Latest News

വരുമാനത്തില്‍ 16,000 ഇരട്ടി വര്‍ദ്ധന; വാര്‍ത്തയ്‌ക്കെതിരെ അമിത് ഷായുടെ മകന്‍ 100 കോടി രൂപയ്ക്ക് മാനനഷ്ടക്കേസ് നല്‍കി

2017-10-10 03:15:13am |

ന്യൂഡല്‍ഹി: തന്റെ വരുമാനം 16,000 മടങ്ങ് വര്‍ദ്ധിച്ചുവെന്ന വാര്‍ത്തയ്‌ക്കെതിരെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജെയ് ഷാ മാനനഷ്ടക്കേസ് നല്‍കി. 100 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കേസ് നല്‍കിയത്. ഇംീഷ് മാധ്യമമായ ദ വയറില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഏഴ് പേര്‍ക്കെതിരെയാണ് ജെയ് ഷാ മാനനഷ്ടക്കേസ് നല്‍കിയത്. രോഹിണി സിംഗ് എന്ന മാധ്യമപ്രവര്‍ത്തകയാണ് വാര്‍ത്ത പുറത്ത് കൊണ്ടു വന്നത്.

ജെയ് ഷാ ഡയറക്ടറായ ടെമ്പിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മൊത്തം വിറ്റുവരവില്‍ 16,000 ഇരട്ടി വര്‍ദ്ധനയുണ്ടായെന്നാണ് വാര്‍ത്ത. 2014-15ല്‍ കമ്പനിയുടെ വിറ്റുവരവ് 50,000 രൂപ ആയിരുന്നത് തൊട്ടടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 80.5 കോടി രൂപയായെന്നാണ് റിപ്പോര്‍ട്ട്. രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നിന്നും ലഭ്യമായ കണക്കുകളെ ഉദ്ധരിച്ചാണ് വാര്‍ത്ത. രാജ്യസഭാംഗം പ്രിമല്‍ നന്ദ്‌വാനിയുടെ ബന്ധുവും റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ സീനിയര്‍ എക്‌സിക്യൂട്ടീവുമായ രാജേഷ് ഖണ്ഡ്‌വാലയില്‍ നിന്ന് 15.78 കോടി രൂപ ജെയ് ഷായുടെ കമ്പനി കരസ്ഥമാക്കിയെന്നും വാര്‍ത്തയില്‍ പറയുന്നു.

ആരോപണം ബി.ജെ.പിക്ക് തലവേദനയായിരിക്കെയാണ് ജെയ് ഷാ മാനനഷ്ടക്കേസ് നല്‍കിയത്. ആരോപണം ഇന്നലെ തന്നെ ജെയ് ഷാ നിഷേധിച്ചിരുന്നു. തന്നേയും പിതാവിന്റെ രാഷ്ട്രീയത്തേയും കരിവാരിത്തേക്കാന്‍ ഉദ്ദേശിച്ചാണ് വാര്‍ത്തയെന്ന് ജെയ് ഷാ പറഞ്ഞു. താന്‍ നിയമപരമായാണ് ബിസിനസ് ചെയ്യുന്നത്. തന്റെ നികുതി രേഖകളും ബാങ്ക് ഇടപാടിന്റെ രേഖകളും ഇക്കാര്യം വ്യക്തമാക്കുന്നുവെന്നും ജെയ് ഷാ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം വാര്‍ത്തയില്‍ വിശദീകരണവുമായി രോഹിണി സിംഗ് ഇന്ന് രംഗത്ത് വന്നിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ നിലപാട് വ്യക്തമാക്കിയത്. സത്യം പറയുക എന്നതാ​ണ് തന്റെ പ്രാഥമിക ദൗത്യം എന്നായിരുന്നു രോഹിണിയുടെ വിശദീകരണം.