Latest News

"പ്രണയംനടിച്ച് മതംമാറ്റത്തിന് സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ; തൊഴിലിടങ്ങളില്‍ ലേബര്‍ ജിഹാദ്, ലാന്‍ഡ് ജിഹാദ് എന്നിവയും സജീവം"

2017-10-13 03:37:36am |

തിരുവനന്തപുരം: തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തുടങ്ങി എല്ലായിടത്തും മതംമാറ്റത്തിന് സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രണയംനടിച്ച് മതം മാറ്റാന്‍ ലൗ ജിഹാദ് പോലെ, തൊഴിലിടങ്ങളില്‍ ലേബര്‍ ജിഹാദ്, ലാന്‍ഡ് ജിഹാദ് എന്നിവയും സജീവമാണെന്ന് ഇസ്ലാംമതം സ്വീകരിച്ച് കണ്ടെത്തിയ പങ്കാളിയുമായി അഫ്ഗാനിസ്ഥാനിലേക്കു പോയ നിമിഷയുടെ അമ്മ ബിന്ദു. മറ്റു സംസ്ഥാനങ്ങളിലേക്ക് ജോലിതേടിയും ഉപരി പഠനത്തിനും പോകുന്ന പെണ്‍കുട്ടികളാണ് കൂടുതലായും മതംമാറ്റത്തിന് വശംവദരാകുന്നതെന്നും എന്നാല്‍, ഇത്തരക്കാരുടെ വിവരങ്ങള്‍ സര്‍ക്കാരോ മതവിഭാഗങ്ങളോ പരസ്യമാക്കാറില്ലെന്നും അവര്‍ വ്യക്തമാക്കി.

മതംമാറ്റത്തിന് വിധേയമായ ശേഷം തിരിച്ചു വന്നവരും ഏറെയാണ്. മകള്‍ ഭീകരുടെ കെണിയില്‍നിന്നു തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ രാപ്പകല്‍ തള്ളിനീക്കുകയാണ് ബിന്ദു. ആറ്റുകാല്‍ ക്ഷേത്രത്തിനു പിറകുവശത്തെ വീട്ടില്‍ വഴിക്കണ്ണുമായി കാത്തിരിക്കുന്ന ബിന്ദു കുറ്റബോധവും വേദനയും നിറഞ്ഞ വാക്കുകളാണ് പങ്കുവയ്ക്കുന്നത്. മകള്‍ െകെക്കുഞ്ഞുമായി വരുമെന്നു കിനാവുകാണുന്നു. 2016 ജൂണ്‍ നാലിനാണ് മകളെ അവസാനമായി കണ്ടത്. പിന്നീടിതു വരെ യാതൊരു വിവരവുമില്ല. ''പെണ്‍മക്കള്‍ വഴിപിഴച്ചു പോകാതിരിക്കാന്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന മാതാപിതാക്കളുടെ പരിഭവങ്ങള്‍ ആരാണ് ചെവിക്കൊള്ളുക? മുട്ടാത്ത വാതിലുകളില്ല. മകള്‍ തിരിച്ചുവരുമെന്നു വിശ്വസിക്കാനാണിഷ്ടം. അവള്‍ വരുന്നതു വരെ കണ്ണീരുണങ്ങില്ല. പേരക്കുട്ടിയെ കണ്ടിട്ടേ മരണത്തിനു പോലും കീഴടങ്ങൂ''-ഇതു പറയുമ്പോള്‍ ബിന്ദുവിന്റെ ഉള്ളം പിടയുന്നു.

കാസര്‍ഗോഡ് പൊയ്‌നാച്ചി സെഞ്ച്വറി ഡെന്റല്‍ കോളജില്‍ ഉപരിപഠനത്തിനു പോയ മകള്‍ അഫ്ഗാനിസ്ഥാനിലാണെന്ന് അറിയുന്നതു വരെയുള്ള സംഭവങ്ങള്‍ ഞെട്ടലോടെയാണ് ഈ അമ്മ ഓര്‍ത്തെടുക്കുന്നത്. ലൗ ജിഹാദിന്റെ ഇരയായിരുന്നു മകളെന്ന് ബിന്ദു പറയുന്നു. ഭരണ സംവിധാനങ്ങളില്‍ നിന്നു സഹായമോ സംരക്ഷണമോ ലഭിക്കാത്തതിന്റെ വേദനയും ഇവര്‍ മറച്ചുവയ്ക്കുന്നില്ല. നിമിഷയെ വഴിതെറ്റിച്ചതില്‍ കൂട്ടുകാര്‍ക്കും വ്യക്തമായ പങ്കുണ്ട്. പഠനകാലത്തെ മകളുടെ രഹസ്യബന്ധങ്ങള്‍ക്ക് കുടപിടിച്ചത് കൂട്ടുകാരാണ്. ആദ്യ പ്രണയത്തോടെ നിമിഷ മതം മാറിയിരുന്നു. എന്നാല്‍, മതംമാറി വന്നതിനാല്‍ വിവാഹം കഴിക്കാനാവില്ലെന്ന് പറഞ്ഞതിനാല്‍ ആദ്യബന്ധം തകര്‍ന്നു. പിന്നീടു പാലക്കാട് സ്വദേശിയോടൊപ്പമാണ് ശ്രീലങ്കയിലേക്കു പോകുന്നുവെന്ന് പറഞ്ഞ് നിമിഷ കേരളം വിടുന്നത്. മകള്‍ അഫ്ഗാനിസ്ഥാനിലേക്കു പോയെന്ന് ബിന്ദു അറിയുന്നതു തന്നെ ഏറെ െവെകിയാണ്. അവിടെ പെണ്‍കുഞ്ഞിനെ പ്രസവിച്ചെന്ന സന്ദേശം തന്റെ ഫോണില്‍ വന്നെന്നും ബിന്ദു പറഞ്ഞു.

ഏതൊരമ്മയ്ക്കും സ്വന്തം പേരക്കുട്ടിയെ കാണണമെന്ന് മോഹം തോന്നാറുണ്ട്. സ്വന്തം മകളുടെ സുഖവും പേരക്കുട്ടിയെ കാണാനുള്ള ആഗ്രഹവും വര്‍ധിച്ചതോടെ മരുമകന്റെ പാലക്കാട്ടുള്ള ബന്ധുക്കളെ തേടി പോയി. അവിടെ നിന്നു ലഭിച്ച വിവരം ഞെട്ടിക്കുന്നതായിരുന്നു. മകളും ഭര്‍ത്താവും ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടെന്നും മകളെ മനുഷ്യബോംബാക്കി മാറ്റുന്നതിനുള്ള പരിശീലനത്തിലാണെന്നുമാണ് അവര്‍ അറിയിച്ചത്. മകളെ ഇനി അന്വേഷിക്കേണ്ടതില്ലെന്നും മരുമകന്റെ വീട്ടുകാര്‍ പറഞ്ഞു.

ഇതിനു ശേഷമാണ് ബിന്ദു നിയമയുദ്ധം ആരംഭിച്ചത്. ഹാദിയാക്കേസില്‍ കക്ഷി ചേരാന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയതും മകളുടെ മതംമാറ്റ തിരോധാനത്തിന് അറുതിവരുത്താനാണ്. കേരളത്തില്‍ ഇനിയൊരു പെണ്‍കുട്ടിയും മതംമാറ്റച്ചതിക്കുഴികളില്‍ വീഴാന്‍ പാടില്ലെന്ന് ഈ അമ്മ പറയുന്നു. തന്നെ സഹായിക്കാന്‍ ഹിന്ദു സംഘടനകളോ, സര്‍ക്കാര്‍ സംവിധാനങ്ങളോ ഇല്ല. സ്വന്തം മകള്‍ നഷ്ടപ്പെടുന്ന ഏതൊരമ്മയും നടത്തുന്ന നിയമപോരാട്ടത്തിലാണു താനെന്നും ബിന്ദു പറഞ്ഞു.