Latest News

കത്തുപയോഗിച്ചു ബ്‌ളാക്ക് മെയിലിംഗ് ബിജുവിന്റെ ബുദ്ധി നടപ്പാക്കിയത് സരിത; ആദ്യ പരിഗണനാവിഷയം തന്നെ ഉമ്മന്‍ചാണ്ടിയെ കുറ്റക്കാരനാക്കി

2017-11-10 07:35:19am |

തിരുവനന്തപുരം: ടീം സോളാര്‍'' കമ്പനിയുടെ ബുദ്ധികേന്ദ്രം ഡോ: ആര്‍.ബി. നായര്‍ എന്നറിയപ്പെടുന്ന ബിജു രാധാകൃഷ്ണനായിരുന്നുവെന്ന് സോളാര്‍ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. ആ ബുദ്ധി സരിത എസ്. നായര്‍ കാര്യക്ഷമമായി നടപ്പാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ രണ്ടാളുകളും അവര്‍ കൂട്ടായോ ഒറ്റയ്‌ക്കോ അവരുടെ വിദ്യാഭ്യാസ യോഗ്യതകള്‍, പ്രഫഷണല്‍ യോഗ്യതകള്‍, വിദേശകമ്പനികളുടെ റീജണല്‍ തലവന്മാര്‍, എന്ന നിലയിലും മുഖ്യമന്ത്രി നല്‍കിയതാണെന്ന തരത്തില്‍ ചില പേപ്പറുകള്‍ കാട്ടിയും തട്ടിപ്പ് നടത്തി.

സരിത എസ്. നായര്‍ മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫിന്റെ മൊെബെല്‍ ഫോണുകളില്‍ ബന്ധപ്പെടുകയും സ്പീക്കറിലിട്ട് ഉപയോക്താക്കളെ കേള്‍പ്പിക്കുകയും ചെയ്തു. ഉപയോക്താക്കളെ കിന്‍ഫ്രാ പാര്‍ക്കുകളില്‍ കൊണ്ടുപോയി പ്ലോട്ടുകളും മറ്റും ലഭിക്കുമെന്നുള്ള സ്വാതന്ത്ര്യം കാട്ടുകയും ചെയ്തു. ഉപയോക്താക്കളുമായി ടീം സോളാര്‍ ഏര്‍പ്പെട്ട പല കരാറുകളിലും ലംഘനമുണ്ടായിട്ടുണ്ട്. അങ്ങനെയുള്ളവയില്‍ പലതും കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കുകയും ചിലതില്‍ കേസ് ഫയല്‍ ചെയ്യാതിരിക്കുകയും ചെയ്തിട്ടുണ്ട്.

ലളിതമായി പറഞ്ഞാല്‍ ഇവയൊക്കെ കരാര്‍ ലംഘനത്തിന്റെ കേസുകള്‍ മാത്രമാണ്. അവയെല്ലാം സിവില്‍ നടപടക്രമങ്ങള്‍ മാത്രമാണ്. ഈ സ്വഭാവത്തിലുള്ള ചില ക്രിമിനല്‍ പരാതികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, ഇതില്‍ പ്രസക്തമാകുന്നത് അവരുടെ ഉപഭോക്താക്കളെ വഞ്ചിക്കുന്ന കുറ്റത്തിന്റെ ഘടകങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുപ്രവര്‍ത്തകര്‍, എന്നിവരുടെ ഭാഗത്തുനിന്നുള്ള അഴിമതിയുണ്ടോയെന്നതാണെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു. 21 പേജുള്ള കത്തില്‍ ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് സരിത ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. ഇതു പ്രയോജനപ്പെടുത്തി പരാതിക്കാര്‍ക്കു പണം നല്‍കി കേസുകള്‍ ഒത്തുതീര്‍ത്തുവെന്നും കുറ്റപ്പെടുത്തലുണ്ട്.

അന്വേഷണ സംഘത്തെയും റിപ്പോര്‍ട്ട് രൂക്ഷമായി വിമര്‍ശിക്കുന്നു. മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം ശ്രമിച്ചു. സരിതയുമായി സംസാരിച്ചത് പഴ്‌സണല്‍ സ്റ്റാഫ് മാത്രമെന്ന് വരുത്താന്‍ ശ്രമിച്ചെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു. സോളാര്‍ തട്ടിപ്പിലെ കുറ്റക്കാരെ ചൂണ്ടിക്കാട്ടുന്നതു ജുഡീഷ്യല്‍ കമ്മിഷന്റെ പരിഗണനാവിഷയങ്ങളില്‍ ആദ്യത്തേതില്‍.

സോളാര്‍ തട്ടിപ്പും അനുബന്ധ സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് നിയമസഭയ്ക്കകത്തും പുറത്തും ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങളില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോയെന്നായിരുന്നു പരിഗണനാവിഷയങ്ങളില്‍ ഒന്നാമത്തേത്. അവ്യക്തമായ ഈ പരിഗണനാവിഷയം, പിന്നീട് 2014ല്‍ വിശദമാക്കി കമ്മിഷന്‍ സ്പഷ്ടീകരിച്ചിരുന്നു. സര്‍ക്കാരിന്റെ അനുമതിയോടെയാണിതെന്നാണ് കമ്മിഷന്‍ വിശദീകരണം. ഇതിനു വിശദമായ മറുപടിയാണ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഓഫീസ്, പേഴ്‌സണല്‍ അസിസ്റ്റന്റുമാര്‍, പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍, അടുത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍, ഡല്‍ഹിയിലുള്ള സഹായി എന്നിവരെല്ലാം പ്രധാനപ്രതികളായ സരിതാ നായരുടെയും ബിജു രാധാകൃഷ്ണന്റേയും സോളാര്‍ തട്ടിപ്പ് ഇടപാടുകളില്‍ പാര്‍ശ്വവര്‍ത്തികളാകുകയും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ അവരുടെ സോളാര്‍ തട്ടിപ്പിലെ ഉപയോക്താക്കളെ വഞ്ചിക്കുന്നതിന് എല്ലാ സഹായവും ചെയ്തതായി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ടെന്നി ജോപ്പനെ പ്രതിയാക്കിയെങ്കിലും മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ പഴ്‌സണല്‍ സ്റ്റാഫ്, പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍, ഡല്‍ഹിയിലെ സഹായി, സമാനമായ സ്ഥാനത്തുള്ള എല്ലാവരേയും സംശയസ്പദമായ രീതികളില്‍ പ്രത്യേക അന്വേഷണ സംഘം പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി. പ്രതികളായ സരിതാ നായരെയും ശാലുമേനോനേയും നിയമത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെടാന്‍ അവരുമായി ബന്ധമുണ്ടായിരുന്ന അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സഹായിച്ചിട്ടുണ്ട്.

ആഭ്യന്തരമന്ത്രിയെന്ന നിലയിലുള്ള സ്ഥാനം ഉപയോഗിച്ച് എല്ലാ വിധത്തിലും മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ താല്‍പര്യമെടുത്തു. അത് പ്രതികളുടെ സോളാര്‍ തട്ടിപ്പ് ഇടപാടുകളില്‍ അേദ്ദഹത്തിന്റെ ഇടപെടല്‍ സൂചിപ്പിക്കുന്നതുമാണ്. സരിതാനായര്‍ ഉപയോഗിച്ചിരുന്ന മൊെബെല്‍ ഫോണില്‍ നിന്നുള്ള വിളികളുടെ വിശദാംശങ്ങള്‍ പുറത്തുവന്നത് സോളാര്‍ ഇടപാടുകളില്‍ ചില മന്ത്രിമാര്‍, അവരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍, ഒരു മുന്‍ കേന്ദ്ര മന്ത്രി, കേരള നിയമസഭയിലെ അനേകം അംഗങ്ങള്‍, മറ്റ് രാഷ്ട്രീയനേതാക്കള്‍ എന്നിവരെ ബന്ധിപ്പാക്കാനുള്ള വഴി തുറന്നു. ഈ റിപ്പോര്‍ട്ടുകള്‍ ഉന്നത വ്യക്തികളുമായുള്ള സരിതാനായരുടെവിളിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നവയും അത് സോളാര്‍ തട്ടിപ്പ് പ്രതികളുമായുള്ള ബന്ധത്തെ സൂചിപ്പിക്കുന്നതുമാണെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു.