Latest News

നികുതി വെട്ടിപ്പ്‌, വ്യാജരേഖ, അമിതവേഗം...സുരേഷ്‌ ഗോപിക്കെതിരേ ജാമ്യമില്ലാ കേസ്‌

2017-12-02 03:06:06am |

തിരുവനന്തപുരം: നികുതി വെട്ടിക്കാന്‍ പോണ്ടിച്ചേരിയില്‍ വ്യാജരേഖകളുണ്ടാക്കി വാഹനങ്ങള്‍ രജിസ്‌റ്റര്‍ ചെയ്‌ത സംഭവത്തില്‍ രാജ്യസഭാംഗവും നടനുമായ സുരേഷ്‌ ഗോപിക്കെതിരേ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം ക്രൈംബ്രാഞ്ച്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. അമിതവേഗത്തില്‍ വാഹനം ഓടിച്ചതിനു പിഴയടച്ചില്ലെന്നു കണ്ടെത്തിയതിനാല്‍ അതിന്‍പ്രകാരവും കേസെടുത്തിട്ടുണ്ട്‌. ക്രൈംബ്രാഞ്ച്‌ ആസ്‌ഥാനത്താണ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌.

എം.പിയാകുന്നതിനു മുമ്പും ശേഷവും രണ്ടു വാഹനങ്ങളാണ്‌ സുരേഷ്‌ ഗോപി പോണ്ടിച്ചേരിയില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്‌. പോണ്ടിച്ചേരി കാര്‍ത്തിക്‌ അപ്പാര്‍ട്ട്‌മെന്റ്‌ 3 എ എന്ന വിലാസത്തിലാണ്‌ ഈ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍. ഈ വിലാസം വ്യാജമാണെന്നു ക്രൈംബ്രാഞ്ച്‌ അന്വേഷണത്തില്‍ കണ്ടെത്തി. ഇവിടെ പോണ്ടിച്ചേരി സ്വദേശികളാണ്‌ താമസിക്കുന്നത്‌. സുരേഷ്‌ ഗോപിയോടു മേല്‍വിലാസം തെളിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്‌ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, സുരേഷ്‌ ഗോപി നല്‍കിയ രേഖകള്‍ തൃപ്‌തികരമല്ലെന്നാണ്‌ മോട്ടോര്‍ വാഹനവകുപ്പിന്റെ നിലപാട്‌. വ്യാജവിലാസത്തില്‍ പോണ്ടിച്ചേരിയില്‍ വാഹനങ്ങള്‍ രജിസ്‌റ്റര്‍ ചെയ്‌തതിലൂടെ 40 ലക്ഷം രൂപയുടെ നികുതി നഷ്‌ടം കേരളത്തിനുണ്ടായെന്നാണ്‌ കണക്ക്‌. ക്രൈംബ്രാഞ്ച്‌ ഐ.ജി: ശ്രീജിത്തിനാണ്‌ അന്വേഷണച്ചുമതല.