Latest News

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഡോക്ടറെയും സാക്ഷിയാക്കി; പോലീസില്‍ ആശയക്കുഴപ്പം

2017-11-10 07:33:31am |

കൊച്ചി: നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന്റെ കുടുംബ ഡോക്ടറെ പോലീസ് പ്രോസിക്യൂഷന്‍ സാക്ഷിയാക്കി. ദിലീപ് ചികിത്സയില്‍ ആയിരുന്നുവെന്ന് വ്യാജരേഖയുണ്ടാക്കിയെന്ന് പോലീസ് സംശയിക്കുന്ന ആലുവ അന്‍വര്‍ ആശുപത്രിയിലെ ഡോക്ടര്‍ ഹൈദരലിയെ ആണ് സാക്ഷിയാക്കിയത്. 'മംഗളം ടെലിവിഷന്‍' ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ദിലീപിന്റെ കുടുംബ ഡോക്ടര്‍ കൂടിയാണ് ഡോ.ഹൈദരലി.

നടി ആക്രമിക്കപ്പെട്ട ദിവസം പനിയായിരുന്ന ദിലീപ് തന്റെ കീഴില്‍ ചികിത്സയിലായിരുന്നുവെന്നാണ് ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. എന്നാല്‍ ദിലീപ് ആശുപത്രിയില്‍ ഇല്ലാതിരുന്ന ദിവസവും ചികിത്സാരേഖയുണ്ടാക്കിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇത് ദിലീപ് ആവശ്യപ്പെട്ടിട്ടാണെന്നാണ് ഡോക്ടര്‍ പോലീസിന് നല്‍കിയ മൊഴി. ദിലീപിനെതിരെ രണ്ട് നഴ്‌സുമാരുടെ രഹസ്യമൊഴിയും അന്വേഷണ സംഘം എടുത്തിരുന്നു. മാത്രമല്ല, ദിലീപ് ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ചെന്നിരുന്നതായും പോലീസ് പറയുന്നു.

വ്യാജരേഖ ഉണ്ടാക്കിയെന്നാണ് നഴ്‌സുമാര്‍ രഹസ്യ മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈദരലിയെ പ്രതിയാക്കാനായിരുന്നു പോലീസ് ആദ്യം തീരുമാനിച്ചിരുന്നത്. ഉന്നത ഇടപെടലിനെ തുടര്‍ന്ന് സാക്ഷിയാക്കി മാറ്റുകയായിരുന്നു. ഡോക്ടറെ സാക്ഷിയാക്കിയതില്‍ പോലീസില്‍ തന്നെ ആശയക്കുഴപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ദിലീപ് വ്യാജ ചികിത്സാ രേഖയുണ്ടാക്കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ അത് നിഷേധിച്ച് ഡോക്ടര്‍ നേരിട്ട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ദിലീപ് പകല്‍ തന്റെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നുവെന്നും രാത്രിസമയത്ത് വീട്ടില്‍ പോവുകയായിരുന്നു പതിവെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. നാലു ദിവത്തോളം ചികിത്സയില്‍ തുടര്‍ന്നിരുന്നു.

ഫെബ്രുവരി17നാണ് നടി ആക്രമിക്കപ്പെട്ടത്. ഈ ദിവസം ദിലീപ് രാത്രി വൈകിയും ഫോണില്‍ പലലരുമായി ബന്ധപ്പെട്ടുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ താന്‍ ഫെബ്രുവരി 14 മുതല്‍ 21 വരെ പനി ബാധിച്ച് വീട്ടില്‍ വിശ്രമിക്കുകയായിരുന്നുവെന്നും ഷൂട്ടിംഗ് വരെ നിര്‍ത്തിവച്ചാണ് വിശ്രമിച്ചിരുന്നതെന്നും ദിലീപും വ്യക്തമാക്കിയിരുന്നു.