Latest News

അനക്ക് മരിക്കണ്ടെ പെണ്ണേ? ഫ്‌ളാഷ് മോബ് കളിച്ച പെണ്‍കുട്ടികള്‍ക്കെതിരെ ഹാദിയയുടെ മനുഷ്യാവകാശം പറഞ്ഞ സൈബര്‍ ആങ്ങളമാര്‍

2017-12-04 03:01:45am |

ഇസ്ലാം മതവിശ്വാസികളായ നടിമാരോ മറ്റ് പെണ്‍കുട്ടികളോ സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്താല്‍ അവരെ മര്യാദ പഠിപ്പിക്കാന്‍ നിരവധി സൈബര്‍ ആങ്ങളമാര്‍ രംഗത്ത് വരാറുണ്ട്. ലോക എയ്ഡ്‌സ് ദിനത്തോട് അനുബന്ധിച്ച് ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ഫ്‌ളാഷ് മോബ് കളിച്ച പെണ്‍കുട്ടികള്‍ക്കെതിരെയാണ് ഇവരുടെ ഏറ്റവും പുതിയ ആക്രമണം. വൈറലായ ജിമ്മിക്കി കമ്മല്‍ എന്ന പാട്ടിനാണ് പെണ്‍കുട്ടികള്‍ നൃത്തം ചെയ്തത്.

വീഡിയോ വൈറലായതോടെ പെണ്‍കുട്ടികള്‍ക്കെതിരെ വിമര്‍ശനവുമായി തീവ്രനിലപാടുകാര്‍ രംഗത്ത് വന്നു. വീട്ടില്‍ കെട്ടിയിടാന്‍ സ്ഥമില്ലാത്ത് കൊണ്ട് അഴിച്ചു വിട്ടിരിക്കുകയാണെന്നും പെണ്‍കുട്ടികള്‍ ഇങ്ങനെ ഫ്‌ളാഷ് മോബ് കളിക്കുന്നത് അതുകൊണ്ടാണെന്നും വരെ പറഞ്ഞുവയ്ക്കുന്നു സൈബര്‍ ആങ്ങളമാര്‍. ഓഖി ചുഴലിക്കാറ്റ് വന്നത് ഇവര്‍ കാരണമാണെന്നും സുനാമി ഉണ്ടാകാത്തത് ഭാഗ്യമെന്നും കടത്തി പറഞ്ഞവരുമുണ്ട് ഇക്കൂട്ടത്തില്‍.

ഇത് ലോകാവസാനത്തിന്റെ സൂചനയാണെന്നും അനക്ക് മരിക്കണ്ടെ പെണ്ണേ എന്ന പതിവ് കമന്റുകളും വരുന്നുണ്ട്. സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ഫ്‌ളാഷ് മോബിന്റെ വീഡിയോ ആദ്യം പോസ്റ്റ് ചെയ്ത പെണ്‍കുട്ടി ഇത് ഡിലീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ വീഡിയോയുടെ മറ്റ് പകര്‍പ്പുകള്‍ വൈറലായി പ്രചരിക്കുകയാണ്. തട്ടമിട്ട് റോഡില്‍ ഡാന്‍സ് ചെയ്തത് മതത്തിന് പേരുദോഷമുണ്ടാക്കുന്നുവെന്നാണ് വിമര്‍ശകരുടെ വാദം. എന്തായാലും ഹാദിയയുടെ കാര്യത്തില്‍ പ്രകടിപ്പിച്ച മനുഷ്യാവകാശ ബോധമൊന്നും വിമര്‍ശകര്‍ക്ക് ഇപ്പോഴില്ല.