Latest News

കഴിക്കാന്‍ കയറിയ ഹോട്ടലില്‍ നിന്നും കാണാതായി; കണ്ടെത്തിയത് പിറ്റേന്ന് അവശനിലയില്‍ ; എംഎം മണിയുടെ അനുജന്റെ മരണം ദുരൂഹം

2017-10-10 03:15:43am |

കുഞ്ചിത്തണ്ണി/അടിമാലി: തലയ്ക്കു പരുക്കേറ്റ നിലയില്‍ റോഡരികില്‍ കണ്ടെത്തിയ, മന്ത്രി എം.എം. മണിയുടെ ഇളയ സഹോദരന്‍ എം.എം. സനകന്റെ (56) അസ്വാഭാവിക മരണത്തിന് വെള്ളത്തൂവല്‍ പോലീസ് കേസെടുത്തു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ മൂന്നിനായിരുന്നു മരണം. സംഭവത്തിലെ ദൂരൂഹത വിശദമായി അന്വേഷിക്കുമെന്ന് എസ്.ഐ: എസ്. ശിവലാല്‍ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച ഭാര്യയ്‌ക്കൊപ്പം കുഞ്ചിത്തണ്ണിയിലേക്കു വരുന്നതിനിടെ ഭക്ഷണം കഴിക്കാനായി അടിമാലിയിലെ ഹോട്ടലില്‍ കയറി. അവിടെ നിന്നു കാണാതായ സനകനെ പിറ്റേന്ന് ഉച്ചയോടെ വെള്ളത്തൂവലിനു സമീപം കുത്തുപാറയില്‍ അവശനിലയിലാണു കണ്ടെത്തിയത്. വിവരം പോലീസില്‍ അറിയിച്ചതിനുശേഷം നാട്ടുകാര്‍ ചേര്‍ന്ന് വെള്ളത്തൂവലില്‍ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലുമെത്തിക്കുകയായിരുന്നു.

തലയ്ക്കുള്ളില്‍ സാരമായ പരുക്കുണ്ടെന്നു കണ്ടെത്തിയതോടെ ശനിയാഴ്ച രാത്രിതന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. തലയ്ക്കുള്ളിലെ രക്തസ്രാവമാണു മരണകാരണമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. അടിമാലിയില്‍ കാണാതായ അനുജനെ കുത്തുപാറയില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി എം.എം. മണി പറഞ്ഞു.

കുടുംബസമേതം കുഞ്ചിത്തണ്ണി ഇരുപതേക്കറിലെ തറവാട്ടിലാണ് സനകന്‍ താമസിച്ചിരുന്നത്. ഒരു മാസം മുന്‍പ് തല്‍ക്കാലത്തേക്ക് അടിമാലിക്കു സമീപം പത്താം മൈലിലേക്ക് മാറുകയായിരുന്നു.പോസ്റ്റ്‌േമാര്‍ട്ടത്തിനു ശേഷം ഇന്നലെ െവെകിട്ട് നാട്ടിലെത്തിച്ച മൃതദേഹം സഹോദരന്‍ എം.എം. ലംബോദരന്റെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം തറവാട്ടുവളപ്പിലാണു സംസ്‌കരിച്ചത്. അതേസമയം സനകന്‍ ഏറെ നാളായി വിവിധ രോഗങ്ങള്‍ക്കു ചികിത്സയിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോലീസ് അന്വേഷണം നടത്തുകയാണ്.