Latest News

രോഗികളോടു ധാര്‍ഷ്‌ട്യത്തോടെ പെരുമാറിയ താല്‍ക്കാലിക ജീവനക്കാരിയെ മന്ത്രി ഇടപെട്ടു പുറത്താക്കി!

2017-11-13 02:11:22am |

തൊടുപുഴ: ഇടുക്കി പൈനാവ്‌ ജില്ലാ ആശുപത്രിയില്‍ രോഗികളോടു ധാര്‍ഷ്‌ട്യത്തോടെ പെരുമാറിയ താല്‍ക്കാലിക ജീവനക്കാരിയെ മന്ത്രി ഇടപെട്ടു പുറത്താക്കി. മോശമായി പെരുമാറുന്ന ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ ജീവനക്കാരിയായ ജീനജോര്‍ജിനെ പുറത്താക്കാന്‍ മന്ത്രി കെ.കെ. ശൈലജ നിര്‍ദേശം നല്‍കി. രണ്ടാഴ്‌ച മുമ്പ്‌ ആശുപത്രിയില്‍ നടന്ന സംഭവത്തെപ്പറ്റി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സുഷമ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

കുട്ടികളും വയോധികരുമടക്കം ക്യൂ നില്‍ക്കുമ്പോള്‍ രോഗികള്‍ക്ക്‌ ടോക്കണ്‍ നല്‍കാതെ ഓഫീസിലെ മറ്റു ജീവനക്കാരുമായി സംസാരിച്ച്‌ ജീന സമയം കളയുകയായിരുന്നു. ഇക്കാര്യം ചോദ്യം ചെയ്‌ത അടിമാലി സ്വദേശി സോളമനോട്‌ ദേഷ്യപ്പെട്ട്‌ ഇവര്‍ കസേരയില്‍ നിന്ന്‌ എഴുന്നേറ്റ്‌ പോയി. ഇതെല്ലാം യുവാവ്‌ ക്യാമറയില്‍ പകര്‍ത്തി. തുടര്‍ന്ന്‌,ആശുപത്രിയില്‍ നിന്നു പോയില്ലെങ്കില്‍ പോലീസിനെ വിളിക്കുമെന്ന ഭീഷണിയുമായി ജീവനക്കാരെത്തി. അവസാനം സീനിയര്‍ ഡോക്‌ടറായ നവാസ്‌വന്നു തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ചിട്ടും ജീവനക്കാരി തന്റെ സീറ്റിലേക്ക്‌ വരാനോ ടോക്കണ്‍ കൊടുക്കാനോ തയാറായില്ലെന്നു സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ വ്യക്‌തമായിരുന്നു. വരിയില്‍ നിന്ന മറ്റു രോഗികള്‍ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ്‌ മണിക്കൂറുകള്‍ക്ക്‌ ശേഷം ടോക്കണ്‍ നല്‍കിയത്‌. ഹൈറേഞ്ച്‌ മേഖലയില്‍ പനി പടര്‍ന്നു പിടിക്കുമ്പോഴായിരുന്നു ജീവനക്കാരിയുടെ അഹങ്കാരം നിറഞ്ഞ നടപടി.

കണ്ണു പരിശോധിക്കാനെത്തിയ സോളമന്‍ വീഡിയോ പോസ്‌റ്റ്‌ ചെയ്‌തതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി. ഇതോടെയാണ്‌ ആരോഗ്യമന്ത്രിയുടെ ഓഫീസ്‌ പ്രശ്‌നത്തില്‍ ഇടപെടുന്നത്‌. തുടര്‍ന്ന്‌ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ജീവനക്കാരിയുടെ ഭാഗത്തു വീഴ്‌ചയുണ്ടെന്നു കണ്ടെത്തി. മന്ത്രിയുടെ ഓഫീസ്‌ ഇവരെ പിരിച്ചുവിടാന്‍ ജില്ലാ ആരോഗ്യവകുപ്പ്‌ മേധാവിക്ക്‌ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ്‌ ജീനയ്‌ക്ക്‌ ഇന്നലെ പുറത്താക്കല്‍ നോട്ടീസ്‌ കൈമാറിയത്‌. ആശുപത്രിയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച്‌ ഡി.എം.ഒ വിശദമായ റിപ്പോര്‍ട്ടും ആരോഗ്യമന്ത്രിക്ക്‌ നല്‍കിയിട്ടുണ്ട്‌. മന്ത്രി ഇടപെട്ടതോടെ കലക്‌ടറും ജില്ലാ ആരോഗ്യ വകുപ്പ്‌ മേധാവിയോട്‌ നിജസ്‌ഥിതി തേടി.
മുന്‍പ്‌ സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ജീന കോടതിയെ സമീപിച്ചാണ്‌ തിരികെക്കയറിയത്‌. ഇതില്‍ അന്വേഷണം നടന്നു വരുമ്പോഴാണ്‌ പുതിയ സംഭവം. ദൃശ്യങ്ങള്‍ക്ക്‌ സാമൂഹികമാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പാണ്‌ ലഭിച്ചത്‌.ഇന്നലെ വൈകിട്ടുവരെയും 12 ലക്ഷം പേര്‍ ഇതു കണ്ടു. 28,000 ലൈക്കുകളും 92,000 ഷെയറുകളും 8,000 കമന്റുകളുമാണ്‌ ലഭിച്ചത്‌.