Latest News

കൊടും മഴയത്ത് പുതപ്പിക്കാന്‍ തുണി പോലുമില്ല ; കടുത്ത തണുപ്പു മൂലം പിറന്ന കുഞ്ഞ് മരിച്ചു ; മൃതദേഹത്തിലേക്ക് ഷെഡ് മറിച്ചിട്ട് കുടുംബം താമസംമാറ്റി

2017-11-15 03:08:08am |

റാന്നി: ശബരിമല അയ്യപ്പന്റെ പൂങ്കാവനത്തില്‍ ആദിവാസി യുവതിയുടെ കടിഞ്ഞൂല്‍ പ്രസവത്തിലെ കുഞ്ഞ് കൊടുംതണുപ്പില്‍ കാര്യമായ പരിചരണം കിട്ടാതെ മരിച്ചു. കുറച്ചുനാള്‍ മുമ്പ് ചാലക്കയം ടോള്‍ ഗേറ്റിനു സമീപം താമസിച്ചിരുന്ന മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട ആദിവാസികുടുംബത്തിലെ യുവതിക്കാണ് പ്രസവിച്ച് ദിവസങ്ങള്‍ക്കകം കുഞ്ഞിനെ നഷ്ടമായത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവരം പുറത്തറിയാതിരിക്കാനുള്ള തത്രപ്പാടിലാണ് ആദിവാസി ക്ഷേമത്തിനു ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍.

ചെന്നെത്താന്‍ ദുഷ്‌കരമായ കൊടുംകാട്ടില്‍ കഴിഞ്ഞ ആറിനാണ് മഞ്ജുവിന് പെണ്‍കുഞ്ഞ് ജനിച്ചതെന്നു പറയപ്പെടുന്നു. മഴ തിമിര്‍ത്തുപെയ്ത ദിവസങ്ങളില്‍ വനത്തിലെ ഷെഡില്‍ പുതപ്പിക്കാന്‍ തുണി പോലും ഇല്ലാതെ കഴിഞ്ഞ കുഞ്ഞ് കടുത്ത തണുപ്പു മൂലം മരിക്കുകയായിരുന്നെന്നാണു വിവരം. താമസിച്ചിരുന്ന ഷെഡിനുള്ളിലെ തറയില്‍ മൃതദേഹം വച്ച് അതിനു മുകളിലേക്ക് ഷെഡ് മറിച്ചിട്ട് ആചാരപ്രകാരമുള്ള ''സംസ്‌കാരം'' നടത്തിയതിനു ശേഷം കുടുംബം താമസംമാറ്റി.

ആദിവാസിക്കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കുന്നതടക്കമുള്ള പട്ടികവര്‍ഗ വകുപ്പിന്റെയും മറ്റും നടപടികളോടു മുഖംതിരിച്ച് ഉള്‍വനത്തിലേക്കു താമസം മാറ്റിയ ഭവാനി എന്ന ആദിവാസി സ്ത്രീയുടെ മകള്‍ മഞ്ജുവാണ് കുഞ്ഞിനു ജന്മം നല്‍കിയത്. മരണം സ്ഥിരീകരിക്കാനോ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി തുടര്‍നടപടി സ്വീകരിക്കാനോ നടപടിയുണ്ടായില്ല. കൊടുംവനത്തില്‍നിന്നു പുറത്തെത്തിയവരാണ് നവജാതശിശുവിന്റെ മരണവിവരം ചിലരോടു പറഞ്ഞത്. ടോള്‍ ഗേറ്റ് ഭാഗത്തുനിന്നു മൂന്നു കിലോമീറ്റര്‍ അപ്പുറം ഇറച്ചിപ്പാറ എന്ന സ്ഥലത്തേക്കാണു മഞ്ജുവും ഭര്‍ത്താവ് ഭാസ്‌കരനും അടങ്ങുന്ന കുടുംബം താമസം മാറ്റിയത്.

വിവരമറിഞ്ഞ് എസ്.ടി പ്രമോട്ടറും ആരോഗ്യ വകുപ്പു പ്രതിനിധികളും അന്വേഷിച്ചുപോയെങ്കിലും മൃതദേഹം കണ്ടെത്താനോ മരണകാരണം അറിയാനോ നടപടിയായില്ല. ളാഹ മുതലുള്ള പൂങ്കാവനത്തില്‍ 47 കുടുംബങ്ങളിലായി 209 ആദിവാസികളാണു കഴിഞ്ഞ വര്‍ഷം വരെ ഉണ്ടായിരുന്നത്. ഇതില്‍ ഏറ്റവും പ്രായം കൂടിയ കല്യാണിയും മറ്റൊരാളും ഒരു വര്‍ഷത്തിനിടിയില്‍ മരണപ്പെട്ടിരുന്നു. ബാക്കിയുള്ളവരെ സംരക്ഷിക്കാനും അവരുടെ കാര്യങ്ങള്‍ മനസിലാക്കാനും പോലും ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല.