Latest News

ആദ്യം മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥന.,പണം ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചിട്ട് ആവശ്യാനുസരണം എടുക്കും: ഈ കള്ളന്റെ രീതികള്‍ വേറെ ലെവലാണ്

2017-11-14 02:54:26am |

കൊല്ലം: എല്ലാ ജോലിയിലും വ്യത്യസ്തതകള്‍ ആഗ്രഹിക്കുന്നവരാണ് നാമെല്ലാം. കള്ളന്മാരും അക്കാര്യത്തില്‍ മോശക്കാരല്ല. വ്യത്യസ്തമായ രീതികളുമായി മോഷണം നടത്തിവന്ന ഒരു കള്ളനെയാണ് കഴിഞ്ഞ ദിവസം പോലീസ് പൊക്കിയത്.

കാണിക്കവഞ്ചികളോടാണ് കരുനാഗപ്പള്ളിയില്‍ അറസ്റ്റിലായ സുമേഷിന് പ്രിയം. ക്ഷേത്രങ്ങളില്‍ കയറിയാല്‍ ആദ്യം മുട്ടുകുത്തിയിരുന്ന് പ്രാര്‍ത്ഥനയാണ് സുമേഷിന്റെ പതിവ്, അതിനുശേഷം മാത്രമേ മോഷണം നടത്തൂ. ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ കേസിലാണ് സുമേഷ് പോലീസിന്റെ വലയിലാകുന്നത്.

ആലപ്പാട് ചെറിയഴീക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച സിസിടിവി യിലാണ് ആദ്യം പ്രാര്‍ത്ഥിച്ച് കൃത്യം നടത്തുന്ന കള്ളന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. മോഷണം നടത്തേണ്ട ക്ഷേത്രങ്ങള്‍ നേരത്തെ കണ്ടുവയ്ക്കും. പിന്നീട് നേരത്തെ തന്നെ ക്ഷേത്രത്തിലെത്തുകയും ഇയാള്‍ ചെയ്യും. അര്‍ധരാത്രി ആകുന്നതിനു മുന്നെ ക്ഷേത്രത്തിനുള്ളില്‍ കയറാന്‍ ഇയാള്‍ പ്രത്യേകം ശ്രദ്ധിക്കും.

ഏറെ നേരം ക്ഷേത്രത്തില്‍ പതുങ്ങിയിരുന്നതിനു ശേഷം മോഷ്ടിക്കേണ്ട കാണിക്കവഞ്ചികള്‍ കണ്ടാല്‍ അല്‍പനേരം മുട്ടുകുത്തിയിരുന്ന് പ്രാര്‍ത്ഥന നടത്തും അതിനു ശേഷമാണ് മോഷണം. കാണിക്കവഞ്ചികള്‍ ഇരിക്കുന്ന സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് മാറ്റിവെച്ചതിനു ശേഷമേ കുത്തിത്തുറക്കത്തുള്ളു. കാണിക്കവഞ്ചിയിലെ നോട്ടുകള്‍ മാത്രമേ ഇയാള്‍ എടുക്കത്തുള്ളു. നാണയങ്ങള്‍ അവിടെത്തന്നെ ഉപേക്ഷിക്കും. മോഷ്ടിക്കുന്ന പണം ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചിടുന്നതാണ് ഇയാളുടെ മറ്റൊരു രീതിയെന്ന് പോലീസ് പറയുന്നു. ആവശ്യമുള്ളപ്പോള്‍ എത്തി കുഴിച്ചിട്ടടത്തുനിന്നും പണം എടുക്കും. ആഢംബരത്തിനാണ് പണം കൂടുതലായും ഇയാള്‍ പണം ഉപയോഗിക്കുന്നതെന്നും പോലീസ് പറഞ്ഞു.