Latest News

വില കണക്കാക്കുമ്പോള്‍ നാലായിരം കോടിയുടെ വസ്തുവകകള്‍; ജയലളിതയുടെ ശതകോടി രൂപയുടെ സ്വത്തിന്റെ അവകാശി ആരാകും?

2017-12-05 03:25:18am |

ചെന്നൈ: മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ. നേതാവുമായിരുന്ന ജെ. ജയലളിതയുടെ ശതകോടിക്കണക്കിനു രൂപയുടെ സ്വത്തിന്റെ അവകാശി ആരാകും? ജയലളിത മരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇതുസംബന്ധിച്ച ചര്‍ച്ച നിയമജ്ഞര്‍ക്കിടയില്‍ സജീവമാണ്. 1991-ല്‍ മുഖ്യമന്ത്രിയായശേഷം നേടിയ സ്വത്ത് അനധികൃതമാണെന്നു കണ്ടെത്തി 1996-ല്‍ കോടതി മരവിപ്പിച്ചിരുന്നു.

ഇതിന്റെ മൂല്യം ആയിരം കോടി രൂപയ്ക്കു മുകളില്‍ വരുമെന്നാണു വിലയിരുത്തുന്നത്. എന്നാല്‍, നിലവിലെ വില കണക്കാക്കുമ്പോള്‍ നാലായിരം കോടിയുടെ വകയുണ്ടെന്ന് സ്വത്തിന്റെ സംരക്ഷണത്തിന് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ച അഡ്വ. കെ.പുകലേന്തി പറയുന്നു.

കര്‍ണാടകയിലെ കോടതി ലോക്കറില്‍ 28 കിലോ സ്വര്‍ണാഭരണങ്ങളും മറ്റ് അമൂല്യ ആഭരണങ്ങളും സൂക്ഷിച്ചിട്ടുണ്ട്. ഇതിനു പുറമെ തമിഴ്‌നാട്ടിലും െഹെദരബാദിലും സ്വത്തുക്കളുമുണ്ട്. പോയിസ് ഗാര്‍ഡന്‍ ഏറ്റെടുത്ത് സ്മാരകമാക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനും താല്‍പ്പര്യമുണ്ട്. സ്വത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതു ഹ്രസ്വമായ പ്രക്രിയയാണെന്നു മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. ജയകുമാര്‍ പറഞ്ഞു. വില്‍പ്പത്രം എഴുതി വയ്ക്കാത്തതിനാല്‍ അനന്തിരവള്‍ ദീപയും സഹോദരന്‍ ദീപക്കും സ്വത്തില്‍ അവകാശവാദമുന്നയിച്ചിട്ടുണ്ട്.

അവകാശം തെളിയിച്ചുകഴിഞ്ഞാല്‍ അവര്‍ക്കും സ്വത്തു കിട്ടാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ കോടതിയാണു തീരുമാനമെടുക്കേണ്ടതെന്നും ഇതിന് ഏറെ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയാല്‍ കോടതി അഡിമിനിസ്‌ട്രേറ്ററെ നിയമിക്കാമെന്നും ഹിന്ദു പിന്തുര്‍ടച്ചാവകാശ നിയമമനുസരിച്ച് പിന്തുടര്‍ച്ചക്കാര്‍ക്കു കിട്ടാമെന്നും മുന്‍ അഡ്വക്കേറ്റ് ജനറല്‍ എന്‍. ആര്‍. ചന്ദ്രന്‍ പറഞ്ഞു.

ജയലളിതയെ സുപ്രീംകോടതി കുറ്റവിമുക്തയാക്കാത്തതിനാല്‍ വിജിലന്‍സും കോടതിയും മരവിപ്പിച്ച സ്വത്ത് ആര്‍ക്കു വിട്ടുകൊടുക്കാനാകില്ലെന്ന് കേസില്‍ പ്രോസിക്യൂഷനെ സഹായിച്ച ഡി.എം.കെയുടെ അഭിഭാഷകന്‍ എ.ശരവണന്‍ പറഞ്ഞു. ഇതു സംസ്ഥാനത്തിന്റെ സ്വത്തായതിനാല്‍ ലേലം ചെയ്തു വില്‍ക്കുകയോ പൊതു ആവശ്യത്തിനു നല്‍കുകയോ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.