Latest News

ഷാരൂഖ് ഖാന്‍ ഒറ്റപ്പെട്ടു, ആമിര്‍ ഖാനെ ഒതുക്കി; ബി.ജെ.പിക്ക് വോട്ടു ചെയ്ത് ദുരന്തം സ്വയം വിളിച്ചവരുത്തിയെന്ന് തിരിച്ചറിയുന്ന "നിശബ്ദരായ വലിയൊരു ഭൂരിപക്ഷം" ഇവിടെയുണ്ട്: പ്രകാശ് രാജ്

2017-11-14 02:51:40am |

ബംഗുളൂരു : ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് നടന്‍ പ്രകാശ് രാജ് വീണ്ടും. അധികാര മോഹികളായ ബിജെപി അഭിപ്രായ ഭിന്നതകളെ അടിച്ചമര്‍ത്തുകയാണെന്നും തന്നെപ്പോലുള്ളവര്‍ക്ക് ഒന്നു മിണ്ടാന്‍ പോലും പറ്റാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്ക് വോട്ടു ചെയ്ത് ഈ ദുരന്തം സ്വയം വിളിച്ചവരുത്തിയതാണെന്ന് തിരിച്ചറിയുന്ന 'നിശബ്ദരായ വലിയൊരു ഭൂരിപക്ഷം' ഇവിടെയുണ്ടെന്നും അഭിപ്രായ ഭിന്നതകള്‍ പ്രകടിപ്പിക്കുന്നവരെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് കുറച്ചു കാലങ്ങളായി നടക്കുന്നതെന്നും പ്രകാശ് രാജ് ആരോപിക്കുന്നു.

ഷാരൂഖ് ഖാന്‍ ഒറ്റപ്പെട്ടില്ലേ? ആമിര്‍ ഖാനെ ഒതുക്കിയില്ലേ? അംബാസിഡര്‍ സ്ഥാനത്തു നിന്നുവരെ അദ്ദേഹത്തെ നീക്കിയില്ലേ. അദ്ദേഹത്തിന്റെ പല പരസ്യങ്ങളും നിര്‍ത്തിയില്ലേ? ഇപ്പോള്‍ എന്റെ പരസ്യങ്ങളും റദ്ദാക്കിക്കൊണ്ടിരിക്കുകയാണ്. പരസ്യങ്ങളെ കുറിച്ച് പറയാന്‍ എനിക്ക് കഴിയില്ല. കാരണം അതിന് പണവുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പശുവുമായി ബന്ധപ്പെട്ട് നിങ്ങള്‍ നിയമം പാസാക്കുന്നു. നിങ്ങള്‍ക്ക് സംശയം തോന്നിയെന്ന ഒറ്റക്കാരണം കൊണ്ട് നിങ്ങള്‍ ചിലരെ കൊല്ലുന്നു. ഒരുമിച്ചിരിക്കുന്ന യുവതീയുവാക്കള്‍ക്കുനേരെ നിങ്ങള്‍ കല്ലെറിയുകയും അവരെ വിവാഹം കഴിപ്പിക്കുകയും ചെയ്യുന്നു. ഇത് ഭയംവിതക്കലല്‍ അല്ലെങ്കില്‍ മറ്റെന്താണെന്നും അദ്ദേഹം ചോദിച്ചു.