Latest News

കണ്ണൂര്‍ വീണ്ടും സംഘര്‍ഷഭൂമിയാകുന്നു; ജയകൃഷ്ണന്‍ അനുസ്മരണത്തില്‍ കൊലവിളി മുളക്കി ‘സൈബര്‍ സഖാക്കള്‍’

2017-12-03 04:24:22am |

കണ്ണൂര്‍: കെ.ടി. ജയകൃഷ്ണന്‍ കൊലപാതകത്തിന്റെ 18-ാം വാര്‍ഷികത്തോടനുബന്ധിച്ചു സി.പി.എമ്മും ആര്‍.എസ്.എസും കണ്ണൂരിനെ സംഘര്‍ഷഭരിതമാക്കുന്നു.

കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച്, 1999 ഡിസംബര്‍ ഒന്നിനാണ് യുവമോര്‍ച്ച സംസ്ഥാന െവെസ് പ്രസിഡന്റ് കെ.ടി. ജയകൃഷ്ണന്‍ മൊകേരി സ്‌കൂളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കേ വിദ്യാര്‍ഥികളുടെ മുന്നില്‍ വെട്ടേറ്റു മരിച്ചത്.

ഇന്നലെ ജയകൃഷ്ണന്‍ ദിനാചരണത്തിന്റെ പേരില്‍ ആര്‍.എസ്.എസും ജയകൃഷ്ണനെ കൊലപ്പെടുത്തിയവര്‍ക്ക് അഭിവാദനങ്ങളുമായി സി.പി.എമ്മും കൊമ്പുകോര്‍ത്തു. സി.പി.എം. നേതൃത്വത്തിനുപോലും നിയന്ത്രിക്കാനാവാത്ത വിധം ജയകൃഷ്ണന്റെ കൊലപാതകത്തെ ന്യായീകരിച്ചും കൊലയാളികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുമാണു ''െസെബര്‍ സഖാക്കള്‍'' സാമൂഹികമാധ്യമങ്ങളില്‍ അഴിഞ്ഞാടിയത്. ''കണ്ണൂരിലെ താലിബാന്‍ മോഡല്‍ അരുംകൊലകള്‍'' എന്ന വിശേഷണത്തോടെ, ജയകൃഷ്ണന്‍ അടക്കമുള്ള ബലിദാനികളുടെ ചിത്രങ്ങള്‍ ആര്‍.എസ്.എസ്. പ്രചാരണത്തിനുപയോഗിച്ചു.

''അറവുകാരനെ സംഘികള്‍ വിശുദ്ധിയുടെ പനിനീര് തളിച്ച് വാഴ്ത്തപ്പെട്ടവനാക്കുന്ന ദിനം, കണ്ണൂരിലെ ഏതൊരു കമ്യൂണിസ്റ്റുകാരനും മണ്ണില്‍ ശാന്തി പുലര്‍ന്ന ദിനം'' എന്നിങ്ങനെയാണു െസെബര്‍ സഖാക്കള്‍ ഫേസ്ബുക്കില്‍ ജയകൃഷ്ണന്‍ ദിനം ''ആഘോഷിച്ചത്''. തെറ്റുകുറ്റങ്ങളില്ലാത്ത, പാവപ്പെട്ടൊരു സ്‌കൂള്‍ അധ്യാപകനായിരുന്നില്ല ജയകൃഷ്ണനെന്ന് ഇടതുകേന്ദ്രങ്ങള്‍ ആരോപിക്കുന്നു. കുട്ടികളുടെ മുന്നിലിട്ട് അധ്യാപകനെ വെട്ടിക്കൊന്ന പ്രാകൃതത്വം ചൂണ്ടിക്കാട്ടിയാണ് ആര്‍.എസ്.എസ്. പ്രചാരണം.

കണ്ണൂരില്‍ ഡിസംബറോടെ പതിവായി ഉരുത്തിരിയുന്ന സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാന്‍ പോലീസ് വിപുലപദ്ധതികള്‍ ഒരുക്കുന്നതിനിടെയാണ് ഇരുകൂട്ടരും നേര്‍ക്കുനേര്‍ വെല്ലുവിളിക്കുന്നത്. രാഷ്ട്രീയകൊലപാതകങ്ങളുടെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സി.പി.എം. നേതൃത്വം പാടുപെടുമ്പോള്‍, കണ്ണൂരിലെ അണികളും െസെബര്‍ സഖാക്കളും ജയകൃഷ്ണന്‍ വധത്തിന്റെ പേരില്‍ ആവേശത്തിലാണ്.

എതിരാളികളെ കൊലപ്പെടുത്തിയവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് സി.പി.എം, ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ നിരവധി പോസ്റ്റുകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നതു പോലീസ് ഗൗരവമായെടുത്തിട്ടുണ്ട്. അതേസമയം, കണ്ണൂരില്‍ മുഖ്യമന്ത്രി ഇടപെട്ടു നടത്തിയ സമാധാനയോഗത്തിന്റെ തീരുമാനങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍തന്നെ ലംഘിക്കുന്നതു സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി.