Latest News

വിവാഹത്തിന് ഒരു ദിവസം മാത്രമുള്ളപ്പോള്‍ പ്രതിശ്രുത വരന്‍ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി

2017-09-11 02:00:43am |

വൈക്കം: പ്രതിശ്രുത വരന്‍ ട്രെയിനിനു മുന്നില്‍ ജീവനൊടുക്കി. ചാലപ്പറമ്പ് പീടികചിറയില്‍ സുധീഷാ(35)ണ് മരിച്ചത്. ടി.വി. പുരം സ്വദേശിനിയുമായി നാളെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. ആമ്പല്ലൂര്‍ റെയില്‍വേ ക്രോസിനു സമീപമുള്ള അക്കാപാനത്ത് ട്രെയിന്‍ വരുന്നതു കണ്ട് റെയില്‍വേ പാളത്തിലേക്ക് ഇറങ്ങിനിന്നാണ് ജീവനൊടുക്കിയത്.

ഇന്നലെ രാവിലെ എട്ടോടെ ഇവിടെയെത്തിയ സുധീഷ് തൊട്ടടുത്തുള്ള കടയില്‍നിന്നു നാരാങ്ങാവെള്ളം വാങ്ങിക്കുടിക്കുകയും ലോട്ടറി ടിക്കറ്റെടുക്കുയും ചെയ്തു. ഈ സമയം ഇതുവഴി രണ്ടു ട്രെയിനുകള്‍ കടന്നുപോയി. മണിക്കൂറുകളോളം ഇയാള്‍ ഇവിടെ നില്‍ക്കുന്നതു കണ്ട് സംശയം തോന്നിയ പരിസരവാസികള്‍ ചോദിച്ചപ്പോള്‍ ഒരു സുഹൃത്തിനെ കാത്തുനില്‍ക്കുന്നുവെന്നാണ് പറഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു.

10.10 നു കടന്നുപോയ ജനശതാബ്ദി എക്‌സ്പ്രസിനു മുന്നില്‍ ചാടിയാണ് ജീവനൊടുക്കിയത്. സി.പി.എം. ചാലപ്പറമ്പ് ബ്രാഞ്ച് അംഗമായിരുന്നു സുധീഷ്. മുളന്തുരുത്തി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അമ്മ: ചന്ദ്രിക. സഹോദരങ്ങള്‍: സുരേഷ്, ധന്യ.