Latest News

ഇടിത്തീയായി സോളാര്‍, കോണ്‍ഗ്രസിനുള്ളില്‍ നീറിപ്പിടിക്കുന്നു; ഉള്ളില്‍ സന്തോഷിച്ച് ഐ ഗ്രൂപ്പ്, ഒറ്റപ്പെട്ട് എ ഗ്രൂപ്പ്

2017-10-12 02:02:21am |

തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഇടതു സര്‍ക്കാരിന്റെ നീക്കങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നു വാദിക്കുമ്പോഴും അതു കോണ്‍ഗ്രസിനുള്ളില്‍ നീറിപ്പിടിക്കുന്നു. കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ ഇത് വലിയ സ്വാധീനം ചെലുത്തും. മുസ്ലിംലീഗിന്റെ കോട്ടയായ വേങ്ങരയില്‍ വോട്ട് കുറഞ്ഞാല്‍ അതിന്റെ പാപഭാരവും കോണ്‍ഗ്രസിന്റെ മേലാകും പതിക്കുക.

നാലു വര്‍ഷം മുമ്പ് സോളാര്‍ വിവാദമുയര്‍ന്നത് കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പുകള്‍ പോരിന് ആയുധമാക്കിയിരുന്നു. അതുകൊണ്ടുതന്നെ കമ്മിഷന്‍ റിപ്പോര്‍ട്ടും അതിന്മേലുള്ള നടപടികളും പാര്‍ട്ടിയില്‍ പൊട്ടിത്തെറിക്കു വഴിവയ്ക്കും. ഉമ്മന്‍ ചാണ്ടിയില്‍ തുടങ്ങി ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബെന്നി ബഹനാന്‍, തമ്പാനൂര്‍ രവി തുടങ്ങി എ ഗ്രൂപ്പിന്റെ നേതാക്കളെല്ലാം സോളാറിന്റെ കുടുക്കിലായി.

മുഖ്യമന്ത്രി പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം അന്വേഷണ കമ്മിഷന്റെ കുന്തമുന നീളുന്നത് ഉമ്മന്‍ ചാണ്ടിയിലേക്കാണ്. മനഃസാക്ഷി സൂക്ഷിപ്പുകാരെന്നു വിശേഷിപ്പിക്കപ്പെടുന്നരെയും ''സൂര്യഗ്രഹണം'' ബാധിച്ചത് അദ്ദേഹത്തിനു വല്ലാത്ത തിരിച്ചടിയാണ്. സംഘടനാ തെരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ നില്‍ക്കുന്ന കോണ്‍ഗ്രസില്‍ ഇത് സമവാക്യങ്ങള്‍ മാറ്റിമറിക്കും. അടുത്ത കെ.പി.പി.സി. പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിനാണു കിട്ടേണ്ടത്.

ഉമ്മന്‍ ചാണ്ടിയുമായി ആത്മബന്ധമുള്ള ബെന്നി ബഹനാനെയാണ് എ ഗ്രൂപ്പ് ശിപാര്‍ശ ചെയ്തിരുന്നത്. സോളാര്‍ റിപ്പോര്‍ട്ടോടെ അതിനുള്ള സാധ്യത അടഞ്ഞു. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ചുക്കാന്‍ ഇതോടെ പൂര്‍ണമായും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ െകെയിലെത്തും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് പിടിമുറുക്കിയ രാഹുല്‍ ഗാന്ധി ഇടഞ്ഞുനിന്ന ഉമ്മന്‍ ചാണ്ടിയെ അനുനയിപ്പിക്കാന്‍ ചില വിട്ടുവീഴ്ചയ്ക്കു തയാറായിരുന്നു. പുതിയ സാഹചര്യങ്ങളില്‍ ഉമ്മന്‍ ചാണ്ടിയുടെ വിലപേശല്‍ ശേഷി നഷ്ടപ്പെട്ടു.

ഉമ്മന്‍ ചാണ്ടി പദവികളില്‍നിന്ന് വിട്ടുനില്‍ക്കുന്ന നിലയ്ക്ക് സോളാറിലെ തിരിച്ചടി അദ്ദേഹത്തിനു മാത്രമാണെന്നും കോണ്‍ഗ്രസിനെ ബാധിക്കില്ലെന്നും വാദിക്കുന്നവരുണ്ട്. എന്നാല്‍ എ ഗ്രൂപ്പിന് ഇത് വലിയ തിരിച്ചടിയാണ്.

പാര്‍ട്ടിയെയും നേതാക്കളെയും ന്യായീകരിക്കാന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നെങ്കിലും ഐ ഗ്രൂപ്പ് ഉള്ളില്‍ സന്തോഷിക്കുന്നുണ്ട്. വേങ്ങര തെരഞ്ഞെടുപ്പായതിനാല്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നെന്നു മാത്രം. വേങ്ങരയില്‍ വോട്ട് നഷ്ടമെങ്കിലുമുണ്ടായാല്‍ സോളാറില്‍ പഴിചാരി രമേശ് ചെന്നിത്തലയ്ക്ക് ഐ ഗ്രൂപ്പ് സംരക്ഷണമൊരുക്കും. ഭൂരിപക്ഷം കുറഞ്ഞാലുള്ള ഉത്തരവാദിത്തം പോലും ഉമ്മന്‍ ചാണ്ടിയുടെ ചുമലിലാകും.