Latest News

ചിരി ബാക്കിയാക്കി അരങ്ങൊഴിഞ്ഞു ; മുന്നേയെത്തിയെങ്കിലും എത്തേണ്ടിടത്ത് എത്തിയില്ല ; താരങ്ങളുടെ ശരീരഭാഷ ആദ്യം അനുകരിച്ചത് അബി

2017-12-01 03:12:46am | കെ.എസ്. പ്രസാദ്

തൊണ്ണൂറുകള്‍ മുതലുള്ള സൗഹൃദമായിരുന്നു അബിയും ഞാനും തമ്മില്‍. അക്കാലത്ത് കൊച്ചിന്‍ ഓസ്‌കര്‍ എന്ന മിമിക്‌സ് ട്രൂപ്പിലായിരുന്നു അബി. ദൂരദര്‍ശനില്‍ ഒരു കോമഡി പരിപാടി ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു. അന്ന് അബിയുടെ പരിപാടി കണ്ട് ഞാനും െസെനുദ്ധീനും ചേര്‍ന്നാണ് അബിയെയും നാദിര്‍ഷയെയും ദൂരദര്‍ശനിലേക്കു വിളിച്ചുകൊണ്ടുപോയത്. അബിയുടെ കഴിവില്‍ വിശ്വാസമുണ്ടായിരുന്നതുകൊണ്ടാണ് തുടര്‍ന്ന് ഞാന്‍ സംവിധാനം ചെയ്ത മിമിക്‌സ് പരേഡ് എന്ന വീഡിയോ കാസറ്റില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത്. അബിയുടെ ആദ്യത്തെ വീഡിയോ കാസറ്റായിരുന്നു അത്. സ്വകാര്യ ചാനലുകള്‍ വരുംമുമ്പ് വീഡിയോ കാസറ്റുകള്‍ക്കു വലിയ പ്രചാരമുണ്ടായിരുന്ന കാലം.

അന്നതു വലിയ ഹിറ്റായി. തുടര്‍ന്നും ഒരുമിച്ച് കാസറ്റുകള്‍ ഇറക്കി. അബി പെട്ടെന്നാണ് മിമിക്രിയിലെ വലിയ താരമായി മാറിയത്. അമിതാഭ് ബച്ചന്റെ ശബ്ദം അതേപടി അനുകരിക്കാന്‍ അബിക്കു ശേഷം മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല. താരങ്ങളുടെ ശരീരഭാഷ ആദ്യമായി വേദിയില്‍ അവതരിപ്പിച്ചതും അബിയാണ്. പിന്നീട് കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അബിയും നാദിര്‍ഷയും ദിലീപും ചേര്‍ന്ന് ദേ മാവേലി കൊമ്പത്തും ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടവുമൊക്കെയായി വരുന്നത്. കലാരംഗത്ത് പിരിഞ്ഞെങ്കിലും വ്യക്തിപരമായ അടുപ്പം തുടര്‍ന്നു.

അബി സ്വന്തം ട്രൂപ്പ് തുടങ്ങിയപ്പോഴും അതിന്റെ ആലോചനായോഗങ്ങളില്‍ എന്നെയും കൂട്ടിയിരുന്നു. സിനിമയിലെ മദ്യപാന സദസുകളിലും ഗ്രൂപ്പുകളിലുമൊന്നും അബിയില്ലായിരുന്നു. അത്തരം സൗഹൃദങ്ങള്‍ക്കും അബി നിന്നുകൊടുത്തില്ല. ഒരു രണ്ടാം വരവിന്റെ ഘട്ടത്തിലാണ് അബിയെ മരണം കൂട്ടിക്കൊണ്ടുപോയത് എന്നതാണ് സങ്കടകരം.

 

അനുകരണകലയുടെ അസാമാന്യമികവിലൂടെ കേരളത്തെ ചിരിപ്പിച്ച കലാകാരനും ചലച്ചിത്രതാരവുമായ അബിക്ക്(52) വിട. മിമിക്രിയില്‍ സൂപ്പര്‍സ്റ്റാറായെങ്കിലും പ്രതിഭയ്‌ക്കൊത്തു സിനിമയില്‍ തിളങ്ങാനാവാതെ പോയ ഹബീബ് മുഹമ്മദ് എന്ന അബി രക്തസംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് ഇന്നലെ പുലര്‍ച്ചെ അന്തരിച്ചത്. തനിക്ക് എത്താന്‍പറ്റാത്ത സിനിമയുടെ ഉയരത്തിലേക്ക് മകന്‍ ഷെയ്ന്‍ നിഗം വളരുന്നതുകണ്ട സംതൃപ്തിയോടെയാണ് അബിയുടെ വിടവാങ്ങല്‍.

അസുഖത്തെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെ രോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് എളമക്കര ടാഗോര്‍ നഗറിലെ വീട്ടില്‍നിന്ന് ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുന്‍പ് അന്ത്യം സംഭവിച്ചു. ചെെന്നെയിലായിരുന്ന ഷെയ്ന്‍ നിഗം എത്തിയശേഷം െവെകിട്ട് ജന്മനാടായ മൂവാറ്റുപുഴയിലെത്തിച്ച് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവച്ചു. രാത്രി എട്ടുമണിയോടെ പെരുമറ്റം മുസ്ലിം ജമാഅത്ത് പള്ളിയില്‍ കബറടക്കി. സുഹൃത്തുക്കള്‍ അടക്കം സിനിമാ മേഖലയിലെ നിരവധി പ്രമുഖര്‍ ആശുപത്രിയിലും വസതിയിലുമെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.

മൂവാറ്റുപുഴ കാവുങ്കര തടത്തിക്കുടിയില്‍ (തൊങ്ങനാല്‍) ബാവാ ഖാന്റെയും പായിപ്ര എഴുത്താനിക്കാട്ട് ഉമ്മാകുഞ്ഞിന്റെയും മകനാണ് അബി. ഭാര്യ: സുനില. മറ്റുമക്കള്‍: അഹാന, അലീന(ഇരുവരും എളമക്കര ഭവന്‍സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍). ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത നയം വ്യക്തമാക്കുന്നു എന്ന സിനിമയിലൂടെയാണ് രംഗത്ത് എത്തിയത്. അന്‍പതോളം സിനിമകളില്‍ അഭിനയിച്ചു. തൃശിവപേരൂര്‍ €ിപ്തം ആണ് അവസാനസിനിമ.