിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഒഴിവാക്കി.

അക്കൗണ്ടിലെ ക്‌ളോസിങ്‌ ബാലന്‍സ്‌ തുക മാത്രമാണ്‌ പരിശോധിച്ചിരുന്നത്‌. ക്രെഡിറ്റ്‌ കാര്‍ഡ്‌ വിവരങ്ങളും ബാങ്ക്‌ ലോക്കറുകളും പരിശോധിച്ചില്ല. മാത്രമല്ല, മനോജ്‌ ഏബ്രഹാം നടത്തിയ വിദേശയാത്രകളെപ്പറ്റിയും വേണ്ടവിധം അന്വേഷിക്കാതെ വിമാന ടിക്കറ്റുകളുടെ തുകമാത്രമാണ്‌ രേഖപ്പെടുത്തിയത്‌. എന്നാല്‍, ഒട്ടേറെ വിദേശരാജ്യങ്ങളില്‍ ദിവസങ്ങള്‍ താമസിച്ചതിനുവന്ന ചെലവുകള്‍ വിജിലന്‍സ്‌ പരിശോധിച്ചിരുന്നില്ല.
മനോജ്‌ ഏബ്രഹാമിന്‌ തിരുവനന്തപുരം നഗരത്തില്‍ വിവിധയിടങ്ങളില്‍ ഭൂമിയും ആഡംബര ബംഗ്‌ളാവുമുണ്ടെന്നും ഇന്ത്യ റിസര്‍വ്‌ ബറ്റാലിയനുവേണ്ടി ഉപകരണങ്ങള്‍ വാങ്ങിയതായും ചൂണ്ടിക്കാട്ടി.

ഭാര്യയുമായി ബന്ധപ്പെട്ട സെന്റ മേരീസ്‌ ഗ്രൂപ്പില്‍ അനധികൃത സമ്പാദ്യങ്ങള്‍ നിക്ഷേപിച്ചതായും കോടതിക്കു മുമ്പാകെ വന്നു. ഔദ്യോഗിക പദവി ദുരുപയോഗിക്കുകയും ക്രിമിനിനല്‍ ഗൂഢാലോചന നടത്തുകയും ചെയ്‌തെന്നും കോടതിയില്‍ ഹര്‍ജിക്കാരന്‍ വാദിച്ചു. കൊച്ചിയില്‍ പോലീസ്‌ കമ്മിഷണറായിരിക്കേ, എറണാകുളം, പത്തനംതിട്ട, വയനാട്‌, കര്‍ണാടക എന്നിവിടങ്ങളില്‍ സ്‌ഥലം വാങ്ങിച്ചെന്നും പരാതിയില്‍ പറയുന്നു.

വിജിലന്‍സ്‌ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസ്‌ ദുര്‍ബലപ്പെടുത്താന്‍ ഹര്‍ജിക്കാരനുമേല്‍ ഐ.ജിയുടെ ഭാഗത്തു നിന്ന്‌ സമ്മര്‍ദം ഉണ്ടായതായി വാദിഭാഗം അഭിഭാഷകര്‍ നേരത്തേ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന്‌ രണ്ട്‌ കോടതിയലക്ഷ്യ കേസുകള്‍ ഐ.ജിക്കെതിരേ വാദിഭാഗം നല്‍കിയിട്ടുണ്ട്‌. പോലീസ്‌ സംവിധാനം ഉപയോഗിച്ചുകൊണ്ടാണ്‌ ഹര്‍ജിക്കാരനെതിരേ ഐ.ജി. നീങ്ങിയതെന്ന്‌ ആരോപിച്ച്‌ ഹര്‍ജിക്കാരന്റെ അഭിഭാഷകരായ രാംകുമാര്‍ അസോസിയേറ്റ്‌സ്‌ ആണ്‌ കോടതിയില്‍ ആക്ഷേപം ഫയല്‍ ചെയ്‌തത്‌.