Latest News

160 കി.മീ. ഉള്‍ക്കടലില്‍ ബോട്ട് മുങ്ങിത്താണു ; തുടര്‍ച്ചയായി നാലുമണിക്കൂറോളം ശക്തമായ കാറ്റ് വീശി ; ഭക്ഷണവും വെള്ളവും തീര്‍ന്നു; മരണത്തിന് കീഴടങ്ങാതെ ബോര്‍ജ്

2017-12-04 02:39:16am |

ചേര്‍ത്തല: മരണമുഖത്തുനിന്നു ജീവിതത്തിലേക്കു മടങ്ങിയെത്തിയത് ഇനിയും വിശ്വസിക്കാനായിട്ടില്ല കന്യാകുമാരി സ്വദേശി ബോര്‍ജിന്. 160 കിലോമീറ്റര്‍ ഉള്‍ക്കടലില്‍ ഓഖി ചുഴലിക്കാറ്റില്‍ പെട്ടു മുങ്ങിത്താണ ബോട്ടില്‍ എല്ലാം നശിച്ചിട്ടും എട്ടു മണിക്കൂറോളം കാറ്റിനോടും കടലിനോടും മല്ലിട്ട് ബോര്‍ജ്ജിനെയും സഹപ്രവര്‍ത്തകരെയും ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയത് മരണത്തിന് കീഴടങ്ങില്ലെന്ന നിശ്ചയദാര്‍ഡ്യം.

പിതാവ് സുെസെയ്ക്കും മാതൃസഹോദരന്‍ ജോസഫിനുമൊപ്പം കഴിഞ്ഞ 28 നു തേങ്ങാപ്പട്ടണത്തുനിന്നു പുറപ്പെട്ട െബെബിള്‍ മത്സ്യബന്ധനബോട്ട് 160 കിലോമീറ്റര്‍ അകലെ നടുക്കടലിലെത്തിയപ്പോഴാണ് ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടത്. ബോട്ടിലേക്ക് ഇരച്ചുകയറിയ വെള്ളം എട്ടുമണിക്കൂര്‍ തുടര്‍ച്ചയായി കോരി ശരീരം തളര്‍ന്നപ്പോഴും മരണത്തിനു കീഴടങ്ങില്ലെന്ന വാശിയായിരുന്നു തങ്ങളെന്നു ബോര്‍ജ് പറഞ്ഞു.

ശക്തമായ തിരയടിച്ച് ഉറ്റവരുടെ ബോട്ട് പത്തുപേരുമായി കടലില്‍ മുങ്ങിത്താണതോടെ രക്ഷപ്പെടാന്‍ കഴിയുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടു. തുടര്‍ച്ചയായി നാലുമണിക്കൂറോളം ശക്തമായ കാറ്റ് വീശിയതോടെ ബോട്ട് ആടിയുലയുകയും ഭക്ഷണവും മറ്റു സാധനങ്ങളും നഷ്ടപ്പെടുകയും വെള്ളം ശേഖരിച്ചിരുന്ന ടാങ്ക് പൊട്ടുകയും ചെയ്തു. ബോട്ടിലേക്കു വെള്ളം അടിച്ചുകയറിയതോടെ മുങ്ങുന്ന അവസ്ഥയായി. എല്ലാവരും ചേര്‍ന്ന് വെള്ളം കോരിക്കളഞ്ഞു കൊണ്ടിരുന്നു. ഇതിനിടെ, വയലര്‍ലെസ് മുഖേന മറ്റ് ബോട്ടുകാരുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു. തേങ്ങാപ്പട്ടണത്തുനിന്ന് ഇവര്‍ക്കൊപ്പം പുറപ്പെട്ട മറ്റൊരു ബോട്ടായ ഇമ്മാനുവേലില്‍ ബോര്‍ജിന്റെ ഭാര്യാ സഹോദരനുള്‍പ്പെടെയുള്ള ബന്ധുക്കളുണ്ടായിരുന്നു.

ചുഴലിക്കാറ്റില്‍പ്പെട്ടതോടെ എങ്ങനെയും രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു എല്ലാവരും. ഇതിനിടെ ബോട്ട് മുങ്ങിത്താഴുകയും വയര്‍ലെസ് ബന്ധം വിചേ്ഛദിക്കപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് തീരസംരക്ഷണ സേനയെത്തി തങ്ങളെ രക്ഷപ്പെടുത്തിയതെന്നു താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബോര്‍ജ് പറഞ്ഞു. ആറാട്ടുപുഴയില്‍ ശക്തമായ കടലാക്രമണത്തെത്തുടര്‍ന്നു വീടിനു ചുറ്റും വെള്ളം നിറഞ്ഞതോടെ മരണപ്പെട്ടയാളുടെ ചിതയൊരുക്കാന്‍ അഗ്നിരക്ഷാസേനയെത്തേണ്ടി വന്നു.

കഴിഞ്ഞ ദിവസം നിര്യാതനായ ആറാട്ടുപുഴ പുത്തന്‍വീട്ടില്‍ വാമദേവ(85)നു ചിതയൊരുക്കാനാണ് അഗ്നിരക്ഷാസേനയെത്തിയത്. ആറാട്ടുപുഴ പ്രദേശത്തു കഴിഞ്ഞ രാത്രിയിലുണ്ടായ ശക്തമായ കടലാക്രമണത്തെത്തുടര്‍ന്നു വീടിനു ചുറ്റും വെള്ളം നിറഞ്ഞതിനെത്തുടര്‍ന്നു ചിതയൊരുക്കാനാവാതെ ബന്ധുക്കള്‍ വിഷമിച്ചതോടെയാണ് കായംകുളത്തുനിന്ന് അഗ്നിരക്ഷാസേനയെത്തി മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തു വറ്റിച്ചശേഷം സംസ്‌കാരച്ചടങ്ങിനു സ്ഥലമൊരുക്കിയത്.