Latest News

വേങ്ങരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഭാര്യ തട്ടമിടാത്തത് പ്രചരണായുധമാക്കി യു.ഡി.എഫ്

2017-10-09 02:12:00am |

മലപ്പുറം: ഇസ്ലാം മത വിശ്വാസികളായ ചലച്ചിത്ര നടിമാരുടെ വസ്ത്രധാരണത്തെയും മറ്റും വിമര്‍ശിക്കുന്ന യാഥാസ്ഥിക സംഘം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇത്തരക്കാരുടെ ആക്രമണം ഇപ്പോള്‍ മലപ്പുറത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി.പി ബഷീറിന്റെ ഭാര്യയ്‌ക്കെതിരെയാണ്. ബഷീറിന്റെ ഭാര്യ തട്ടമിടുന്നില്ല എന്നതാണ് ഇവര്‍ കണ്ടെത്തിയ കുറ്റം.

ബഷീറിന്റെ ഭാര്യയുടെ തട്ടമിടാത്ത ചിത്രം ഉപയോഗിച്ചു കൊണ്ടുള്ള പ്രചരണം ഫെയ്‌സ്ബുക്കില്‍ വ്യാപകമാണ്. തട്ടമിടാതെ മമ്പുറം മഖാമിനടുത്ത് നില്‍ക്കുന്നതാണ് ഇവരെ പ്രകോപിപ്പിച്ചത്. ലീഗ് പ്രവര്‍ത്തകന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം യു.ഡി.എഫ് പ്രവര്‍ത്തകര്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. അസ്ലം അസ്ലു എന്ന ലീഗ് അനുഭാവിയാണ് ചിത്രം പോസ്റ്റ് ചെയ്തത്.

മമ്പുറം മഖാം സന്ദര്‍ശിച്ച ബസീറിന്റെ പെണ്ണിന്റെ കോലം കണ്ടോ തിരഞ്ഞെടുപ്പ് കഴിഞ്ഞു സമയം കിട്ടുമ്പോള്‍ ഒരു തട്ടം വാങ്ങി കൊടുക്കണം എന്റെ വസീറെ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെയിട്ട പോസ്റ്റിന് ഇതുവരെ 300ലധികം ഷെയര്‍ ലഭിച്ചിട്ടുണ്ട്.