Latest News

സോളാറില്‍ പൊള്ളലേറ്റവര്‍ തണല്‍ തേടി നെട്ടോട്ടത്തില്‍ ; അഴിമതി പരാമര്‍ശങ്ങളെക്കാള്‍ പ്രമുഖരെ തറപറ്റിച്ചതു ലൈംഗികപീഡന ബോംബ്

2017-10-13 03:33:40am |

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടിലെ പ്രതിഛായാനഷ്ടം പരിഹരിക്കാന്‍ നേതാക്കള്‍ നെട്ടോട്ടത്തില്‍. റിപ്പോര്‍ട്ടിലെ അഴിമതി പരാമര്‍ശങ്ങളെക്കാള്‍ പ്രമുഖരെ തറപറ്റിച്ചതു െലെംഗികപീഡന ബോംബാണ്. വിജിലന്‍സ് കേസിനെക്കാള്‍ ഇതു സംബന്ധിച്ച ക്രിമിനല്‍ കേസ് അന്വേഷണമാണു നേതാക്കളെ ആശങ്കപ്പെടുത്തുന്നത്.

വാദിച്ചുനില്‍ക്കാനെങ്കിലുമുള്ള തത്രപ്പാടിലാണ് ആരോപണവിധേയരായ കോണ്‍ഗ്രസ് നേതാക്കളെല്ലാം. റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാതെ പരസ്യപ്പെടുത്തിയ സര്‍ക്കാരിനെ കടന്നാക്രമിക്കുന്ന നീക്കം ഇതിന്റെ ഭാഗമായാണ്. അതിനൊപ്പം കോണ്‍ഗ്രസ് ആവര്‍ത്തിച്ചാരോപിക്കുന്ന സി.പി.എം-ബി.ജെ.പി. ബാന്ധവവും ഉയര്‍ത്തിക്കാട്ടും.

കമ്മിഷന്റെ പരിഗണനാവിഷയങ്ങളിലാണു കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നത്. എന്നാല്‍, നിയമസഭയിലും പുറത്തും ഉന്നയിക്കപ്പെട്ട എല്ലാ വിഷയവും കമ്മിഷനു പരിഗണിക്കാമെന്ന വ്യവസ്ഥ ഈ പ്രതിരോധത്തെ ദുര്‍ബലമാക്കുന്നു. സോളാറിനൊപ്പം കൂനിന്മേല്‍ കുരുവായി ടി.പി. വധക്കേസും കോണ്‍ഗ്രസിനെ തിരിഞ്ഞുകൊത്തിത്തുടങ്ങി. ടി.പി. കേസിലെ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി യുവതുര്‍ക്കി വി.ടി. ബല്‍റാം രംഗത്തുവന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബലറാമിന്റെ ആരോപണത്തോടു പ്രതികരിച്ചിട്ടുണ്ട്.

സോളാര്‍ റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി വിവരാവകാശനിയമപ്രകാരം ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് വായിച്ചശേഷം നിയമനടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച നടപടികള്‍ പരസ്യപ്പെടുത്തിയതിന് ഉമ്മന്‍ ചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ കെ.സി. ജോസഫ് സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടീസും നല്‍കി. ഇത്തരം നീക്കങ്ങളിലൂടെ ചര്‍ച്ചകളില്‍ പിടിച്ചുനില്‍ക്കാനാണു കോണ്‍ഗ്രസിന്റെ ശ്രമം.

െലെംഗിക സംതൃപ്തിയെ െകെക്കൂലിയായി കണക്കാക്കാമെന്ന കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകാം. അതു മറികടക്കാനുള്ള വഴികളും നേതാക്കള്‍ ആരാഞ്ഞുതുടങ്ങി. ഇതിന്റെ ഭാഗമായാണു കമ്മിഷന്റെ പരിഗണനാവിഷയങ്ങള്‍ ചര്‍ച്ചയാക്കാനുള്ള നീക്കം. ഇക്കാര്യത്തില്‍ പ്രതിരോധമുയര്‍ത്തിയിട്ടു കാര്യമില്ലെന്നു വാദിക്കുന്നവരും പാര്‍ട്ടിയിലുണ്ട്. അവര്‍ പരസ്യപ്രതികരണത്തിനു തയാറല്ലെങ്കിലും െഹെക്കമാന്‍ഡിനെ ഇക്കാര്യം അറിയിക്കാന്‍ നീക്കം തകൃതിയാണ്.