Latest News

"നവസഖാക്കള്‍" കട്ട ഫാന്‍സായി ; പി. ജയരാജനെ കുഴിയില്‍ ചാടിച്ചത് ബി.ജെ.പിയില്‍ നിന്നു സി.പി.എമ്മിലെത്തിയ ""അമ്പാടിമുക്ക് സഖാക്കള്‍""

2017-11-15 03:07:35am |

കണ്ണൂര്‍: വ്യക്തിപൂജയുടെ പേരില്‍ ആരോപണവിധേയനായ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ കുഴിയില്‍ ചാടിച്ചത് അദ്ദേഹംതന്നെ പാര്‍ട്ടിയിലേക്കു ക്ഷണിച്ചുവരുത്തിയവര്‍. ബി.ജെ.പിയില്‍നിന്നു സി.പി.എമ്മിലെത്തിയ ''അമ്പാടിമുക്ക് സഖാക്കള്‍'' ഉള്‍പ്പെടെയുള്ള നവസഖാക്കള്‍. ജയരാജന്‍ ഫാന്‍സുകാരായി പാര്‍ട്ടി വേദികളിലും സാമൂഹികമാധ്യമങ്ങളിലും നിറഞ്ഞതോടെയാണു വ്യക്തിപൂജാവിവാദം ഉടലെടുത്തത്.

മുദ്രാവാക്യം മുഴക്കുന്നതില്‍പോലും നവസഖാക്കള്‍ പഴയ പാര്‍ട്ടിയുടെ രീതികളാണു പിന്തുടര്‍ന്നത്. അതിനു തടയിടാന്‍ പി. ജയരാജന്‍ ശ്രമിച്ചതുമില്ല. ജയരാജന്‍ പാര്‍ട്ടിയില്‍നിന്നു വിമര്‍ശനം ഏറ്റുവാങ്ങിയശേഷം, ഇന്നലെ നടന്ന കണ്ണൂര്‍ ഏരിയാ സമ്മേളനത്തില്‍ അതിന്റെ പ്രതിഫലനമുണ്ടായി. ജയരാജന്റെ ഉദ്ഘാടനപ്രസംഗത്തോടുള്ള പ്രതികരണത്തില്‍ അതിരുവിട്ട ആവേശപ്രകടനമോ െകെയടിയോ ഉണ്ടാകാതിരിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചു. എന്നാല്‍, ''സപ്പോര്‍ട്ട് പി.ജെ'' എന്ന ബാഡ്ജ് ധരിച്ച് രണ്ടുകുട്ടികള്‍ വേദിക്കു സമീപമെത്തി.

ഈ നീക്കത്തിനു പിന്നിലും അമ്പാടിമുക്ക് സഖാക്കളാണെന്നാണു സൂചന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനു മുമ്പുതന്നെ പി. ജയരാജനെ പുതിയ ആഭ്യന്തരമന്ത്രിയായി ചിത്രീകരിച്ച് അമ്പാടിമുക്കില്‍ നവസഖാക്കള്‍ ഫഌക്‌സ് ബോര്‍ഡ് സ്ഥാപിച്ചതു വിവാദമായിരുന്നു. ''ശക്തനായ മുഖ്യമന്ത്രിക്കു ശക്തനായ ആഭ്യന്തരമന്ത്രി'' എന്നായിരുന്നു ബോര്‍ഡിലെ വിശേഷണം. സി.പി.എം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെപ്പോലും നിശ്ചയിക്കുന്നതിനു മുമ്പാണു ജയരാജനെ ഫാന്‍സുകാര്‍ നിയുക്ത ആഭ്യന്തരമന്ത്രിയാക്കിയത്. പിണറായി കഴിഞ്ഞാല്‍ പി. ജയരാജന്‍ എന്നതായി െസെബര്‍ പ്രചാരണം.

പിണറായി ഒഴികെ ജില്ലയിലെ മറ്റു മുതിര്‍ന്ന നേതാക്കളാരും ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന താരസാന്നിധ്യമാകാത്ത സാഹചര്യത്തില്‍ ജയരാജന്‍ കണ്ണൂര്‍ പാര്‍ട്ടിയുടെ എല്ലാമെല്ലാമായി. സംസ്ഥാന സെക്രട്ടറിയെപ്പോലും അപ്രസക്തനാക്കുന്ന തരത്തിലായിരുന്നു പല യോഗങ്ങളിലും അദ്ദേഹത്തിനു കിട്ടിയ െകെയടി. പുത്തന്‍കൂറ്റുകാരായ സഖാക്കള്‍ ജയരാജന്റെ പിന്തുണയോടെ പദവികള്‍ െകെയടക്കിയതു മറ്റു നേതാക്കളെ അതൃപ്തരാക്കി. കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിന്റെ നിഴലിലായപ്പോഴാണു ജയരാജനെ വീരപുരുഷനായി ചിത്രീകരിച്ചുള്ള പ്രചാരണം ശക്തമായത്. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിശദമാക്കുന്ന ഫഌക്‌സ് ബോര്‍ഡുകളില്‍പോലും മുഖ്യമന്ത്രിയെക്കാള്‍ വലിപ്പത്തില്‍ ജയരാജന്‍ ഇടംപിടിച്ചു. അതിന്റെ തുടര്‍ച്ചയായിരുന്നു ജയരാജനെ പ്രകീര്‍ത്തിക്കുന്ന, ''കണ്ണൂരിന്റെ ഉദയസൂര്യന്‍'' എന്ന സംഗീത ആല്‍ബം.

പാര്‍ട്ടി നേതൃത്വത്തിലുള്ള, സമാന്തര ജന്മാഷ്ടമി, ഗണേശോത്സവം ആഘോഷങ്ങളെക്കുറിച്ചു സംസ്ഥാനനേതൃത്വത്തില്‍പോലും ആശയക്കുഴപ്പമുണ്ടായിരുന്നു. സംസ്ഥാനസമിതിയുടെ തീരുമാനപ്രകാരമാണെന്നു പ്രഖ്യാപിച്ചെങ്കിലും കണ്ണൂരില്‍ മാത്രമാണു കാര്യമായി പരിപാടികള്‍ നടന്നത്. അതും ജയരാജന്റെ നേതൃപാടവമായി വിലയിരുത്താന്‍ ശ്രമം നടന്നു. ദിവസവും 16 മണിക്കൂര്‍ പാര്‍ട്ടിക്കുവേണ്ടി ജോലി ചെയ്യുന്നു, എ.ടി.എം. കാര്‍ഡില്ലാത്ത ഏകനേതാവ്, ബാങ്ക് അക്കൗണ്ടിനു പകരം എം.എല്‍.എ. പെന്‍ഷന്‍ ട്രഷറിയിലെത്തുന്നു തുടങ്ങിയ ഗുണഗണങ്ങളും ഫാന്‍സുകാര്‍ ജയരാജനു ചാര്‍ത്തിനല്‍കുന്നു.