Latest News

വസ്ത്രത്തിന് മുകളില്‍ പൂണൂലിടുന്ന ബ്രാഹ്മണനെ കാണുന്നത് ആദ്യം; രാഹുല്‍ ഗാന്ധിയുടെ മതം വീണ്ടും ചര്‍ച്ചയാക്കി ബി.ജെ.പി

2017-12-04 02:41:14am |

വഡോദര: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മതവിശ്വാസത്തെ വീണ്ടും ചോദ്യം ചെയ്ത് ബി.ജെ.പി. വസ്ത്രത്തിന് മുകളില്‍ പൂണൂല്‍ ധരിക്കുന്ന രാഹുല്‍ ഗാന്ധി എന്ന ബ്രാഹ്മണന്‍ ശ്രീരാമനില്‍ വിശ്വസിക്കുന്നുണ്ടോയെന്ന് ബി.ജെ.പി എം.പി മീനാക്ഷി ലേഖി ചോദിച്ചു. വസ്ത്രത്തിന് മുകളില്‍ പൂണൂല്‍ ധരിക്കുന്ന ബ്രാഹ്മണനെ ആദ്യമായാണ് താന്‍ കാണുന്നതെന്നും മീനാക്ഷി ലേഖി പരിഹസിച്ചു. ഗുജറാത്തില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് മീനാക്ഷി ലേഖി ഇക്കാര്യം പറഞ്ഞത്.

നേരത്തെ രാഹുല്‍ ഗാന്ധി പൂണൂല്‍ ധരിച്ച ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പുറത്ത് വന്നിരുന്നു. കോണ്‍ഗ്രസ് ഗുജറാത്ത് ഘടകമാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. പ്രിയങ്ക ഗാന്ധിയുടെ വിവാഹത്തിനും രാജീവ് ഗാന്ധിയുടെ മരണാനന്തര ചടങ്ങിലും രാഹുല്‍ പൂണൂല്‍ ധരിച്ച് പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നത്. രാഹുല്‍ ഗാന്ധി ഹിന്ദുവാണോ എന്ന ചര്‍ച്ച ബി.ജെ.പി നേതൃത്വം ഉയര്‍ത്തിക്കൊണ്ട് വന്നപ്പോഴാണ് കോണ്‍ഗ്രസ് നേതൃത്വം ഈ ചിത്രങ്ങള്‍ പുറത്ത് വിട്ടത്.

പൂണൂല്‍ ധാരിയായ ബ്രാഹ്മണന്‍ ശിവ ഭക്തനാണെന്നാണ് പറയപ്പെടുന്നത്. രാമന്‍ ശിവ ഭക്തനാണെന്നും രാമസേതുവിന്റെ നിര്‍മ്മാണത്തിന് മുന്‍പ് ശിവനെ പ്രാര്‍ത്ഥിച്ചതിലൂടെ രാമന്‍ ഉണ്ടായിരുന്നില്ല എന്നുമാണ് യു.പി.എ വ്യക്തമാക്കിയിരുന്നത്. ഈ വിഷയത്തില്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കുകയാണെങ്കില്‍ അത് തങ്ങള്‍ക്ക് പുതിയ അറിവായിരിക്കുമെന്നും മീനാക്ഷി ലേഖി പരിഹസിച്ചു.

2007ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് രാമസേതു ഷിപ്പിംഗ് കനാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇത് ഹിന്ദു പുരാണത്തിലെ ഒരു ഭാഗം മാത്രമാണെന്നും രാമന്‍ ഉണ്ടായിരുന്നു എന്നതിന് തെളിവില്ലെന്നും പറഞ്ഞ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അത് തള്ളിയിരുന്നു. പിന്നീട് യു.പി.എ സര്‍ക്കാര്‍ രാമനെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗം പിന്‍വലിക്കുകയും സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുകയുമായിരുന്നു.