Latest News

ദിലീപിന്റെ ഉന്നം മഞ്ജു; സംഭവം സ്ത്രീകള്‍ തമ്മിലുള്ള പ്രശ്‌നമാക്കാന്‍ ശ്രമം; മാധ്യമങ്ങളില്‍ പ്രചരണം നടത്തി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതും ദിലീപ് തന്നെ

2017-12-02 03:03:18am |

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് മാധ്യമങ്ങളിലൂടെയും മറ്റും തനിക്ക് അനുകൂലമായി പ്രചാരണം നടത്തി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നു പോലീസ്. കുറ്റപത്രം മാധ്യമങ്ങള്‍ക്കു പോലീസ് ചോര്‍ത്തി നല്‍കിയിട്ടില്ല. തെറ്റു മറച്ചുവയ്ക്കാനുള്ള ദിലീപിന്റെ നീക്കമാണു പ്രചാരണമെന്നു വിശദീകരിച്ച് പോലീസ് ഇന്നലെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചു.

കുറ്റപത്രം മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കി അപമാനിക്കാന്‍ ശ്രമിക്കുന്നതായിക്കാട്ടി ദിലീപ് നേരത്തെ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. ദുബായ് യാത്രയ്ക്കു പാസ്‌പോര്‍ട്ട് വാങ്ങാനെത്തിയപ്പോഴായിരുന്നു ഇത്. പോലീസിന്റെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്നു നിരീക്ഷിച്ച കോടതി കേസ് ഈമാസം എട്ടിലേക്കു മാറ്റി.

വന്‍തുക മുടക്കി പത്രങ്ങളിലും ചാനലുകളിലും സമൂഹമാധ്യമങ്ങളിലും ദിലീപിന് അനുകൂല തരംഗം സൃഷ്ടിക്കാന്‍ സ്വകാര്യ ഏജന്‍സിയെ ഏര്‍പ്പെടുത്തിയതായി വാര്‍ത്തയുണ്ടായിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത പലരും ദിലീപുമായി അടുത്ത ബന്ധമുള്ളവരാണ്. ഇക്കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നാണു പോലീസിന്റെ വാദം.

അതേസമയം, നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ഊര്‍ജിതമാക്കാനാണു പോലീസിന്റെ നീക്കം. സംഭവം ചിത്രീകരിച്ച മൊെബെല്‍ ഫോണ്‍ കണ്ടെടുക്കാനായിട്ടില്ല. വമ്പന്‍ സ്രാവുണ്ടെന്ന സംശയത്തെപ്പറ്റിയും അന്വേഷിക്കണമെന്നാണു പോലീസ് നിലപാട്.

കൊച്ചിയിലെ വനിതയെ ചുറ്റിപ്പറ്റിയുള്ള വാദങ്ങള്‍ ദിലീപ് മനഃപൂര്‍വം സൃഷ്ടിക്കുന്നതാണെന്നു പോലീസ് കരുതുന്നു. ഇവരാണു പള്‍സര്‍ സുനിക്കു ക്വട്ടേഷന്‍ നല്‍കിയതെന്ന പ്രചാരണം മഞ്ജു വാര്യരെ ഉന്നംവച്ചുള്ളതാണെന്നും സംശയമുണ്ട്. മഞ്ജുവിന്റെ ഇമേജ് തകര്‍ക്കുകയാണു ദിലീപിന്റെ ലക്ഷ്യം. ഇക്കാര്യം പലഘട്ടങ്ങളിലും അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടിട്ടുണ്ട്.

സംഭവം സ്ത്രീകള്‍ തമ്മിലുള്ള പ്രശ്‌നം എന്ന നിലയിലേക്കു കൊണ്ടുവരാനാണു ദിലീപിന്റെ ശ്രമം. മഞ്ജുവും എ.ഡി.ജി.പി: ബി. സന്ധ്യയും തമ്മിലുള്ള സൗഹൃദമാണ് തന്നെ കേസില്‍ പെടുത്തിയതെന്നും നടിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്നിലുണ്ടെന്നും ദിലീപ് ജാമ്യാപേക്ഷ വാദവേളയില്‍ ഉന്നയിച്ചിരുന്നു. ഇതെല്ലാം തന്റെ പേരിലുള്ള കുറ്റം മറച്ചുവയ്ക്കാന്‍ ദിലീപ് നടത്തുന്ന ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.

വിചാരണാവേളയില്‍ തനിക്കു വീണ്ടും നാണക്കേടുണ്ടാകുമെന്നു ഭയന്നാണു ഹര്‍ജി നല്‍കി മാധ്യമങ്ങളുടെ വായടപ്പിക്കാന്‍ ദിലീപ് ശ്രമിക്കുന്നതെന്നു പോലീസ് സംശയിക്കുന്നു. രഹസ്യവിചാരണ ആവശ്യപ്പെടാനും സാധ്യതയുണ്ട്. അതുവഴി വിസ്താരം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഒഴിവാക്കാനാവും. അതിനുള്ള കോടതി ഇടപെടലാണു ദിലീപ് ഉദ്ദേശിക്കുന്നതെന്നും പോലീസ് അനുമാനിക്കുന്നു.