Latest News

ചക്ക വില്‍പ്പനയിലൂടെ പ്രതീക്ഷിക്കുന്നത് വര്‍ഷം നാലര ലക്ഷത്തോളം രൂപ ; റബര്‍ മരങ്ങള്‍ മുഴുവന്‍ മുറിച്ചു മാറ്റി കര്‍ഷകന്‍ വെച്ചു പിടുപ്പിച്ചത് പ്‌ളാവ്

2017-09-08 01:57:35am |

കടുത്തുരുത്തി: ഒരേക്കര്‍ സ്ഥലത്തെ റബര്‍ മരങ്ങള്‍ മുറിച്ചു മാറ്റി പ്ലാവ് കൃഷിയുമായി കര്‍ഷകന്‍. വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കു സെക്രട്ടറിയായി വിരമിച്ച വെള്ളൂര്‍ റോസ് കോട്ടേജില്‍ പി.സി.തോമസാണു തന്റെ ഒരേക്കര്‍ പുരയിടത്തിലെ റബര്‍ മരങ്ങല്‍ മുറിച്ചു നീക്കി പ്ലാവു നട്ടത്. ചക്കയില്‍ നിന്നും മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങല്‍ ഉണ്ടാക്കുന്നതിനായി പലരും മുന്നോട്ടു വരുന്ന സാഹചര്യത്തില്‍ ചക്കകൃഷി കേരളത്തില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നാണു തോമസ് പറയുന്നത്.

ഒന്നര വര്‍ഷത്തിനകം കായ്ക്കുന്ന വിയറ്റ്‌നാം എന്നയിനത്തില്‍പ്പെട്ട ബഡ് പ്ലാവുകളാണു വച്ചു പിടിപ്പിച്ചിരിക്കുന്നത്. ചക്കവിറ്റു നാലര ലക്ഷത്തോളം രൂപ ലഭിക്കുമെന്നാണു പതീക്ഷ. ഒരു പ്ലാവില്‍ നിന്നു പ്രതിവര്‍ഷം 400 കിലോ ചക്ക ലഭിക്കും. ഇതിനു കിലോക്ക് 20 രൂപ നിരക്കില്‍ വില്‍ക്കുവാന്‍ കഴിയും. ഒരു പ്ലാവില്‍ നിന്നും വര്‍ഷം 8000 രൂപ ലഭിക്കുമെന്നാണു കണക്കുകൂട്ടല്‍. ഒരേക്കറില്‍ 60 പ്ലാവുകള്‍ വരെ വയ്ക്കാന്‍ കഴിയും. ഒന്നര വര്‍ഷത്തിനുള്ളില്‍ വിളവും ലഭിക്കും. മാത്രമല്ല പ്ലാവില്‍ നിന്നും നൂറു വര്‍ഷം വരെ ആദായവും ലഭിക്കുമെന്നു തോമസ് പറയുന്നു. റബറാണെങ്കില്‍ ഏഴു വര്‍ഷം കഴിഞ്ഞേ ആദായം ലഭിക്കുകയുള്ളു. മാത്രമല്ല, നിശ്ചിത വര്‍ഷം കഴിയുമ്പോള്‍ മരങ്ങള്‍ വെട്ടിനീക്കേണ്ടതായും വരും.

റബറിനു വിലയില്ലാതും റബര്‍ കൃഷിയില്‍ നിന്നു മാറി ചിന്തിക്കാന്‍ തോമസിനെ പ്രേരിപ്പിച്ചു. ഇരുപതടി അകലത്തിലാണു പ്ലാവ് നടന്നുത്. ഇതിനിടയില്‍ ഇടവിളയായി ആയൂര്‍വേദ മരുന്നുകളും തോമസ് കൃഷി ചെയ്യുന്നുണ്ട്. കറ്റാര്‍വാഴ, തിപ്പലി, കൊടുവേലിക്കിഴങ്ങ് എന്നിവയാണ് കൃഷി ചെയ്യുന്നത്. കോട്ടയം ആത്മയിലെ ഉദ്ദ്യോഗസ്ഥരും തോമസിന്റെ കൃഷിക്കു സഹായമായി കൂട്ടിനുണ്ട്. തോമസിന്റെ പ്ലാവ് കൃഷി കാണാനും കൂടുതല്‍ വിവരങ്ങല്‍ ശേഖരിക്കുവാനുമായി നിരവധി പേര്‍ എത്തുന്നുണ്ട്.