Latest News

പൊതുവികാരം പറയാന്‍ താനാരാ? എല്‍.ഡി.എഫ് യോഗത്തില്‍ ഏറ്റുമുട്ടി പന്ന്യനും തോമസ് ചാണ്ടിയും

2017-11-13 02:10:00am |

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തില്‍ വാക്കേറ്റം. യോഗത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തോമസ് ചാണ്ടിയും തമ്മില്‍ വാക്കേറ്റമുണ്ടായി. രഇതിന് പിന്നാലെ പന്ന്യന്‍ രവീന്ദ്രനും തോമസ് ചാണ്ടിയും തമ്മിലും വാക്കേറ്റമുണ്ടായി. തോമസ് ചാണ്ടിയുടെ രാജി വേണമെന്നാണ് പൊതുവികാരമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. പൊതുവികാരം പറയാന്‍ താനാരാണ് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ജനജാഗ്രതാ യാത്രയില്‍ താന്‍ വെല്ലുവിളിച്ചത് യു.ഡി.എഫിനെയാണെന്ന് തോമസ് ചാണ്ടി പറഞ്ഞു. ഇത് കാനം തെറ്റിദ്ധരിച്ചതാണെന്നും മന്ത്രി വാദിച്ചു. എന്നാല്‍ രാജിക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് ഹൈക്കോടതി വിധിയും കഴിഞ്ഞ സുപ്രീം കോടതി വിധി വരെ കാത്തിരിക്കാനാണോ എന്‍.സി.പിയുടെ തീരുമാനമെന്ന് കാനം ചോദിച്ചു. രാജിക്കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ പരസ്യമായി നിലപാട് പ്രഖ്യാപിക്കുമെന്നും സി.പി.ഐ വ്യക്തമാക്കി.

സി.പി.ഐ നിലപാടിന് ജെ.ഡി.എസും പിന്തുണ നല്‍കി. കളക്ടറുടെ റിപ്പോര്‍ട്ടിനെ എതിര്‍ത്ത് കോടതിയില്‍ പോയത് ശരിയായില്ലെന്നായിരുന്നു ജെ.ഡി.എസിന്റെ വിമര്‍ശനം. എല്‍.ഡി.എഫിന്റെ പൊതുവികാരത്തിനൊപ്പം നില്‍ക്കാമെന്ന് സി.പി.എമ്മും വ്യക്തമാക്കിയതോടെ എന്‍.സി.പി ഒറ്റപ്പെട്ടു.