Latest News

സ്ത്രീവിഷയത്തില്‍ ​കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ വീണു ; ദേശീയതലത്തില്‍ തന്നെ പ്രതിഛായയെ ബാധിക്കുമെന്നു കേന്ദ്രനേതൃത്വത്തിന് ഭയം

2017-10-13 03:33:17am |

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് സംസ്ഥാനനേതൃനിരയിലെ പ്രബലവിഭാഗമൊന്നടങ്കം സോളാര്‍ കുരുക്കില്‍പെട്ടതോടെ പാര്‍ട്ടിയുടെ മുഖം വീണ്ടെടുക്കാന്‍ െഹെക്കമാന്‍ഡ് ഇടപെടുന്നു. കെ.പി.സി.സി. അധ്യക്ഷന്‍ എം.എം. ഹസന്‍, ഉമ്മന്‍ ചാണ്ടി, വി.എം. സുധീരന്‍, വി.ഡി. സതീശന്‍ എന്നിവരെ ഡല്‍ഹിക്കു വിളിപ്പിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഡല്‍ഹിയിലുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞു നടക്കുന്ന ചര്‍ച്ചയ്ക്കു മുന്നോടിയായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു സോളാര്‍ കേസ് വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ട് െകെമാറി.

സമാനതകളില്ലാത്ത പ്രതിസന്ധിയാണു പാര്‍ട്ടി കേരളത്തില്‍ നേരിടുന്നതെന്നാണു െഹെക്കമാന്‍ഡ് വിലയിരുത്തല്‍. സ്ത്രീവിഷയത്തില്‍ നേതാക്കള്‍ കൂട്ടത്തോടെ നിയമനടപടി നേരിടുന്നതു ദേശീയതലത്തില്‍തന്നെ പാര്‍ട്ടിയുടെ പ്രതിഛായയെ ബാധിക്കുമെന്നും കേന്ദ്രനേതൃത്വം ഭയക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കേന്ദ്രനേതൃത്വത്തെ വെല്ലുവിളിച്ച ഉമ്മന്‍ ചാണ്ടിയോടു െഹെക്കമാന്‍ഡിനു നീരസമുണ്ടെങ്കിലും ഇപ്പോഴത്തെ പ്രതിസന്ധി ഒറ്റക്കെട്ടായി നേരിടാനാണു നിര്‍ദേശം. സംസ്ഥാനരാഷ്ട്രീയത്തിലെ നിലനില്‍പ്പിന്റെ പ്രശ്‌നമായതിനാല്‍ ഐ ഗ്രൂപ്പും മുതലെടുപ്പിനു ശ്രമിക്കാനിടയില്ല.

വനിതാസംവരണ ബില്ലും സ്ത്രീസുരക്ഷാനിയമങ്ങളും കൊണ്ടുവന്നു പ്രതിഛായ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ സ്ത്രീപീഡനക്കേസില്‍ ഉള്‍പ്പെട്ടതു െഹെക്കമാന്‍ഡിനെ ആശങ്കപ്പെടുത്തുന്നു. സോളാര്‍ കേസ് രാഷ്ട്രീയമുതലെടുപ്പിന്റെ ഭാഗമാണെന്ന മറുവാദമുന്നയിച്ച് പ്രതിരോധം തീര്‍ക്കാനാകും െഹെക്കമാന്‍ഡിന്റെ നിര്‍ദേശം. അക്രമരാഷ്ട്രീയം ചര്‍ച്ചയാക്കി ദേശീയതലത്തില്‍ ബി.ജെ.പിയും സി.പി.എമ്മും പോര്‍മുഖം തുറന്നതോടെ കേരളത്തില്‍ കോണ്‍ഗ്രസ് അപ്രസക്തമായി മാറുന്നുവെന്ന ആശങ്കയും െഹെക്കമാന്‍ഡിനുണ്ട്. ഈ സാഹചര്യത്തില്‍ ഒറ്റക്കെട്ടായി പ്രതിസന്ധി നേരിടേണ്ടതിന്റെ പ്രാധാന്യം െഹെക്കമാന്‍ഡ് കേരളത്തിലെ നേതാക്കളെ ഓര്‍മിപ്പിക്കും. 18, 25 തീയതികളില്‍ യു.ഡി.എഫ്. യോഗം ചേരുന്നതിനു മുമ്പ് സോളാര്‍ വിഷയത്തില്‍ കൃത്യമായ രാഷ്ട്രീയനിലപാട് െകെക്കൊള്ളേണ്ടതുമുണ്ട്.

ഉമ്മന്‍ ചാണ്ടിയടക്കം എ ഗ്രൂപ്പിലുള്ളവരാണു പ്രധാനമായും പ്രതിക്കൂട്ടിലായതെങ്കിലും പാര്‍ട്ടിക്ക് അടിപതറിയാല്‍ നേതൃസ്ഥാനം പിടിച്ചടക്കുന്നതുകൊണ്ടു കാര്യമില്ലെന്ന ബോധ്യം രമേശ് ചെന്നിത്തലയ്ക്കുമുണ്ട്. ഗ്രൂപ്പ് പോരില്‍ കുരുങ്ങിയ സംഘടനാതെരഞ്ഞെടുപ്പിലെ പ്രതിസന്ധി പരിഹരിക്കാനും െഹെക്കമാന്‍ഡ് ഇടപെടും. ഇന്നത്തെ ചര്‍ച്ചയില്‍ സംഘടനാതെരഞ്ഞെടുപ്പും അജന്‍ഡയിലുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ സംഘടനാതെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടും കേരളത്തില്‍ വഞ്ചി തിരുനക്കരെത്തന്നെയാണ്. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ കാര്യത്തില്‍ െഹെക്കമാന്‍ഡ് ഇടപെടല്‍ കൂടുതല്‍ ശക്തമാകും.

സോളാര്‍ കേസ് നാണക്കേടായതോടെ െഹെക്കമാന്‍ഡിനെ എതിര്‍ക്കാന്‍ ഗ്രൂപ്പ് നേതൃത്വങ്ങള്‍ക്കു കഴിയുകയുമില്ല. നവംബറോടെ നടക്കേണ്ട കെ.പി.സി.സി, ഡി.സി.സി. ഭാരവാഹികളുടെ നിയമനത്തിലും െഹെക്കമാന്‍ഡ് മേധാവിത്വമാകും പ്രതിഫലിക്കുക. സംസ്ഥാനനേതൃനിരയിലെ താപ്പാനകളെ മറികടന്ന് രാഹുല്‍ ബ്രിഗേഡ് അധികാരം പിടിച്ചെടുക്കുമെന്നാണു സൂചന. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് എത്തുന്നതോടെ ഗ്രൂപ്പ് നേതാക്കളുടെ ശക്തി ക്ഷയിക്കുകയും ചെയ്യും.