Latest News

മാധ്യമപ്രവര്‍ത്തകനും സുഹൃത്തിനുമെതിരെ പോലീസിന്റെ സദാചാര ഗുണ്ടായിസം; കൊച്ചിയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി

2017-12-03 04:29:02am |

കൊച്ചി: മാധ്യമപ്രവര്‍ത്തകനും സുഹൃത്തിനും നേരെ കൊച്ചിയില്‍ പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തി. കൊച്ചി നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഹൈക്കോടതി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് നോര്‍ത്ത് പോലീസ് സ്‌റ്റേഷന് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം ആദിവാസി നേതാവ് എം. ഗീതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

ദളിത് ആക്ടിവിസ്റ്റ് സണ്ണി എം. കപിക്കാട്, സി.എസ് മുരളി, മാത്യു സാമുവല്‍, അഡ്വ. തുഷാര്‍ നിര്‍മ്മല്‍ സാരഥി, പുരുഷന്‍ ഏലൂര്‍, ശീതള്‍ ശ്യാം തുടങ്ങിയവര്‍ സംസാരിച്ചു. കഴിഞ്ഞ ദിവസം രാത്രിയില്‍ മാധ്യമപ്രവര്‍ത്തകനായ പ്രതീഷ്, സുഹൃത്ത് അമൃത ഉമേഷ് എന്നിരാണ് പോലീസിന്റെ സദാചാര ഗുണ്ടായിസത്തിനിരയായത്. രാത്രി രണ്ട് മണിക്ക് റെയിവേ സ്‌റ്റേഷനിലേക്ക് പോകുകയായിരുന്ന അമൃതയെ പോലീസ് തടയുകയും ജാതീയമായി അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തു.

പ്രതീഷിന്റെ വീട്ടില്‍ നിന്നുമാണ് അമൃത റെയില്‍വേ സ്‌റ്റേഷനിലേക്ക് പോയത്. ഇക്കാര്യം പറഞ്ഞപ്പോള്‍ പ്രതീഷിനേയും പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞപ്പോള്‍ ഫോണ്‍ പിടിച്ചുവാങ്ങി കേടുവരുത്തി. ഒരു രാത്രി മുഴുവന്‍ അടിവസ്ത്രം ധരിപ്പിച്ച് സെല്ലില്‍ പാര്‍പ്പിച്ച പ്രതീഷിനെ രാവിലെ പതിനൊന്ന് മണിയോടെയാണ് വിട്ടയച്ചത്. ഫോണിലെ കോണ്‍ടാക്റ്റ് നമ്പരുകള്‍ അടക്കം എല്ലാ വിവരങ്ങളും ഡിലീറ്റ് ചെയ്ത ശേഷമാണ് വിട്ടയച്ചത്. പോലീസ് മര്‍ദ്ദനത്തില്‍ പരുക്കേറ്റ പ്രതീഷിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇരുവരും മുഖ്യമന്ത്രിക്ക് പരാതി നല്‍കി.