Latest News

പുതിയ ഇന്ത്യയില്‍ ദളിത്‌, ന്യൂനപക്ഷങ്ങള്‍ക്ക്‌ എവിടെ, എന്തായിരിക്കും? മോഡിക്കെതിരേ ആഞ്ഞടിച്ച്‌ തൃശൂര്‍ അതിരൂപത

2017-09-08 02:07:15am |

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേ രൂക്ഷവിമര്‍ശനവുമായി തൃശൂര്‍ അതിരൂപതയുടെ മുഖപത്രം "കത്തോലിക്കാസഭ"യുടെ പുതിയ ലക്കം. സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ പുതിയ ഇന്ത്യയെന്ന പ്രഖ്യാപനത്തോടുള്ള പ്രതികരണമായിട്ടാണ്‌ വിമര്‍ശനം.

അഞ്ചുവര്‍ഷം കഴിയുമ്പോള്‍ പുതിയ ഇന്ത്യയാകുമെന്നായിരുന്നു മോഡി പറഞ്ഞത്‌. ബി.ജെ.പിയും ആര്‍.എസ്‌.എസ്‌. സംഘപരിവാരങ്ങളും കൂടി അഞ്ചുവര്‍ഷംകൊണ്ട്‌ രൂപപ്പെടുത്തിയെടുക്കാന്‍ ലക്ഷ്യമിടുന്ന ആ പുതിയ ഇന്ത്യയില്‍ ദളിത്‌, ന്യൂനപക്ഷങ്ങള്‍ക്ക്‌ എവിടെ, എന്തായിരിക്കും സ്‌ഥാനമെന്നാണു സെപ്‌റ്റംബര്‍ ലക്കം കത്തോലിക്കാസഭയുടെ മുഖ്യവാര്‍ത്ത ഉന്നയിക്കുന്ന ചോദ്യം.

ക്വിറ്റ്‌ ഇന്ത്യാദിനത്തെപ്പറ്റി അദ്ദേഹം നടത്തിയ പ്രതിമാസ റേഡിയോ പ്രഭാഷണത്തിലും 2017 മുതല്‍ 2022 വരെയുള്ള അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ ബി.ജെ.പി. സര്‍ക്കാര്‍ രൂപപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന പുതിയ ഇന്ത്യയെക്കുറിച്ച്‌ വിശദീകരിച്ചിരുന്നു. ഈ പ്രഖ്യാപനം ശ്രദ്ധിച്ചപ്പോഴും ഇന്ത്യയിലെ ദളിത്‌, ന്യൂനപക്ഷങ്ങളുടെ മനസില്‍ ഉയര്‍ന്ന ചോദ്യവും ഇതാണ്‌. ജൂണ്‍ 14 മുതല്‍ 18 വരെ ഗോവയില്‍ ഏതാനും തീവ്രഹിന്ദുത്വ സംഘടനകള്‍ പാസാക്കിയ പ്രമേയവും ഈ ജനവിഭാഗങ്ങളില്‍ ഉളവാക്കിയിട്ടുള്ള ആശങ്കയും ചെറുതല്ലെന്നു വാര്‍ത്തയില്‍ പറയുന്നു.

മൂന്നുവര്‍ഷത്തിനിടെ ദലിത്‌, മുസ്ലിം വിഭാഗങ്ങള്‍ക്കെതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമങ്ങളോ 23ലധികം പേരെ ഗോരക്ഷാപ്രവര്‍ത്തകര്‍ തല്ലിക്കൊന്നതോ മോഡി സൂചിപ്പിച്ചിട്ടില്ല. ഈ അക്രമങ്ങളും പട്ടാപ്പകലുള്ള തല്ലിക്കൊല്ലലും നടന്നത്‌ അദ്ദേഹത്തിന്റെ പാര്‍ട്ടി ഭരിക്കുന്ന യു.പി, ഝാര്‍ഖണ്ഡ്‌, ഗുജറാത്ത്‌, ഹരിയാന സംസ്‌ഥാനങ്ങളിലാണെന്നതും പ്രധാനമന്ത്രി മറന്നു.

ആക്രമണം നടത്തുന്നത്‌ സാമൂഹികവിരുദ്ധരാണെന്നും അതു തടയാന്‍ സംസ്‌ഥാനങ്ങള്‍ ശ്രമിക്കണമെന്നുമാണു പ്രധാനമന്ത്രി പറയുന്നത്‌. ഭരണത്തിലേറി നാലുവര്‍ഷമാകുമ്പോഴും നരേന്ദ്ര മോഡിയെന്ന മുന്‍ ആര്‍.എസ്‌.എസ്‌. നേതാവ്‌ താന്‍ ഇന്ത്യയുടെ പ്രധാമന്ത്രിയാണെന്നു തെളിയിക്കേണ്ടിയിരിക്കുന്നുവെന്നാണ്‌ "കത്തോലിക്കാസഭ" വ്യക്‌തമാക്കുന്നത്‌.