Latest News

ഒരാളുടെ ബ്ലാക്‌മെയിലിങ്ങിനു വഴങ്ങേണ്ടിവന്നു; ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തല്‍ കേട്ടു ഞെട്ടിയവരില്‍ ഒപ്പമുള്ള നേതാക്കളും!

2017-11-11 03:53:39am |

കോട്ടയം: സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് ഏറെ അടുപ്പമുള്ള ഒരാളുടെ ബ്ലാക്‌മെയിലിങ്ങിനു വഴങ്ങേണ്ടിവന്നു എന്ന ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തല്‍ കേട്ടു ഞെട്ടിയവരില്‍ ഒപ്പമുള്ള നേതാക്കളും! ''അതു ഞാനല്ലല്ലോ'' എന്നായിരുന്നു പലരുടെയും ചോദ്യം. ബ്ലാക്‌മെയില്‍ ചെയ്തതു രാഷ്ട്രീയക്കാരല്ലെന്ന് ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചതോടെയാണ് പലരുടെയും ശ്വാസം വീണത്. പക്ഷേ ഉമ്മന്‍ ചാണ്ടിയെ അടുത്തറിയാവുന്നവര്‍ക്ക് ഒരു കാര്യം ഉറപ്പാണ്- അതാരാണെന്ന് ഒരിക്കലും അദ്ദേഹത്തിന്റെ നാവില്‍നിന്നു വീഴില്ല!

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം. സുധീരന്‍ എന്നിങ്ങനെ തുടങ്ങി ആര്‍. ബാലകൃഷ്ണപിള്ളയുടെയും കെ.ബി. ഗണേഷ് കുമാറിന്റെയും പേരുകള്‍ വരെ ഒറ്റുകാരെന്ന പേരില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പി.സി. ജോര്‍ജിന്റെ പേരും പ്രചരിച്ചു. ആരാണ് തന്നെ ബ്ലാക്‌മെയില്‍ ചെയ്തതെന്ന് ഇപ്പോള്‍ പറയില്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയതോടെ സംശയം കൂടുതല്‍ ശക്തമായി. ഇതില്‍ ഇന്നലെ രാവിലെ മുതല്‍ സജീവമായ പേര് ബാലകൃഷ്ണപിള്ളയുടേതാണ്. എന്നാല്‍ അതു പിള്ളയല്ലെന്ന് ഉമ്മന്‍ ചാണ്ടി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ ഈ പേരിനാണ് ഊന്നല്‍ നല്‍കുന്നത്. അതിന് അവര്‍ നിരത്തുന്ന കാരണങ്ങള്‍ നിരവധി...

ജയിലില്‍വച്ച് ആദ്യമെഴുതിയ കത്ത് സരിത ബാലകൃഷ്ണപിള്ളയുടെ ഉറ്റ സഹായിയായ ശരണ്യ മനോജിന്റെ െകെവശമാണു നല്‍കിയത്. അത് ഇപ്പോഴും ബാലകൃഷ്ണപിള്ളയുടെ െകെവശമുണ്ടെന്നാണ് അറിയുന്നത്. 21 പേജുള്ള ഈ കത്താണു യഥാര്‍ഥമെന്നാണ് സരിത പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഈ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്ല. ഈ കത്ത് പുറത്തുവിടണമെന്നാണ് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെടുന്നുണ്ടെങ്കിലും ആ കത്ത് ഹാജരാക്കാനാകില്ലെന്നാണ് സരിത സോളാര്‍ കമ്മിഷനില്‍ പറഞ്ഞത്. പിന്നീടാണ് ഉമ്മന്‍ ചാണ്ടിയുടെ പേര് കൂടി ഉള്‍പ്പെടുത്തി 25 പേജുള്ള കത്ത് പുറത്തുവന്നത്. ഇതാണ് ബാലകൃഷ്ണപിള്ളയുടെ ബ്ലാക്‌മെയിലാണെന്ന പ്രചാരണത്തിനു ശക്തിപകര്‍ന്നത്.

പിന്നീട് കെ.ബി. ഗണേഷ് കുമാറിന്റെ പേരും ചര്‍ച്ച ചെയ്യപ്പെട്ടു. ഗണേഷും സരിതയും തമ്മിലുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ചാണ് എറണാകുളം ഗസ്റ്റ് ഹൗസില്‍വച്ച് ബിജു രാധാകൃഷ്ണന്‍ ഉമ്മന്‍ ചാണ്ടിയോടു പറഞ്ഞതെന്നാണ് ഇക്കൂട്ടര്‍ കാരണമായി പറയുന്നത്. ബിജു രാധാകൃഷ്ണനുമായി എന്താണു സംസാരിച്ചതെന്ന് ഉമ്മന്‍ ചാണ്ടി തുറന്നുപറഞ്ഞിട്ടേയില്ല. തന്റെ പേര് പുറത്തുവരാതിരിക്കാനായി ഗണേഷ് കുമാര്‍ ഏതെങ്കിലും തരത്തില്‍ ബ്ലാക്‌മെയില്‍ ചെയ്തിട്ടുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ പേരു പറയുന്നവരുടെ അഭിപ്രായം.

മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതിന് മുമ്പ് ഗണേഷ് കുമാര്‍ മുഖത്ത് അടിയേറ്റ പാടുമായി നിയമസഭയിലെത്തിയിരുന്നു. ആരാണു തല്ലിയതെന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. ബിജു രാധാകൃഷ്ണനാണു ഗണേഷിനെ തല്ലിയതെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ബിജു രാധാകൃഷ്ണന്‍ അതു നിഷേധിച്ചുമില്ല. ഇത് പുറത്താകാതിരിക്കാനുള്ള ബ്ലാക്‌മെയിലിങ്ങാണെന്ന വാദവും ഉയര്‍ന്നു.