Latest News

എവിടെ എന്ന് അറിയില്ല, തന്റെ കൂടെ അല്ല വന്നത്, ഭാര്യയ്ക്കു തമിഴ്നാട് സ്വദേശിയുമായി അടുപ്പമുണ്ട്: കുഴിമറ്റത്തു നിന്നു കാണാതായ ദമ്പതികളില്‍ ഭര്‍ത്താവു തിരികെ എത്തി, ഭാര്യ എവിടെ എന്ന് അറിയില്ലന്നു ഭര്‍ത്താവ്

2017-12-06 02:38:33am |

കോട്ടയം: കുഴിമറ്റത്തുനിന്നു കാണാതായ ദമ്പതികളില്‍ ഭര്‍ത്താവ് രണ്ടാഴ്ചയ്ക്കു ശേഷം തിരിച്ചെത്തി, ഭാര്യയെക്കുറിച്ച് വിവരമൊന്നുമില്ലെന്നു ഭര്‍ത്താവ്. പനച്ചിക്കാട് കുഴിമറ്റം സദനം കവലയ്ക്കു സമീപം പത്തില്‍പറമ്പ് ബിന്‍സി (നിഷ, 37) ഭര്‍ത്താവ് മോനിച്ചന്‍(42) എന്നിവരെ കഴിഞ്ഞ 17നാണു കാണാതായത്. അന്നു രാത്രി ബിന്‍സിയുടെ വീട്ടിലുണ്ടായ വഴക്കിനെത്തുടര്‍ന്നാണ് ഇരുവരെയും കാണാതായതെന്നാണ് ബിന്‍സിയുടെ മാതാവ് കുഞ്ഞുമോള്‍ ചിങ്ങവനം പോലീസിന് നല്കിയ പരാതി. പോലീസ് അന്വേഷണം നടക്കുന്നതിനിടെ മോനിച്ചന്‍ കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനില്‍ ഹാജരായി. താന്‍ തനിച്ചാണു പോയതെന്നും ഭാര്യയെ കാണാനില്ലെന്നുമാണ് ഇയാള്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്.

ഇതേത്തുടര്‍ന്ന് ബിന്‍സിക്കു വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കി. ബിന്‍സിയും ഭര്‍ത്താവ് മോനിച്ചനും ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്നു. ബിന്‍സിയ്ക്കു തമിഴ്നാട് സ്വദേശിയുമായി അടുപ്പമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് കുമരകത്തെ വീട്ടിലേക്ക് തിരികെ പോകുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ 17ന് മോനിച്ചന്‍ ബിന്‍സിയുടെ വീട്ടിലെത്തുകയും വീണ്ടും വഴക്കുണ്ടാകുകയും ചെയ്തു. തുടര്‍ന്നാണ് ഇരുവരും പുറത്തേക്ക് ഓടിപ്പോയത്. ബിന്‍സി എവിടെയാണെന്നുള്ള കാര്യത്തില്‍ ഇതുവരെ വ്യക്തമായ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നാണു പോലീസ് പറയുന്നത്. ബിന്‍സിയെയും ഭര്‍ത്താവിനെയും ഒരുമിച്ചാണ് കാണാതായതെന്നായിരുന്നു ആദ്യ വിവരം. ഇത് വലിയ വിവാദമായിരുന്നു. കോട്ടയത്തു നിന്നു രണ്ടു ദമ്പതികളെ കാണാതായതിനു പിന്നാലെ ഇവരെ കാണാതായതു വിവാദമായിരുന്നു.