Latest News

മുസ്ലീം കാമുകന്‍ ഹിന്ദുമതം സ്വീകരിക്കാതെ വിവാഹം കഴിക്കില്ലെന്ന് യുവതി; വെട്ടിലായത് കാമുകന്‍

2017-12-01 03:10:36am |

ജോഥ്പൂര്‍: പ്രണയത്തിന്റെ പേരില്‍ ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ രാജസ്ഥാനില്‍ നിന്നൊരു ഹിന്ദു-മുസ്ലീം പ്രണയത്തിന്റെ റിപ്പോര്‍ട്ട്. ഇതര മതസ്ഥര്‍ ഹിന്ദു പെണ്‍കുട്ടികളെ പ്രണയിച്ച് മതം മാറ്റുന്നുവെന്നാണ് സംഘപരിവാര്‍ സംഘടനകള്‍ അടക്കം ആരോപിക്കുന്നത്. എന്നാല്‍ ഇവിടെ തിരിച്ചാണ് സംഭവം. താന്‍ പ്രണയിച്ച മുസ്ലീം യുവാവ് ഹിന്ദുമതത്തിലേക്ക് ചേരാതെ വിവാഹത്തിന് സമ്മതിക്കില്ലെന്ന് യുവതി. മൊഹ്‌സിന്‍ ഖാന്‍ എന്ന മുസ്ലീം യുവാവുമായി പ്രണയിച്ച് ഒളിച്ചോടിപ്പോയ പൂജ ജോഷി എന്ന പെണ്‍കുട്ടിയാണ് കാമുകന്‍ മതം മാറണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

മൊഹ്‌സിനൊപ്പം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പൂജ ഒളിച്ചോടിയത്. തുടര്‍ന്ന് പൂജയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പോലീസ് അന്വേഷത്തില്‍ ഇരുവരേയും കണ്ടെത്തി. ബിക്കാനീറില്‍ നിന്നുമാണ് കമിതാക്കളെ കണ്ടെത്തിയത്. ചൊവ്വാഴ്ച ഇരുവരേയും ജോഥ്പൂരില്‍ എത്തിച്ചു. കമിതാക്കളെ ജോഥ്പൂരില്‍ എത്തിച്ചതോടെ ഹൈന്ദവ സംഘടനകള്‍ സംഘടിച്ചെത്തുകയും ലൗവ് ജിഹാദാണെന്ന് ആരോപിച്ച് സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തു.

തുടര്‍ന്ന് എ.സി.പി പൂജ യാദവ് ഇടപെട്ട് പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്‍പാകെ എത്തിച്ച് രഹസ്യമൊഴി രേഖപ്പെടുത്തി. മൊഹ്‌സിന്‍ ഹിന്ദു മതം സ്വീകരിച്ചാല്‍ മാത്രമേ വിവാഹം കഴിക്കൂ എന്ന് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയിലാണ് പെണ്‍കുട്ടി വ്യക്തമാക്കിയത്. സ്വന്തം വീട്ടിലേക്ക് മടങ്ങാന്‍ താല്‍പ്പര്യമില്ലെന്നും മതം മാറാന്‍ മൊഹ്‌സിന്‍ സമ്മതിക്കുന്നത് വരെ ബന്ധുവീട്ടില്‍ താമസിക്കാനാണ് ആഗ്രഹമെന്നും പെണ്‍കുട്ടി വ്യക്തമാക്കി. ഇതേതുടര്‍ന്ന് പൂജയെ ബന്ധുക്കള്‍ക്കൊപ്പം അയച്ചിരിക്കുകയാണ്.